ലൂസിഫര്‍ വില്ലന്മാര്‍ ഇലക്ടോറല്‍ ബോണ്ടിന് ശേഷം
D' Election 2019
ലൂസിഫര്‍ വില്ലന്മാര്‍ ഇലക്ടോറല്‍ ബോണ്ടിന് ശേഷം
ഫാറൂഖ്
Monday, 15th April 2019, 4:54 pm

രഞ്ജിപണിക്കരുടെ തിരക്കഥയ്ക്ക് എന്തൊക്കെ കുഴപ്പം പറഞ്ഞാലും അദ്ദേഹത്തിന് ആനുകാലിക വിഷയങ്ങളില്‍ അറിവില്ലെന്നോ പത്രം വായിക്കാറില്ലെന്നോ ആരും പരാതി പറയില്ല. മറ്റൊരു രഞ്ജി പണിക്കരാവാന്‍ ശ്രമിക്കുന്ന മുരളി ഗോപിയുടെ സ്ഥിതി അങ്ങനെയല്ല. ന്യൂജെന്‍ വില്ലത്തരങ്ങളെ കുറിച്ച്, പ്രത്യേകിച്ച് രാഷ്ട്രീയക്കാര്‍ കള്ളപ്പണം കൈകാര്യം ചെയ്യുന്നതിന്റെ നൂതന രൂപങ്ങളെകുറിച്ച് അദ്ദേഹത്തിന് വലിയ ധാരണയൊന്നുമില്ല.

അങ്ങനെയുണ്ടായിരുന്നെങ്കില്‍ ട്രക്കുകളിലും പവര്‍ബോട്ടുകളിലും പാര്‍ട്ടികള്‍ കള്ളപണം കൊണ്ടുവരുന്നതും പൃഥിരാജ് തലയില്‍ ഒരു കെട്ടും കെട്ടി വന്നു അതൊക്കെ ബോംബ് വച്ച് തകര്‍ക്കുന്നതും ലുസിഫെറില്‍ ഉണ്ടാകുമായിരുന്നില്ല. അതൊക്കെ പഴയ രീതികള്‍. ഇനിയൊരു തിരക്കഥ എഴുതുന്നതിന് മുമ്പ് അദ്ദേഹം ഇലക്ടോറല്‍ ബോണ്ടുകളെ കുറിച്ച് വായിക്കണം, പറ്റുമെങ്കില്‍ 2016 ലെ എഫ്.സീ.ആര്‍.എ ഭേദഗതിയെ കുറിച്ചും.

ഉദാഹരണമായി, അടുത്ത സിനിമയില്‍, അതായത് ലൂസിഫറിന്റെ രണ്ടാം ഭാഗത്തില്‍, മോഹന്‍ലാലിന്റെ ഇല്ലുമിനാറ്റിക്കെതിരെ പോരാടുന്ന വില്ലന്മാര്‍ക്ക് വിദേശത്തു നിന്ന് ആയിരം കോടി രൂപ കേരളത്തില്‍ എത്തിക്കണമെന്നിരിക്കട്ടെ, എന്താണ് ചെയ്യേണ്ടത് ? മുരളി ഗോപി ആദ്യം 2016 ല്‍ രാജ്യസഭയിലെ ചര്‍ച്ചയും വോട്ടിങ്ങും ഒഴിവാക്കാന്‍ വേണ്ടി ധനബില്ലിന്റെ കൂടെ ലോക്‌സഭ പാസാക്കിയ എഫ്.സീ.ആര്‍.എ ഭേദഗതിയെ പറ്റി പഠിക്കണം. അധികം ബുദ്ധിമുട്ടൊന്നുമില്ല, ലളിതമായി പറഞ്ഞാല്‍ 2016 നു മുമ്പ് വിദേശ കമ്പനികള്‍ക്ക് ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന കൊടുക്കാന്‍ പാടില്ലായിരുന്നു, ഇപ്പോള്‍ ചെയ്യാം. എന്ന് വച്ച് ലണ്ടനില്‍ നിന്ന് നേരെ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ അക്കൗട്ടിലേക്ക് പണം അയക്കാന്‍ പറ്റില്ല, ചെറിയ ചില പ്രശ്‌നങ്ങളുണ്ട്. അതെങ്ങനെ പരിഹരിക്കാം എന്നതിന് 2017 ലെ ബഡ്ജറ്റിന്റെ കൂടെ ലോക്‌സഭ പാസാക്കിയ ഇലക്ടോറല്‍ ബോണ്ടുകളെ കുറിച്ചും അല്പം പഠിക്കണം.

