| Tuesday, 18th June 2019, 6:35 pm

'അതിലേറെ കാണാന്‍ കിടക്കുന്നു'; ആ പ്രഖ്യാപനമെത്തി; ലൂസിഫറിന് രണ്ടാംഭാഗം വരുന്നു, 'എമ്പുരാന്‍'- വീഡിയോ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ബോക്‌സോഫീസില്‍ റെക്കോഡുകള്‍ സൃഷ്ടിച്ച, മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫറിന് രണ്ടാംഭാഗം വരുന്നു. ‘എമ്പുരാന്‍’ എന്നാണ് രണ്ടാംഭാഗത്തിന്റെ പേര്.

കൊച്ചിയിലെ മോഹന്‍ലാലിന്റെ വീട്ടില്‍വെച്ചായിരുന്നു രണ്ടാംഭാഗത്തിന്റെ പ്രഖ്യാപനം. സംവിധായകന്‍ പൃഥ്വിരാജ്, തിരക്കഥാകൃത്ത് മുരളി ഗോപി, നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ തുടങ്ങിയവര്‍ പ്രഖ്യാപനത്തില്‍ പങ്കെടുത്തു.

ലൂസിഫറില്‍ കണ്ടതിന്റെ മാത്രമാകില്ല എമ്പുരാനില്‍ കാണുകയെന്ന് പൃഥ്വിരാജ് വ്യക്തമാക്കി. ആദ്യ ഭാഗത്തില്‍ ഒരു മഞ്ഞുകട്ടയുടെ മുകള്‍ ഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അതിലേറെ കാണാന്‍ കിടക്കുന്നുണ്ടെന്നും മുരളി ഗോപി പറഞ്ഞു.

മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ സിനിമയുടെ ഒരു പ്രൊമോ വീഡിയോ കൂടി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മുരളി ഗോപി തിരക്കഥയൊരുക്കി ആശീര്‍വാദ് സിനിമാസ് നിര്‍മിച്ച ലൂസിഫറിനു രണ്ടാംഭാഗം ഉണ്ടായേക്കുമെന്ന് നേരത്തേതന്നെ പ്രചാരണം നടക്കുന്നുണ്ടായിരുന്നു. ലൂസിഫറിന്റെ വിജയത്തില്‍ നന്ദി അറിയിച്ചുകൊണ്ട് ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുരളി ഗോപി, ഇനിയും ചിലത് വരാനുണ്ടെന്നും അറിയിച്ചിരുന്നു.

അതിനു പിന്നാലെ ഇക്കാര്യം ശരിവെച്ച് പൃഥ്വിരാജും പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. ഇതോടെയാണു ചര്‍ച്ചകള്‍ സജീവമായത്.

ലൂസിഫറിലെ എല്‍ ഹാഷ്ടാഗിനൊപ്പം ഫിനാലെയുടെ വരവുണ്ടെന്നും അതിന്റെ പ്രഖ്യാപനം ചൊവ്വാഴ്ചയാണെന്നും ലൂസിഫര്‍ ടീം നേരത്തേ അറിയിച്ചിരുന്നു.

റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ക്കുള്ളില്‍ 200 കോടി ക്ലബ്ബിലെത്തി, ഈ നേട്ടം കൈവരിച്ച ആദ്യ മലയാളസിനിമയായി ലൂസിഫര്‍ മാറിയിരുന്നു.

മോഹന്‍ലാല്‍, വിവേക് ഒബ്‌റോയ്, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായികുമാര്‍, ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, നൈല ഉഷ, ബൈജു സന്തോഷ്, ഫാസില്‍, സച്ചിന്‍ ഖേദേകര്‍, ശിവജി ഗുരുവായൂര്‍, ബാല, ശിവദ തുടങ്ങിയ വന്‍ താരനിരയെക്കൂടാതെ പൃഥ്വിരാജും സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more