| Tuesday, 4th April 2023, 5:39 pm

ഒന്നു രണ്ടും സ്ഥലത്തല്ല, എണ്ണം പറഞ്ഞ ആറ് ഇടങ്ങളില്‍; ചരിത്ര നേട്ടവുമായി റേ മിസ്റ്റീരിയോയുടെ പിന്‍ഗാമികള്‍

സ്പോര്‍ട്സ് ഡെസ്‌ക്

പ്രൊഫഷണല്‍ റെസ്‌ലിങ് ലോകം കണ്ട എക്കാലത്തേയും മികച്ച ടാഗ് ടീമുകളില്‍ ഒന്നായ ദി ബ്രിസ്‌കോസിലെ ജേ ബ്രിസ്‌കോയുടെ മരണത്തോടെ റിങ് ഓഫ് ഓണര്‍ (ആര്‍.ഓ.എച്ച്) ടാഗ് ടീം ചാമ്പ്യന്‍ഷിപ്പ് അനാഥമായിരുന്നു. ജേയുടെ സഹോദരന്‍ മാര്‍ക് ബ്രിസ്‌കോയായിരുന്നു രണ്ട് ടൈറ്റിലുകളും കൊണ്ടുനടന്നിരുന്നത്.

എന്നാല്‍ താന്‍ ഇനി ടാഗ് ടീം മത്സരങ്ങള്‍ കളിക്കില്ല പകരം സിംഗിള്‍സ് മാച്ചുകളും ട്രയോസ്, മള്‍ട്ടി സൂപ്പര്‍ സ്റ്റാര്‍സ് മാച്ചുകളും മാത്രമേ കളിക്കൂ എന്ന് മാര്‍ക് പ്രഖ്യാപിച്ചതോടെ ജേയോടുള്ള ആദരസൂചകമായി ആര്‍.ഓ.എച്ച് പഴയ ടാഗ് ടീം ടൈറ്റിലുകള്‍ പിന്‍വലിക്കുകയും പുതിയ ഡിസൈനില്‍ പുതിയ ടാഗ് ടീം ടൈറ്റിലുകള്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

പുതിയ ടാഗ് ടീം ചാമ്പ്യന്‍മാരെ കണ്ടെത്താന്‍ ആര്‍.ഒ.എച്ച് നടത്തിയ ‘റീച്ച് ഫോര്‍ ദി സ്‌കൈ’ ലാഡര്‍ മാച്ചില്‍ മെക്‌സിക്കന്‍ പ്രൊഫഷണല്‍ ടാഗ് ടീമായ ലൂച്ചാ ബ്രോസ് വിജയിച്ചതോടെ പുതിയ ചരിത്രമണ് കുറിക്കപ്പെട്ടത്. റേ ഫീനിക്‌സും പെന്റ എല്‍ സെറോ മിയേദോ (പെന്റഗണ്‍ ജൂനിയര്‍)യുമാണ് റിങ് ഓഫ് ഓണറീന്റെ ടാഗ് ടീം ഡിവിഷനിന്റെ പുതിയ മുഖങ്ങള്‍.

ദി കിങ്ഡം (മാറ്റ് ടേവന്‍ & മൈക്ക് ബെന്നറ്റ്), യുണൈറ്റഡ് എംപയര്‍ ഫാക്ഷനിലെ ആസി ഓപ്പണ്‍ (കൈല്‍ ഫ്‌ളെച്ചര്‍ & മാര്‍ക് ഡേവിസ്), ടോപ് ഫ്‌ളൈറ്റ് (ഡാന്റെ മാര്‍ട്ടിന്‍ & ഡാരിയസ് മാര്‍ട്ടിന്‍), ലാ ഫാക്‌സിയന്‍ ഇന്‍ഗോബെന്‍ണാബ്‌ലെ (റുഷ് & ഡ്രാലിസ്റ്റ്‌കോ) എന്നിവരെ തോല്‍പിച്ചുകൊണ്ടാണ് ലൂച്ചാ ബ്രോസ് പുതിയ ടാഗ് ടീം ചാമ്പ്യന്‍മാരായത്.

ഈ ടൈറ്റില്‍ വിജയത്തിന് പിന്നാലെ പുതിയ ഒരു നേട്ടവും ലൂച്ചാ ബ്രോസിനെ തേടിയെത്തിയിരുന്നു. ആറ് വിവിധ പ്രൊമോഷനുകളില്‍ ടാഗ് ടീം ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്ന ലെജന്‍ഡറി ടാഗ് ടീമുകളുടെ കൂട്ടത്തിലേക്കാണ് ഇതോടെ ലൂച്ചാ ബ്രോസ് നടന്നുകയറിയത്.

ഓള്‍ എലിറ്റ് റെസ്‌ലിങ് – എ.ഈ.ഡബ്ല്യൂ (All Elite Wrestling – AEW), ട്രിപ്പിള്‍ എ (Asistencia Asesoría y Administración – AAA), പ്രോ റെസ്‌ലിങ് ഗൊറില്ല – പി.ഡബ്ല്യൂ.ജി (Pro Wrestling Gorilla – PWG), മേജര്‍ ലീഗ് റെസ്‌ലിങ്- എം.എല്‍.ഡബ്ല്യൂ (Major League Wrestling – MLW), ഇംപാക്ട് റെസ്‌ലിങ് (Impact Wrestling) എന്നിവിടങ്ങളിലാണ് ലൂച്ചാ ബ്രോസ് ഇതിന് മുമ്പ് ടാഗ് ടീം ചാമ്പ്യന്‍മാരായത്.

നിലവില്‍ എ.ഇ.ഡബ്ല്യൂവിന്റെ താരങ്ങളായ ലൂച്ചാ ബ്രോസ് ദി പാക്കി (The Pac)നൊപ്പം ഡെത്ത് ട്രയാംഗിള്‍ എന്ന ഫാക്ഷന്‍ രൂപീകരിക്കുകയും എ.ഇ.ഡബ്ല്യൂ ട്രയോസ് ചാമ്പ്യന്‍മാരാവുകയും ചെയ്തിരുന്നു.

മെക്‌സിക്കന്‍ പ്രൊഫഷല്‍ റെസ്‌ലിങ് ശൈലിയായ ലൂച്ചാ ലീബ്രേറ്റ് റെസ്‌ലിങ്ങിലെ പുതുതലമുറയിലെ ഇതിഹാസ താരങ്ങളാണ് റേ ഫീനിക്‌സും പെന്റഗണ്‍ ജൂനിയറും. ഫാസ്റ്റ് പേസ്, ഹൈ ഫ്‌ളൈയങ് റെസ് ലേഴ്‌സായ ഇരുവരും റേ മിസ്റ്റീരിയോ കഴിഞ്ഞാല്‍ നിലവില്‍ ഏറ്റവുമധികം ആരാധകരുള്ള ലൂച്ചാ ലീബ്രേറ്റ് താരങ്ങളും കൂടിയാണ്.

Content Highlight: Lucha Bros wins ROH tag team championship

We use cookies to give you the best possible experience. Learn more