 

 

നമ്മുടെ വില്ലന്റെ ലണ്ടനിലെ അക്കൗണ്ടില്‍ 1000 കോടി ഉണ്ടെന്നു കരുതുക. വില്ലന്റെ ഇന്ത്യന്‍ പാര്‍ട്ണര്‍ വിവേക് ഒബ്റോയ് ആദ്യം ഇന്ത്യയില്‍ ഒരു ഓഫീസും ബാങ്ക് അക്കൗണ്ടും തുടങ്ങണം. പിന്നീട് വില്ലന്‍ നേരെ വിവേക് ഡോവലിന്റെ ലണ്ടന്‍ ഓഫീസിലേക്ക് വിളിക്കുന്നു. വിവേക് ഡോവലിന് എന്തൊക്കെ ബിസിനസ് ഉണ്ടെന്നും എവിടെയൊക്കെ ഓഫീസ് ഉണ്ടെന്നും ഇതിനു മുമ്പ് ഡൂള്‍ ന്യൂസ് പ്രസിദ്ധീകരിച്ച ഈ ലേഖനത്തിലുണ്ട് ( https://www.doolnews.com/h-farook-opinion-about-nsa-ajith-dovel-and-indian-blackmoney-789.html? ) , അഡ്രസ്സും ഫോണ്‍ നമ്പറും ഇന്റര്‍നെറ്റില്‍ ലഭിക്കും. വിവേക് ഡോവല്‍ ബ്രിട്ടീഷ് പൗരനാണ്, ഇന്ത്യയുടെ സുരക്ഷാ ഉപദേശകന്‍ അജിത് ഡോവലിന്റെ മകനുമാണ്. വില്ലന്റെ ലണ്ടന്‍ അക്കൗണ്ടില്‍ നിന്ന് കയ്മാന്‍ ഐലന്റിലേക്കും അവിടെ നിന്ന് ഇന്ത്യയിലേക്കും പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ അദ്ദേഹം സഹായിക്കും. അതാണദ്ദേഹത്തിന്റെ ജോലി. അതില്‍ പ്രത്യേകിച്ച് നിയമ വിരുദ്ധമായി ഒന്നുമില്ല എന്ന് മാത്രമല്ല, വിദേശ നിക്ഷേപം ഇന്ത്യക്കാര്‍ക്ക് സന്തോഷമുള്ള കാര്യവുമാണ്.

അങ്ങനെ പണം വില്ലന്മാരുടെ ഇന്ത്യയിലെ കമ്പനി അക്കൗണ്ടില്‍ എത്തി. ഇനിയത് വില്ലന്മാര്‍ക്ക് വേണ്ടപെട്ട രാഷ്ട്രീയ പാര്‍ട്ടിക്ക് കൊടുക്കണം. എങ്ങനെ കൊടുക്കും? 2017 ലെ ഇലക്ടോറല്‍ ബോണ്ട് വരുന്നതിനു മുമ്പേ 20,000 രൂപക്ക് മുകളില്‍ ആരെങ്കിലും സംഭാവന കൊടുക്കുന്നുണ്ടെങ്കില്‍ അത് ചെക്ക് മുഖേന കൊടുക്കണമായിരുന്നു. മാത്രമല്ല ചോദിക്കുന്നവര്‍ക്കൊക്കെ ആ വിവരം കൈമാറുകയും ചെയ്യണമായിരുന്നു. ഇപ്പൊ അതൊന്നും വേണ്ട.

