കൊച്ചി: മലയാള സിനിമ ഇന്നോളം കാണാത്ത വരവേല്‍പ്പാണ് മോഹന്‍ലാല്‍ നായകനായ ഒടിയന് ആരാധകര്‍ ഒരുക്കിയിരിക്കുന്നത്. ഇതിനിടെ മറ്റൊരു സിനിമയും ചര്‍ച്ചയാവുന്നുണ്ട്. ലൂസിഫര്‍.
പൃഥിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാവുന്ന ഈ ചിത്രത്തിനായി ആരാധകര്‍ മാത്രമല്ല സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുകയാണ് ഇതിനിടെ മറ്റൊരു ഗോസിപ്പും സജീവമായിരുന്നു. ഒടിയന്റെ കൂടെ ലൂസിഫറിന്റെ ടീസര്‍ എത്തും എന്നായിരുന്നു അത്. എന്നാല്‍ തിയേറ്ററില്‍ ഒടിയന്‍ ഒടി വെക്കുന്നതിന് മുമ്പ് തന്നെ ടീസര്‍ പ്രേക്ഷകരുടെ അടുത്തെത്തും.
ഡിസംബര്‍ 13 നാണ് ടീസര്‍ പുറത്തിറക്കുന്നത്. അതും മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. ടീസര്‍ പുറത്തിറങ്ങുന്ന വിവരം മോഹന്‍ലാല്‍ തന്നെയാണ് പുറത്ത് വിട്ടത്. പതിമൂന്നാം തിയ്യതി രാവിലെ ഒമ്പത് മണിക്കാണ് ടീസര്‍ പുറത്തുവിടുന്നത്. മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രം ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മിക്കുന്നത്.
മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും കൈകാര്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാനപ്പെട്ട സ്ത്രീ കഥാപാത്ര വേഷങ്ങളില്‍ മഞ്ജു വാരിയര്‍, മംമ്ത മോഹന്‍ദാസ്, സാനിയ ഇയ്യപ്പന്‍ എന്നിവരാണ് എത്തുന്നത്. വമ്പന്‍ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് ലൂസിഫറില്‍ വില്ലന്‍. അദ്ദേഹത്തിന്റെ മലയാള അരങ്ങേറ്റം കൂടിയാണിത്. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് മോഹന്‍ലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത 2002 ല്‍ പുറത്തിറങ്ങിയ കമ്പനിയില്‍ വിവേക് അഭിനയിച്ചിരുന്നു. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.
സിനിമയുടെ ചിത്രീകരണം അവസാന ഘട്ട ഷൂട്ടിംഗ് റഷ്യയില്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. നേരത്തെ ലൂസിഫറിന്റെ റീലീസ് തിയ്യതി നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ പുറത്തുവിട്ടിരുന്നു. അടുത്ത മാര്‍ച്ച് 28 നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.
DoolNews Video