| Sunday, 22nd July 2018, 10:40 am

ലൂസിഫറിലൂടെ ക്യാമറയ്ക്ക് മുന്നിലേക്ക് ഫാസില്‍; പൂര്‍വ്വകല്‍പ്പിതമായ അപൂര്‍വ്വ സംഗമമാണിതെന്ന് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തിരുവനന്തപുരം: നടന്‍ പൃഥിരാജ് സംവിധാനം ചെയ്യുന്ന് ലൂസിഫറിലൂടെ സംവിധായകന്‍ ഫാസില്‍ വീണ്ടും അഭിനയിക്കുന്നു. നടന്‍ മോഹന്‍ലാലാണ് ഫാസില്‍ അഭിനയിക്കുന്നതിനെ കുറിച്ച് വെളിപ്പെടുത്തിയത്.

ഇത് പൂര്‍വ്വകല്‍പ്പിതമായ അപൂര്‍വ്വസംഗമമാണെന്നും അതില്‍ വിസ്മയിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. നടന്‍ സുകുമാരന്റെ മകന്‍ പൃഥ്വിരാജ്, ഫാസില്‍, ഇന്ദ്രജിത്ത്, ഭരത് ഗോപിയുടെ മകന്‍ മുരളി ഗോപി എന്നിങ്ങനെ അപൂര്‍വ്വമായ ഒരു സംഗമമാണിതെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.


Also Read ‘കെ.വി ആനന്ദ് സാര്‍ എന്റെ അവസ്ഥ മനസ്സിലാക്കിയിട്ടുണ്ട്’; സൂര്യ – മോഹന്‍ലാല്‍ ചിത്രത്തില്‍ നിന്ന് അല്ലു സിരീഷ് പിന്‍മാറി

ലൂസിഫറിന്റെ ആദ്യ ഷെഡ്യൂള്‍ കുട്ടിക്കാനം, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലാണ് നടന്നു കൊണ്ടിരിക്കുന്നത്. അതിന് ശേഷം തിരുവനന്തപുരത്ത് ഏകദേശം ഒരു മാസം നീണ്ടു നില്‍ക്കുന്ന ചിത്രീകരണവും ഉണ്ടായിരിക്കും

മോഹന്‍ലാലിന്റെ സഹോദരനായി ടൊവിനോയും മറ്റൊരു പ്രധാനപ്പെട്ട വേഷം ഇന്ദ്രജിത്തും കൈകാര്യം ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. മഞ്ജു വാരിയര്‍, മംമ്ത മോഹന്‍ദാസ്, സാനിയ ഇയ്യപ്പന്‍ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് ലൂസിഫറില്‍ വില്ലന്‍. അദ്ദേഹത്തിന്റെ മലയാള അരങ്ങേറ്റം കൂടിയാണിത്. 16 വര്‍ഷങ്ങള്‍ക്കുശേഷമാണ് മോഹന്‍ലാലും വിവേകും ഒരു സിനിമയ്ക്കായി ഒന്നിക്കുന്നത്. രാംഗോപാല്‍ വര്‍മ്മ സംവിധാനം ചെയ്ത 2002 ല്‍ പുറത്തിറങ്ങിയ കമ്പനിയില്‍ വിവേക് അഭിനയിച്ചിരുന്നു. ബോളിവുഡിലെ വിവേകിന്റെ അരങ്ങേറ്റ ചിത്രമായിരുന്നു ഇത്.

ട്രാഫിക്കിലൂടെ മലയാള സിനിമയുടെ ഗതിമാറ്റിയ സംവിധായകന്‍ രാജേഷ് പിള്ളയുടെ സ്വപ്ന ചിത്രമായിരുന്നു ലൂസിഫര്‍. മോഹന്‍ലാലിനുള്ള ആദരമായിരിക്കും ചിത്രം എന്ന് പറഞ്ഞതോടെ ആരാധകരും ഏറെ പ്രതീക്ഷയോടെയാണ് ലൂസിഫര്‍ കാത്തിരുന്നത്.

എന്നാല്‍ രാജേഷ് പിള്ളയുടെ മരണത്തോടെ ചിത്രം പൃഥ്വിരാജ് ഏറ്റെടുക്കുകയായിരുന്നു. മോഹന്‍ലാലിന്റെ താരമൂല്യത്തെക്കുറിച്ച് ബോധ്യമുണ്ടന്നും എന്നാല്‍ അതിന്റെ പേരില്‍ ചിത്രത്തിന്റെ ഉള്ളടക്കത്തിലും നിലവാരത്തിലും യാതൊരു വിട്ടുവീഴ്ചയും ചെയ്യില്ലെന്ന് മുരളിഗോപി മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more