 

വില്ലന്മാര്‍ നേരെ ബാങ്കില്‍ പോകുന്നു, ആയിരം ആയിരം കോടിയുടെ ഇലക്ടോറല്‍ ബോണ്ട് വാങ്ങുന്നു, നേരെ പാര്‍ട്ടി നേതാവിന് കൊടുക്കുന്നു, പാര്‍ട്ടി നേതാവ് അത് പാര്‍ട്ടി അക്കൗണ്ടില്‍ നിക്ഷേപിക്കുന്നു, ശുഭം. പുതിയ നിയമനുസരിച്ചു ഇലക്ടോറല്‍ ബോണ്ട് വാങ്ങുന്നത് ആരാണെന്നു ബാങ്ക് ആരോടും പറയാന്‍ പാടില്ല, രാഷ്ട്രീയ പാര്‍ട്ടികളും അത് രഹസ്യമാക്കി വയ്ക്കണം. പൗരന്മാരുടെ സ്വകാര്യതയുടെ കാര്യത്തില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടെങ്കിലും വില്ലന്മാരുടെ സ്വകാര്യത ലോക്‌സഭ ഉറപ്പു വരുത്തിയിട്ടുണ്ട്.

പുതിയതായി തുടങ്ങിയ ഒരു കമ്പനി 1000 കോടി സംഭാവന കൊടുത്താല്‍ ആരെങ്കിലും ബിനാമി എന്നൊക്കെ പറഞ്ഞു പ്രശ്‌നമുണ്ടാക്കിയാലോ എന്നായിരിക്കും വില്ലന്മാര്‍ ഇപ്പോള്‍ സംശയിക്കുന്നത്. അതൊക്കെ ലോക്‌സഭ കൃത്യമായി പരിഹരിച്ചിട്ടുണ്ട്. 2017 നു മുമ്പ് ഒരു കമ്പനിയുടെ അറ്റാദായത്തിന്റെ 7.5 ശതമാനത്തിന്റെ താഴെ മാത്രമേ സംഭാവന കൊടുക്കാന്‍ കൊടുക്കാന്‍ പാടുള്ളു എന്നായിരുന്നു നിയമം, അത് ലോക്‌സഭ എടുത്തു കളഞ്ഞു. ഇപ്പൊ വില്ലന്മാര്‍ക്ക് കമ്പനി അക്കൗണ്ടിലുള്ള മുഴുവന്‍ പണവും പാര്‍ട്ടിക്കാര്‍ക്ക് കൊടുക്കാം. അത് പോലെ, തുടങ്ങി മൂന്നു കൊല്ലം കഴിഞ്ഞ കമ്പനികള്‍ക്ക് മാത്രമേ സംഭാവന കൊടുക്കാന്‍ കഴിയുമായിരുന്നുള്ളു, ഇപ്പൊ അതും എടുത്തു കളഞ്ഞിട്ടുണ്ട്, കമ്പനി തുടങ്ങി പിറ്റേന്ന് രാവിലെ തന്നെ പണം മുഴുവന്‍ പാര്‍ട്ടിക്കാര്‍ക്ക് കൊടുക്കാം, അതിന്റെ പിറ്റേന്ന് കമ്പനി പൂട്ടി സ്ഥലം വിടുകയും ചെയ്യാം.

 

ആകപ്പാടെ എടുത്തു പറയാന്‍ വില്ലന്മാര്‍ക് ഒരു അസൗകര്യം മാത്രമേ ഉളളൂ. ഇലക്ടോറല്‍  ബോണ്ട് വാങ്ങി വേറെ പാര്‍ട്ടിക്കാര്‍ക്കൊന്നും കൊടുക്കരുത്, ബി.ജെ.പി കാര്‍ക്ക് മാത്രമേ കൊടുക്കാവൂ. കാരണം നിയമപ്രകാരം എസ്.ബി.ഐ യില്‍ നിന്ന് മാത്രമേ ഇലക്ടോറല്‍ ബോണ്ട് വാങ്ങാന്‍ പാടുള്ളൂ. എസ്.ബി.ഐ ഡയറക്ടര്‍മാര്‍ മുഴുവന്‍ കേന്ദ്ര സര്‍ക്കാരിന്റെ നോമിനികളാണ്, ഭരിക്കുന്നത് അമിത്ഷാ ആണ്. അത് കൊണ്ട് കോണ്‍ഗ്രെസ്സിനോ മറ്റു പാര്‍ട്ടികള്‍ക്കോ സംഭാവന കൊടുത്താല്‍ മിനുറ്റുകള്‍ക്കകം അമിത്ഷാ അറിയും, കഥ അതോടെ തീരും. അത് കൊണ്ടാണ് ഇത് വരെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കിട്ടിയ സംഭാവനകളില്‍ 97 ശതമാനം ബി.ജെ.പി ക്കായത്. ബാക്കിയുള്ള മൂന്നു ശതമാനം കൊടുത്തവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണോ എന്തോ?

