കൊറിയന്‍ സീരീസായ സ്‌ക്വിഡ് ഗെയിം, 2009ലെ തന്റെ ലക്ക് എന്ന സിനിമ കോപ്പിയടിച്ചതാണെന്ന ആരോപണവുമായി സംവിധായകന്‍ സോഹം ഷാ. ഈ ആരോപരണത്തെ തുടര്‍ന്ന് അദ്ദേഹം നെറ്റ്ഫ്‌ലിക്സിനെതിരെ കേസ് ഫയല്‍ ചെയ്തു. എന്നാല്‍ അവകാശവാദങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് നെറ്റ്ഫ്‌ളിക്‌സ് പ്രതികരിച്ചു.
‘സ്‌ക്വിഡ് ഗെയിം എഴുതിയതും സൃഷ്ടിച്ചതും ഹ്വാങ് ഡോങ് ഹ്യൂക്ക് ആണ്, ഈ വിഷയം ശക്തമായി പ്രതിരോധിക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്,’ നെറ്റ്ഫ്‌ളിക്‌സ് വക്താവ് പ്രസ്താവനയില്‍ പറഞ്ഞു.
അമേരിക്കന്‍ ഔട്ട്ലെറ്റ് ടി.എം.സെഡ് പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച്, 2021ല്‍ പ്രീമിയര്‍ ചെയ്ത സ്‌ക്വിഡ് ഗെയിം ആണ് നെറ്റ്ഫ്‌ളിക്‌സ്സില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട സീരീസ്. ലോകത്താകമാനം സ്‌ക്വിഡ് ഗെയിമിന് ആരാധകരുണ്ട്. ഇമ്രാന്‍ ഖാന്‍, ശ്രുതി ഹാസന്‍, സഞ്ജയ് ദത്ത് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് 2009ല്‍ പുറത്തിറങ്ങിയ ലക്ക്.
ഹ്വാങ് ഡോങ് ഹ്യൂക്ക് സൃഷ്ടിയായ സ്‌ക്വിഡ് ഗെയിം സംവിധാനം ചെയ്തതും അദ്ദേഹം തന്നെയാണ്. അടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന 456 മത്സരാര്‍ത്ഥികള്‍ 45.6 ബില്യണ്‍ നേടാനായി കുട്ടികളുടെ ഗെയിം കളിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന ഡ്രാമകളുമാണ് പറയുന്നത്.
സോഹം ഷാ സംവിധാനവും സഹരചനയും നിര്‍വഹിച്ച ലക്ക് ഒരു അധോലോക രാജാവിനെ ചുറ്റിപ്പറ്റിയാണ് നടക്കുന്നത്. ലോകത്താകമാനം ‘ലക്ക്’ ഉള്ള ആളുകളുടെ ലക്ക് ഫാക്ടര്‍ പരീക്ഷിക്കാന്‍ വേണ്ടി അത്തരം ആളുകളുടെ മേല്‍ പണക്കാരായ ചൂതാട്ടക്കാര്‍ പന്തയം വെക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
2006ല്‍ ചിത്രത്തിന്റെ കഥയും 2009 ജൂലൈയില്‍ പുറത്തിറങ്ങിയ സിനിമയും താന്‍ എഴുതിയതാണെന്ന് രേഖകളിലൂടെ സോഹം ഷാ അവകാശപ്പെട്ടു.
2008ലാണ് നെറ്റ്ഫ്‌ലിക്‌സ് സീരീസിനായുള്ള ആശയം താന്‍ ആദ്യമായി കൊണ്ടുവന്നതെന്ന് നിരവധി അഭിമുഖങ്ങളില്‍ ഹ്വാങ് പറഞ്ഞു.
സ്‌ക്വിഡ് ഗെയിമിന്റെ സീസണ്‍ ടു പ്രീമിയറിന് മാസങ്ങള്‍ക്ക് മാത്രം ബാക്കിനില്‍ക്കവെയാണ് സോഹം ഷായുടെ ആരോപണങ്ങള്‍. ഡിസംബര്‍ 26ന് ആയിരിക്കും സ്‌ക്വിഡ് ഗെയിമിന്റെ അടുത്ത ഭാഗം നെറ്റ്ഫ്‌ലിക്‌സ് സ്ട്രീം ചെയ്യുന്നത്.
Content Highlight: Luck Film Director Says Squid Game Was Copied From His Film, Netflix Responds