കാണ്‍പൂര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി- കാണ്‍പൂര്‍ (ഐ.ഐ.ടി-കെ) വിദ്യാര്‍ത്ഥികള്‍ ദല്‍ഹിയിലെ ജാമിഅ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളെ പിന്തുണച്ചിട്ട ലേഖനം ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജായ വോക്‌സ് പോപ്പുലിയില്‍ നിന്ന് നീക്കംചെയ്തു.
ഇന്‍സ്റ്റിറ്റ്യൂട്ട് അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദേശപ്രകാരമാണ് ലേഖനം പിന്‍വലിച്ചത്. ലേഖനം ‘ആക്ഷേപകരമാണ്’ എന്നാണ് അധികൃതര്‍ പറയുന്നത്.
ഐ.ഐ.ടി-കെ യുടെ കാമ്പസ് ജേണലിസം ബോഡി ‘ഐ.ഐ.ടി കാണ്‍പൂരിലെ സമാധാനപരമായ ഒത്തുചേരലിനെ വര്‍ഗ്ഗീകരിക്കരുത്’ എന്ന ഒരു ലേഖനം എഴുതിയിരുന്നു – ഐ.ഐ.ടി-കെ വിദ്യാര്‍ത്ഥികള്‍ ഒരു വിഭാഗം ഡിസംബര്‍ 17 ന് പാകിസ്ഥാന്‍ കവി അഹമ്മദ് ഫായിസിന്റെ കവിത ചൊല്ലിക്കൊണ്ട് സംഘടിപ്പിച്ച മാര്‍ച്ചിനെ പിന്തുണച്ചുകൊണ്ടുള്ളതായിരുന്നു അത്.
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, പഫൈസ് അഹമ്മദ് ഫായിസിന്റെ കവിതയില്‍ നിന്ന് വരികള്‍ പാരായണം ചെയ്യുന്നതു കൊണ്ടുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.അതില്‍ ഇന്ത്യയ്ക്കെതിരെ വിദ്വേഷം പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഐ.ഐ.ടി-കാണ്‍പൂരിലെ ഒരു പ്രൊഫസര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു.
‘ഡിസംബര്‍ 17 മാര്‍ച്ചില്‍ ഉണ്ടായ പ്രശ്‌നത്തെക്കുറിച്ച് എഡിറ്റോറിയല്‍ ബോര്‍ഡിന്റെ അഭിപ്രായമായിരുന്നു ഓണ്‍ലൈന്‍ ഫേസ്ബുക്ക് പേജായ വോക്‌സ് പോപ്പുലി എഡിറ്റോറിയല്‍. ഒരു ടീം എന്ന നിലയില്‍, ഞങ്ങളുടെ എഡിറ്റോറിയലിലെ എല്ലാ വാക്കുകളിലും ഞങ്ങള്‍ ഉറച്ചു നില്‍ക്കുന്നു, പക്ഷേ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഞങ്ങള്‍ അത് എടുത്തുമാറ്റുന്നു. വോക്‌സ് പോപ്പുലിയുടെ ഓണ്‍ലൈന്‍ പതിപ്പ് ആരംഭിച്ചിതിന് ശേഷം ആദ്യമായാണ് ഞങ്ങള്‍ അഡ്മിനിസ്‌ട്രേഷന്റെ നിര്‍ദ്ദേശപ്രകാരം ഏതെങ്കിലും ലേഖനം പിന്‍വലിക്കുന്നത്.” വോക്‌സ് പോപ്പുലി ഫേസ്ബുക്ക് പേജില്‍ പറയുന്നു.
” പ്രതിഷേധിച്ചവരും പ്രതിഷേധത്തിനെതിരെ പരാതി രജിസ്റ്റര്‍ ചെയ്തതുമായ രണ്ട് കക്ഷികളോടും ഞങ്ങള്‍ വിഷയത്തില്‍ ഇടപെടുന്നതില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിഷേധവുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഉള്ളടക്കം പിന്‍വലിക്കാന്‍ ഞങ്ങള്‍ വോക്‌സ് പോപ്പുലി എഡിറ്റര്‍മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്. അവര്‍ അല്‍പ്പം അസ്വസ്ഥരായിരുന്നു, പക്ഷേ അനുസരിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു.’ ഐ.ഐ.ടി-കെ ഡെപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. മനീന്ദ്ര അഗര്‍വാള്‍ പറഞ്ഞു.
ഇക്കാര്യം അന്വേഷിക്കാന്‍ രൂപീകരിച്ച അന്വേഷണ സമിതിക്ക് ഇരുപക്ഷവും കേള്‍ക്കാന്‍ കുറഞ്ഞത് ഒരാഴ്ചയെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധക്കാര്‍ വര്‍ഗീയ മുദ്രാവാക്യം വിളിച്ചിരുന്നോ എന്ന് ചോദ്യത്തിന് പ്രശസ്ത ഉറുദു കവി ഫൈസ് എഴുതിയ ഒരു കവിത ചൊല്ലുക മാത്രമാണ് ചെയ്തതെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞെന്നും എന്നാല്‍ ആ കവിതയില്‍ ചില വരികള്‍ വര്‍ഗീയമാണെന്നും മനപൂര്‍വ്വം വായിച്ചതെന്നുമാണ് പ്രൊഫസര്‍ പറയുന്നത്. ഇതാണ് സംഘട്ടനത്തിലേക്ക് നയിക്കാന്‍ കാരണമായതെന്നും അഗര്‍വാള്‍ പ്രതികരിച്ചു.
‘തുംഹാരി ലാത്തി ഔര്‍ ഗോളി സെ തേസ് ഹമാരി ആവാസ് ഹായ്” (നിങ്ങളുടെ ശബ്ദത്തേക്കാളും ബുള്ളറ്റിനേക്കാളും ഞങ്ങളുടെ ശബ്ദം ഉച്ചത്തിലാണ്) , ”ഐ.ഐ.ടി-കാണ്‍പൂര്‍ ജാമിഅ ക്കെതിരായ പൊലീസ് ക്രൂരതയെ അപലപിക്കുന്നു” എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകള്‍ പിടിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നതാണ് വീഡിയോവില്‍ കാണുന്നത്.
പ്രതിഷേധക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഒരു ഫാക്കല്‍റ്റി പ്രതിഷേധത്തിന്റെ വീഡിയോ സമര്‍പ്പിക്കുകയും ഡയറക്ടര്‍ പ്രൊഫ. അഭയ് കരണ്ടിക്കറിന് രേഖാമൂലം പരാതി നല്‍കുകയും ചെയ്തു.
”സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഞങ്ങള്‍ ഒരു ഉന്നതതല സമിതിയെ നിയോഗിച്ചിട്ടുണ്ട്. കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കെതിരെ ഉചിതമായ അച്ചടക്കനടപടി സ്വീകരിക്കും. വിദ്യാര്‍ത്ഥികള്‍ ശാന്തത പാലിക്കാനും കുറ്റകരമായ ഭാഷ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ‘ ഐ.ഐ.ടി-കെ ഡയറക്ടര്‍ പറഞ്ഞു.