| Thursday, 12th October 2023, 7:52 pm

അയ്യേ ഓസീസേ, മോശമെന്ന് പറഞ്ഞാല്‍ വളരെ മോശം; മുറിവില്‍ ഉപ്പുപുരട്ടി ലഖ്‌നൗ

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി ലോകകപ്പില്‍ ഓസ്‌ട്രേലിയ തങ്ങളുടെ രണ്ടാം മത്സരത്തില്‍ ബാറ്റിങ് തുടരുകയാണ്. ലഖ്‌നൗവിലെ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയെ ആണ് ഓസീസ് നേരിടുന്നത്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ ഓസീസിന്റെ കണക്കുകൂട്ടലുകള്‍ മുഴുവന്‍ തെറ്റിച്ചാണ് ബാവുമയും സംഘവും ബാറ്റ് വീശിയത്.

ആദ്യ വിക്കറ്റില്‍ 108 റണ്‍സാണ് തെംബ ബാവുമയും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ക്വിന്റണ്‍ ഡി കോക്കും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. 35 റണ്‍സ് നേടിയ ബാവുമയെ പുറത്താക്കി മാക്‌സ്‌വെല്ലാണ് കൂട്ടുകെട്ട് പൊളിച്ചത്. ബാവുമ പുറത്തായെങ്കിലും പിന്നാലെയെത്തിയവരെ കൂട്ടുപിടിച്ച് ഡി കോക്ക് സ്‌കോര്‍ ഉയര്‍ത്തിക്കൊണ്ടേയിരുന്നു.

ഒരുവശത്ത് പ്രോട്ടീസ് മികച്ച രീതിയില്‍ ബാറ്റ് വീശുമ്പോള്‍ മറുവശത്ത് ഓസീസിന്റെ മോശം ഫീല്‍ഡിങ് ടീമിന് ഇരട്ട തലവേദന നല്‍കിക്കൊണ്ടിരിന്നു. ക്യാച്ചുകള്‍ കൈവിടുന്നതിലും മിസ്ഫീല്‍ഡിങ്ങിലും ഓസീസ് താരങ്ങള്‍ മത്സരിച്ചപ്പോള്‍ തലയ്ക്ക് കയ്യും കൊടുത്തിരിക്കാന്‍ മാത്രമേ കങ്കാരുപ്പടയ്ക്ക് സാധിച്ചിരുന്നുള്ളൂ.

ഓസീസിന്റെ ഈ ദുരവസ്ഥയെ ലഖ്‌നൗ ക്രൗഡ് ശരിക്കും ആഘോഷിക്കുകയായിരുന്നു. ടീം എത്ര ക്യാച്ച് മിസ്സാക്കിയെന്നും മിസ് ഫീല്‍ഡ് ചെയ്‌തെന്നും എത്ര റിവ്യൂ നഷ്ടപ്പെടുത്തിയെന്നുമെല്ലാം എഴുതിക്കാണിച്ചാണ് ഗ്യാലറിയിലെ ആരാധകര്‍ ശ്രദ്ധപിടിച്ചുപറ്റിയത്.

ഓസീസിനെ മാത്രമല്ല, മറുവശത്ത് സൗത്ത് ആഫ്രിക്കയുടെ പേരെഴുതി മിസ്ഫീല്‍ഡും ഡ്രോപ് ക്യാച്ചും കണക്കുകൂട്ടാനൊരുങ്ങുകയാണ് ആരാധകര്‍.

ഈ മിസ്ഫീല്‍ഡുകളും ഡ്രോപ് ക്യാച്ചുകളും ഓസീസ് ഇന്നിങ്‌സിനെ എത്രകണ്ട് ബാധിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ലോകകപ്പിലെ രണ്ടാം മത്സരത്തിലും ഡി കോക്ക് സെഞ്ച്വറി തികച്ചിരുന്നു. ഡി കോക്കിന്റെ സെഞ്ച്വറിയുടെയും ഏയ്ഡന്‍ മര്‍ക്രമിന്റെയും ബാറ്റിങ് കരുത്തില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 311 റണ്‍സാണ് പ്രോട്ടീസ് നേടിയത്.

ഓസ്ട്രേലിയക്കായി ഗ്ലെന്‍ മാക്‌സ്‌വെല്ലും മിച്ചല്‍ സ്റ്റാര്‍ക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ജോഷ് ഹെയ്സല്‍വുഡ്, ആദം സാംപ, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്ക് തുടക്കത്തിലേ പിഴച്ചിരുന്നു. സ്‌കോര്‍ ബോര്‍ഡില്‍ 30 റണ്‍സ് തികയും മുമ്പേ രണ്ട് ഓപ്പണര്‍മാരെയും നഷ്ടപ്പെട്ട ഓസീസിനെ വീണ്ടും പ്രതിരോധത്തിലാഴ്ത്തി സ്റ്റീവ് സ്മിത്തും ജോഷ് ഇംഗ്ലിസും പുറത്തായി.

നിലവില്‍ 16 ഓവര്‍ പിന്നിടുമ്പോള്‍ 65 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലാണ് ഓസീസ്. 16 പന്തില്‍ നിന്നും മൂന്ന് റണ്‍സുമായി ഗ്ലെന്‍ മാക്‌സ്‌വെല്ലും 19 പന്തില്‍ എട്ട് റണ്‍സുമായി മാര്‍നസ് ലബുഷാനുമാണ് ക്രീസില്‍.

Content highlight: Lucknow crowd trolls Australia for poor fielding

We use cookies to give you the best possible experience. Learn more