ഇനിയിപ്പം വില്ലന്മാരുടെ പണം മുഴുവന്‍ ഇന്ത്യയില്‍ തന്നെയാണെന്നിരിക്കട്ടെ, അപ്പോഴും ഇതേ പോലെയൊക്കെത്തന്നെ ചെയ്യാം. ആദ്യം ഇന്ത്യയിലുള്ള പണം പാരീസിലോ ലണ്ടനിലോ ഒക്കെ എത്തിക്കണം. അതെങ്ങനെ വേണം എന്നത് പഠിക്കാന്‍ നീരവ് മോഡി, മേഹുല്‍ ചോക്സി, വിജയ് മല്ല്യ തുടങ്ങിയവരുടെ ജീവ ചരിത്രം വായിച്ചാല്‍ മതി. മലയാറ്റൂര്‍ രാമകൃഷ്ണന്റെ സര്‍വീസ് സ്റ്റോറിയും യന്ത്രം എന്ന നോവലും ഒക്കെ കഷ്ടപ്പെട്ട് വായിച്ചിട്ട് തന്നെയാണ് രഞ്ജി പണിക്കര്‍ ഐ.എ.എസ്സ് ജീവിതങ്ങള്‍ പ്രമേയമാക്കി തിരക്കഥകളെഴുതിയത്. ഡാവിഞ്ചി കോഡ് പോലെയുള്ള നോവലുകള്‍ മാത്രം വായിച്ചു ഇന്ത്യന്‍ പശ്ചാത്തലത്തിലുള്ള തിരക്കഥ എഴുതുന്നത് മുരളീ ഗോപിക്ക് ദീര്‍ഘ കാലത്തില്‍ ഗുണം ചെയ്യില്ല.

 

ഇനിയിപ്പം ഇന്ത്യയിലും പണമില്ല, ലണ്ടനിലും പണമില്ല, കടം കയറി പാപ്പരായ വില്ലന്‍ ആണെന്നിരിക്കട്ടെ. അപ്പോഴും ഇതൊക്കെ തന്നെ ചെയ്യാന്‍ പറ്റും, അനില്‍ അംബാനിയുടെ ജീവചരിത്രവും റാഫേല്‍ ഇടപാടും ഒക്കെ വായിച്ചു മനസിലാക്കാന്‍ ശ്രമിച്ചാല്‍ മതി. ദിവസവും പുതിയ പുതിയ വെളിപ്പെടുത്തലുകള്‍ വരുന്നുണ്ട്, ശ്രദ്ധിച്ചു വായിക്കണം. പുതിയ തലമുറയിലെ ഷാജി കൈലാസ്- രഞ്ജി പണിക്കര്‍ കൂട്ട് കെട്ടായി മാറാന്‍ മുരളീ ഗോപിക്കും പ്രിത്വിരാജിനും ഇതൊക്കെ തന്നെ മതിയാവും. ആശംസകള്‍.

കുറിപ്പ് 1 : FRCA ഭേദഗതിയില്‍ വിദേശ കമ്പനികള്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നത് നിയമവിധേയമാക്കിയിരിക്കുന്നത് മുന്‍കാല പ്രാബല്യത്തിലാണ്. അതെന്തിനാണ് മുന്‍കാല പ്രാബല്യം , ആരെങ്കിലും കഴിഞ്ഞ കൊല്ലം സംഭാവന കൊടുക്കാന്‍ പോകുന്നുണ്ടോ എന്നാണ് നിങ്ങളുടെ സംശയം എങ്കില്‍ നിങ്ങള്‍ ഒരു പക്ഷെ വേദാന്ത കേസിനെ പറ്റി കേട്ടിട്ടുണ്ടാവില്ല. അടുത്തിടെ തമിഴ്‌നാട്ടില്‍ സ്റ്റെര്‍ലൈറ്റ് കമ്പനിയുമായി ബന്ധപ്പെട്ട് നടന്ന വെടിവെപ്പില്‍ 13 പാവങ്ങളാണ് മരിച്ചത്. ആ കമ്പനിയുടെ ഉടമസ്ഥരാണ് വേദാന്ത എന്ന ബ്രിട്ടീഷ് കമ്പനി.

