ചിരഞ്ജീവി നായകനായ ഗോഡ് ഫാദര്‍ ബോക്‌സ് ഓഫീസിലെ മോശം പ്രകടനത്തിന് ശേഷം അടുത്തിടെ ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരുന്നു. ഒ.ടി.ടി റിലീസിലും സ്ഥിതി വിപരീതമല്ല. നല്ലൊരു മലയാളം സിനിമയെ കൊണ്ട് കുളമാക്കി വെച്ചു എന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ പറഞ്ഞത്. ലൂസിഫര്‍ കണ്ടപ്പോള്‍ തനിക്ക് തൃപ്തി വന്നില്ലെന്നും അതിനാല്‍ റീമേക്ക് ചിത്രത്തിന്റെ അപ്‌ഗ്രേഡ് വേര്‍ഷനാണെന്നുമാണ് ചിരഞ്ജീവി പറഞ്ഞത്.
ചിത്രത്തിന്റെ കഥയ്ക്കും ചില കഥാപാത്രങ്ങള്‍ക്കും തെലുങ്കിലെത്തിയപ്പോള്‍ കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ അമ്മയെ കാണിക്കുകയോ പി. കെ. രാംദാസ് തന്നെയാണ് അദ്ദേഹത്തിന്റെ അച്ഛനെന്ന് പറയുകയോ ചെയ്യുന്നില്ല. ഫാസില്‍ അവതരിപ്പിച്ച പുരോഹിതന്റെ കഥാപാത്രത്തോട് അച്ഛനെ പറ്റി സ്റ്റീഫന്‍ ചോദിക്കുമ്പോള്‍ മൗനമാണ് ഉത്തരം
സ്റ്റീഫന്റെ അച്ഛന്‍ മറ്റാരെങ്കിലുമായിരിക്കാമെന്നും അതല്ല രാംദാസ് തന്നെയായിരിക്കുമെന്നുമൊക്കെ പ്രേക്ഷകര്‍ക്ക് വ്യാഖ്യാനിക്കാനുള്ള സാധ്യതകള്‍ ലൂസിഫറിലുണ്ട്. എന്നാല്‍ തെലുങ്കില്‍ ബ്രഹ്‌മ പി.കെ.ആറിന്റെ മകനാണെന്നുള്ളതും വിവാഹത്തിന് പുറമേ ബ്രഹ്‌മയുടെ അമ്മയുമായുള്ള ബന്ധവും വ്യക്തമായി തന്നെ കാണിക്കുന്നുണ്ട്.
മലയാളത്തില്‍ മഞ്ജു വാര്യര്‍ക്ക് ആദ്യഭര്‍ത്താവിലുണ്ടായ മകളാണ് സാനിയ ഇയ്യപ്പന്‍ അവതരിപ്പിച്ച കഥാപാത്രം. തെലുങ്കില്‍ നായികയായ നയന്‍താരയുടെ അനിയത്തിയാണ് ഈ കഥാപാത്രം. ലൂസിഫറില്‍ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പണത്തിനാണ് ബോബി മയക്കുമരുന്ന് കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. തെലുങ്കിലെ ബ്രഹ്‌മ എതിര്‍പാര്‍ട്ടിയിലെ എം.എല്‍.എമാരെ പണം കൊടുത്ത് വാങ്ങാനുള്ള പ്ലാനിങ് കൂടി നടത്തുന്നുണ്ട്. സംസ്ഥാനം മാറിയത് കൊണ്ടാവാം ഇങ്ങനെയൊരു മാറ്റം വന്നത്.
ഗോഡ്ഫാദറില്‍ തന്റെ ചില നീക്കങ്ങളിലൂടെ നയന്‍താരയെ പ്രകോപിപ്പിച്ച് പാര്‍ട്ടിയുടെ പ്രസിഡന്റ് ആകുന്നതിലേക്ക് വഴി വെക്കുന്നുണ്ട് ചിരഞ്ജീവിയുടെ കഥാപാത്രം. ടൊവിനോ അവതരിപ്പിച്ച ജതിന്‍ രാംദാസ് എന്ന കഥാപാത്രമേ ഗോഡ്ഫാദറിലില്ല. ഷാജോണിന്റെ കഥാപാത്രം ലൂസിഫറില്‍ കൊല്ലപ്പെടുകയാണെങ്കില്‍ തെലുങ്കില്‍ മഹാമനസ്‌കനായ ബ്രഹ്‌മ അയാളെ ഭാര്യക്കും കുഞ്ഞിനുമൊപ്പം ജീവിക്കാന്‍ അനുവദിക്കുന്നു.
ഗോഡ്ഫാദറിന്റെ ക്ലൈമാക്‌സില്‍ വില്ലന്മാര്‍ നയന്‍താരയെ കൊല്ലാന്‍ ശ്രമിക്കുകയും അനിയത്തിയെ തട്ടിക്കൊണ്ടുപോവുകയും ചെയ്യുന്നുണ്ട്. രണ്ടുപേരെയും ബ്രഹ്‌മയും സല്‍മാന്‍ ഖാന്റെ മസൂദ് ഭായിയും രക്ഷിക്കുന്നു. നയന്‍താരയെ മുഖ്യമന്ത്രിയാക്കുകയും കൂടി ചെയ്തിട്ടാണ് ബ്രഹ്‌മയുടെ ഗോഡ്ഫാദര്‍ അവസാനിക്കുന്നത്.
നിരവധി വ്യഖ്യാന സാധ്യതകയുള്ള, വളരെ സട്ടിലായ പ്രകടനങ്ങളുള്ള, മേക്കിങ്ങിലെ വ്യത്യസ്തത കൊണ്ടൊക്കെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് ലൂസിഫര്‍. അതേസമയം തനിതട്ടുപൊളിപ്പന്‍ തെലുങ്ക് പടമാണ് ഗോഡ്ഫാദറെന്നും അവിടുത്തെ പ്രേക്ഷകര്‍ക്ക് തന്നെ സിനിമ ഇഷ്ടപ്പെട്ടില്ല എന്നതിന്റെ തെളിവാണ് ഗോഡ്ഫാദറിന്റെ പരാജയമെന്നും പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു.
Content Highlight: lucifer’s story and some characters have undergone significant changes when it came to Telugu remake godfather