| Wednesday, 1st January 2025, 12:14 pm

പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളടക്കം അഞ്ച് കുടുംബാംഗങ്ങളെ ഹോട്ടലിൽ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതി പിടിയിൽ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തർപ്രദേശിൽ പ്രായപൂർത്തിയാകാത്ത രണ്ട് കുട്ടികളെയടക്കം അഞ്ച് കുടുംബാംഗങ്ങളെ ഹോട്ടലിൽ മുറിയിൽ വെച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. ഉത്തർപ്രദേശ് തലസ്ഥാനത്തെ നാക്ക ഏരിയയിലെ ഹോട്ടൽ ശരൺജിത്തിലാണ് സംഭവം നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.

ആഗ്ര സ്വദേശിയായ അർഷാദ് സ്വന്തം കുടുംബത്തിലെ അഞ്ച് പേരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവം നടന്ന് അധികം വൈകാതെ തന്നെ ലോക്കൽ പൊലീസ് പ്രതിയെ പിടികൂടുകയും ചെയ്തു. അർഷാദിൻ്റെ സഹോദരിമാരായ ആലിയ (9), അൽഷിയ (19), അക്സ (16), റഹ്മീൻ (18) എന്നിവരാണ് മരിച്ചത്. അഞ്ചാമത്തേത് പ്രതിയുടെ അമ്മ അസ്മയാണെന്ന് പൊലീസ് പറഞ്ഞു.

ഗാർഹിക പ്രശ്‌നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് പൊലീസ് കൂട്ടിച്ചേർത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും തെളിവുകൾ ശേഖരിക്കാൻ ഫോറൻസിക് സംഘത്തെ ക്രൈം സ്ഥലത്ത് വിന്യസിച്ചിട്ടുണ്ടെന്നും സെൻട്രൽ ലഖ്‌നൗ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) രവീണ ത്യാഗി പറഞ്ഞു.

നിർണായക തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘത്തെ കുറ്റകൃത്യം നടന്ന സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്. കൂടാതെ, ഹോട്ടൽ ജീവനക്കാരോടും മറ്റ് സാക്ഷികളോടും സംസാരിച്ചതുൾപ്പെടെ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ‘ഞങ്ങൾ സമീപത്തെ ഹോട്ടൽ ജീവനക്കാരുമായി സമഗ്രമായ അന്വേഷണം നടത്തുന്നു, പുതിയ കണ്ടെത്തലുകൾ മാധ്യമങ്ങളുമായി ഉടനടി പങ്കിടും,’ ജോയിൻ്റ് പൊലീസ് കമ്മീഷണർ (ക്രൈം ആൻഡ് ഹെഡ്ക്വാർട്ടേഴ്‌സ്) ബബ്ലൂ കുമാർ പറഞ്ഞു.

മൃതദേഹങ്ങളിലെ പ്രാഥമിക നിരീക്ഷണങ്ങൾ അക്രമത്തിൻ്റെ സൂചനകൾ നൽകുന്നതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ഒരു ശരീരത്തിൻ്റെ കൈത്തണ്ടയിൽ പാടുകളും മറ്റൊന്നിൻ്റെ കഴുത്തിൽ മുറിവുകളുമുണ്ട്.

Content Highlight: Lucknow: 5 family members, including 2 minors, found murdered in hotel

We use cookies to give you the best possible experience. Learn more