ന്യൂദല്‍ഹി: മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍ വ്യാഴാഴ്ച ജയില്‍ മോചിതനാകും. നടപടികള്‍ പൂര്‍ത്തിയായതോടെ കാപ്പനെ റിലീസ് ചെയ്യാനുള്ള ഓര്‍ഡര്‍ ലഖ്‌നൗ സെഷന്‍സ് കോടതി ജയിലിലേക്ക് അയച്ചു.
ഇ.ഡി കേസില്‍ അലഹബാദ് കോടതിയും, യു.എ.പി.എ കേസില്‍ സുപ്രീം കേടതിയും ജാമ്യം അനുവദിച്ചതോടെയാണ് കാപ്പന്‍ ജയില്‍ മോചിതനാകുന്നത്.
അറസ്റ്റിലായി രണ്ട് വര്‍ഷവും മൂന്ന് മാസവും പൂര്‍ത്തിയാകുമ്പോഴാണ് സിദ്ദിഖ് കാപ്പന്‍ ജയില്‍ മോചിതനാകുന്നത്. യു.പി പൊലീസിന്റെ കേസില്‍ വെരിഫിക്കേഷന്‍ നടപടികള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇ.ഡി കേസിലും വെരിഫിക്കേഷന്‍ പൂര്‍ത്തിയായതോടെയാണ് ജയില്‍ മോചനം സാധ്യമാകുന്നത്.
ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡിസംബര്‍ 23നാണ് അലഹബാദ് ഹൈക്കോടതിയുടെ ലഖ്നൗ ബെഞ്ച് കാപ്പന് ജാമ്യം അനുവദിച്ചത്. കള്ളപ്പണ നിരോധന നിയമപ്രകാരം ഇ.ഡി കാപ്പനെതിരെ എടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്.
2020 ഒക്ടോബര്‍ അഞ്ചിനാണ് യു.പിയിലെ ഹാത്രാസില്‍ നിന്നും പൊലീസ് കാപ്പനെ അറസ്റ്റ് ചെയ്തത്. ദളിത് പെണ്‍കുട്ടി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു കാപ്പനെ പൊലീസ് അറസ്റ്റ് ചെയ്തത്.
പിന്നീട്, കലാപമുണ്ടാക്കാന്‍ വേണ്ടിയാണ് കാപ്പന്‍ സ്ഥലത്തെത്തിയതെന്ന് ആരോപിച്ച യു.പി പൊലീസ് സിദ്ദീഖ് കാപ്പനെതിരെ യു.എ.പി.എയടക്കമുള്ള വകുപ്പുകള്‍ ചുമത്തുകയായിരുന്നു.
അന്ന് മുതല്‍ തന്നെ കാപ്പന്റെ ജാമ്യത്തിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നെങ്കിലും യു.പിയിലെ കോടതികള്‍ ജാമ്യം നിഷേധിക്കുകയായിരുന്നു.