 

ഇന്ത്യക്കാരന്റേതാണെങ്കിലും ലണ്ടനിലാണ് ആസ്ഥാനം. വേദാന്ത 2014 ലെ തിരഞ്ഞെടുപ്പില്‍ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന കൊടുത്തിരുന്നു, അത് FRCA ലംഘനമാണെന്ന് പറഞ്ഞു സുപ്രീം കോടതിയില്‍ ഒരു കേസ് നടക്കുന്നുണ്ട്. ആ കേസില്‍ വേദാന്തയ്ക്കും പണം വാങ്ങിയ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും എതിരെ വിധിയുണ്ടാകും എന്ന ഘട്ടത്തിലാണ് മുന്‍കാല പ്രാബല്യത്തോടെ വിദേശ സംഭാവന നിയമ വിധേയമാക്കിയത്.

കുറിപ്പ് 2 : അഡ്വക്കേറ്റ് കെ കെ വേണുഗോപാല്‍ സാറിന് 88 വയസ്സായി. വക്കീലന്മാര്‍ക്കിടയിലും ജഡ്ജിമാര്‍ക്കിടയിലും ഏറ്റവും ബഹുമാനിക്കപ്പെടുന്ന ഭരണഘടനാ വിദഗ്ദ്ധന്‍, പദ്മഭൂഷണും അതിനും മുകളില്‍ പദ്മവിഭൂഷണും ലഭിച്ചിട്ടുണ്ട്. വയസ്സ് കാലത്തു കേന്ദ്ര സര്‍ക്കാരിന്റെ അറ്റോര്‍ണി ജനറല്‍ ആയ ശേഷമാണ് കഷ്ടകാലം തുടങ്ങിയത്. ഇലക്ടോറല്‍ ബോണ്ടിനെതിരെയുള്ള ഹര്‍ജി പരിഗണിക്കുമ്പോള്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് സര്‍ക്കാരിന് വേണ്ടി ഹാജരായ വേണുഗോപാല്‍ സാറിനോട് ഒരു ചോദ്യം

കെ കെ വേണുഗോപാല്‍

‘ഭരിക്കാന്‍ പോകുന്ന പാര്‍ട്ടിക്ക് ആരാണ് കാശ് കൊടുക്കുന്നത് എന്നറിയാന്‍ വോട്ടര്‍മാര്‍ക്ക് അവകാശമില്ലേ ?’.

വേണുഗോപാല്‍ സാര്‍ വളരെ ചിന്തിച്ച ശേഷം ‘എന്തിനു ?, അതിന്റെയൊന്നും ആവശ്യമില്ല. അതൊക്കെ എന്തിനാണ് വോട്ടര്‍മാര്‍ അറിയുന്നത്, ഏയ്, വേണ്ട വേണ്ട ?’ . ഉത്തരം കേട്ട രഞ്ജന്‍ ഗൊഗോയിയും കോടതിയിലുണ്ടായിരുന്ന മുഴുവന്‍ പേരും കണ്ണ് തള്ളി ഇരിപ്പാണ് ഇത് വരെ.

ഇതേ വേണുഗോപാല്‍ സാര്‍ ഇതിനു മുമ്പ് റാഫേല്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍, എന്‍ റാം ഔദ്യോഗിക രേഖകള്‍ മോഷ്ടിച്ചാണ് ദി ഹിന്ദുവില്‍ പ്രസിദ്ധീകരിച്ചതെന്നും അതുകൊണ്ടു അദ്ദേഹത്തെ രാജ്യ സുരക്ഷാ നിയമപ്രകാരം അറസ്റ്റു ചെയ്യണം എന്നും സുപ്രീം കോടതിയില്‍ പറഞ്ഞു നാണം കേട്ടിട്ട് രണ്ടു മൂന്നാഴ്ചയെ ആയിട്ടുള്ളൂ. ചാണകം ചാരിയാല്‍ ചാണകം മണക്കും എന്നത് എണ്‍പത്തെട്ടാം വയസ്സില്‍ അനുഭവിച്ചറിയണമെന്നാണ് ജ്യോതിഷ വിശ്വാസിയായ വേണുഗോപാല്‍ സാറിന്റെ ജാതകത്തിലുള്ളത്.

 

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