| Saturday, 25th January 2020, 3:50 pm

പട്ടിണിക്കിട്ട് പീഡിപ്പിക്കുകയാണ്; പുറത്തേക്കോ അകത്തേക്കോ പോകാന്‍ നിവൃത്തിയില്ല; മഠത്തിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര

ഡൂള്‍ന്യൂസ് ഡെസ്‌ക്

മാനന്തവാടി: ലൈംഗിക പീഡനക്കേസില്‍ ബിഷപ്പിനെതിരെ മൊഴി നല്‍കിയതിന്റെ പേരില്‍ സഭാ അധികൃതര്‍ ഭക്ഷണം പോലും തരാതെ തന്നെ മാനസികമായി പീഡിപ്പിക്കുകയാണെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. കഴിഞ്ഞ ഒന്നരമാസമായി മാനസികമായി വലിയ പീഡനമാണ് താന്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

തന്നെ പട്ടിണിക്കിട്ട് പീഡിപ്പിച്ച് മഠത്തില്‍നിന്ന് ഇറക്കിവിടാനാണ് ശ്രമം നടക്കുന്നത്. നിലവില്‍ മഠത്തിലുള്ള കന്യാസ്ത്രീകള്‍ക്ക് ലഭിക്കുന്ന അവകാശങ്ങള്‍ തനിക്ക് നിഷേധിക്കപ്പെടുകയാണെന്നും സിസ്റ്റര്‍ ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വത്തിക്കാനില്‍ നിന്നുള്ള മറുപടി വന്നതിന് ശേഷം, തന്നെ മഠത്തില്‍ നിന്ന് പുറത്താക്കിയ രീതിയിലാണ് മറ്റ് കന്യാസ്ത്രീകള്‍ പെരുമാറുന്നത്. പത്തോളം കന്യാസ്ത്രീകളുള്ള മഠത്തില്‍ തനിക്കുള്ള ഭക്ഷണം മാത്രം മാറ്റി വയ്ക്കുന്നില്ല. ഇവര്‍ക്കൊപ്പമല്ല ഭക്ഷണം കഴിക്കുന്നത്. വേണമെങ്കില്‍ സ്വന്തമായി ഭക്ഷണം ഉണ്ടാക്കി കഴിക്കാനാണ് പറഞ്ഞത്.

താമസിക്കുന്ന മുറിയുടെ വാതിലൊഴികെ ബാക്കിയെല്ലാ വാതിലുകളും അടച്ചിടുകയാണ്. തനിക്ക് പുറത്തേക്കോ അകത്തേക്കോ വരാനുള്ള സാഹചര്യമില്ലെന്നും പിന്‍വാതിലൂടെയാണ് അകത്ത് കയറുന്നതെന്നും സിസ്റ്റര്‍ പറഞ്ഞു. ആരെങ്കിലും കാണാന്‍ വന്നാല്‍ പോലും കയറാനുള്ള സാഹചര്യമില്ല.

സഭാവസ്ത്രം ഇനി ധരിക്കരുതെന്ന് മഠാധികൃതര്‍ നിര്‍ബന്ധിക്കുന്നതായും സിസ്റ്റര്‍ ലൂസി കളപ്പുര വെളിപ്പെടുത്തി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും സഭയുടെ നിയമങ്ങള്‍ പാലിക്കാത്ത വിധമുള്ള ജീവിത ശൈലി തുടരുന്നുവെന്ന് ചൂണ്ടിക്കാട്ടി നേരത്തെ എഫ്.സി.സി സന്യാസി സമൂഹത്തില്‍നിന്ന് സിസ്റ്റര്‍ ലൂസിയെ പുറത്താക്കിയിരുന്നു. മഠത്തില്‍ നിന്നും പുറത്താക്കുന്നതിനെതിരെ ലൂസി കളപ്പുര നല്‍കിയ ഹരജിയില്‍ മാനന്തവാടി മുന്‍സിഫ് കോടതി ഈ നടപടി താല്‍കാലികമായി മരവിപ്പിച്ചിരുന്നു.

ഈ ഹരജി 29ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കുകയാണ്. സഭയില്‍നിന്നും പുറത്താക്കികൊണ്ടുള്ള സഭാ നടപടിക്കെതിരെ ലൂസി കളപ്പുര വത്തിക്കാനിലേക്ക് രണ്ടാമതും അപ്പീല്‍ നല്‍കിയിട്ടുണ്ട്. സിസ്റ്റര്‍ നല്‍കിയ അപേക്ഷ വത്തിക്കാന്റെ പരിഗണനയിലാണ്.

We use cookies to give you the best possible experience. Learn more