| Thursday, 16th May 2019, 1:28 pm

ചരിത്ര നേട്ടവുമായി ലൂസിഫര്‍; ഇരുന്നൂറ് കോടി സ്വന്തമാക്കിയെന്ന് അണിയറപ്രവര്‍ത്തകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: ഇരുന്നൂറ് കോടിയുടെ ചരിത്ര നേട്ടവുമായി ലൂസിഫര്‍. നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായ ചിത്രം ഇരുന്നൂറ് കോടി നേടിയെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ സ്ഥിരീകരിച്ചു.

നേരത്തെ ചിത്രം എട്ടുദിവസം കൊണ്ട് നൂറ് കോടി ബിസിനസ് നടത്തിയിരുന്നു. സമാനതകളില്ലാത്ത വിജയമാണ് ലൂസിഫര്‍ ബോക്സോഫിസില്‍ നിന്ന് നേടിയത്. മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ചിത്രം മലയാളത്തിലെ ഏറ്റവും വലിയ ഹിറ്റായിരിക്കുകയാണ്.

അതേസമയം ചിത്രത്തിന്റെ വന്‍ വിജയത്തിന് പിന്നാലെ ലൂസിഫര്‍ രണ്ടാം ഭാഗത്തിനായി ആരാധകര്‍ സംവിധായകനോടും തിരക്കഥാകൃത്ത് മുരളിഗോപിയോടും നിരന്തരം ആവശ്യപ്പെട്ടിരുന്നു.

ഇടയ്ക്ക് രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ നല്‍കികൊണ്ട് ചില പോസ്റ്റുകളും ഇരുവരും സോഷ്യല്‍ മീഡിയിയില്‍ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്ന് സൂചന കഴിഞ്ഞ ദിവസം തിരക്കഥാകൃത്ത് മുരളി ഗോപി നല്‍കിയിരുന്നു.

മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത് സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ്. കൂടാതെ ബോളിവുഡ് താരം വിവേക് ഒബ്റോയി, മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായികുമാര്‍, ബാല, സാനിയ ഇയ്യപ്പന്‍, കലാഭവന്‍ ഷാജോണ്‍, ബൈജു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്.

തിരുവനന്തപുരം, എറണാകുളം, കൊല്ലം, ലക്ഷദ്വീപ്, മുംബൈ, ബാംഗ്ലൂര്‍, റഷ്യ എന്നിവിടങ്ങളിലായി ഷൂട്ട് ചെയ്ത ചിത്രം മാര്‍ച്ച് 28-നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

ഗള്‍ഫിനു പുറമേ യു.എസ്, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലും ചിത്രം റിലീസ് ചെയ്തു.

We use cookies to give you the best possible experience. Learn more