ഫുട്‌ബോളില്‍ നേരിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടായി തോന്നിയ താരത്തെകുറിച്ച് സംസാരിച്ചിരിക്കുകയാണ് ഫ്രഞ്ച് താരം ലൂക്കാസ് ഹെര്‍ണാണ്ടസ്.
പാരീസ് സെയ്ന്റ് ജെര്‍മെന്‍ സൂപ്പര്‍ സ്ട്രൈക്കര്‍ കിലിയന്‍ എംബാപ്പെയാണ് താന്‍ നേരിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരമെന്നാണ് ഹെര്‍ണാണ്ടസ് പറഞ്ഞത്. പോര്‍ച്ചുഗീസ് സൂപ്പര്‍താരം റൊണാള്‍ഡോയെ തള്ളികളഞ്ഞുകൊണ്ടായിരുന്നു ഹെര്‍ണാണ്ടസ് എംബാപ്പെയെ തെരഞ്ഞെടുത്തത്.
‘കരിയറില്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ട് നിറഞ്ഞ താരമാരാണെന്ന് ചോദിച്ചാല്‍ ഞാന്‍ കിലിയന്‍ എംബാപ്പെയുടെ പേര് പറയും. അവനെപോലുള്ള വേഗതയേറിയ കളിക്കാരെ പ്രതിരോധിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. ഞാന്‍ ബയേണ്‍ മ്യൂണിക്കില്‍ കളിച്ച സമയത്ത് 2021 ചാമ്പ്യന്‍സ് ലീഗില്‍ ഞാന്‍ എംബാപ്പെക്കെതിരെ കളിച്ചിട്ടുണ്ട്. ഞാന്‍ അത്ലറ്റിക്കോ മാഡ്രിഡില്‍ കളിച്ചപ്പോള്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരെയും കളിച്ചിട്ടുണ്ട്. എന്നാല്‍ ആ സമയത്ത് ഇത്ര ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല,’ ഹെര്‍ണാണ്ടസ് ലെ പാരീസിയന്‍സിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
2021 ചാമ്പ്യന്‍സ് ലീഗില്‍ പാരീസ് സെയ്ന്റ് ജെര്‍മെനും ബയേണ്‍ മ്യൂണിക്കും തമ്മിലുള്ള മത്സരത്തിലാണ് ഹെര്‍ണാണ്ടസും എംബാപ്പെയും നേര്‍ക്കുനേര്‍ വന്നത്. ആദ്യ പാദത്തില്‍ 2-0ത്തിനായിരുന്നു ഫ്രഞ്ച് ടീമിന്റെ വിജയം. ആ മത്സരത്തില്‍ ഇരട്ട ഗോള്‍ നേടി മിന്നും പ്രകടനമാണ് എംബാപ്പെ പുറത്തെടുത്തത്.
ഫ്രഞ്ച് ലെഫ്റ്റ് ബാക്ക് ഹെര്‍ണാണ്ടസ് ജര്‍മന്‍ വമ്പന്‍മാരായ ബയേണ്‍ മ്യൂണിക്കിന് വേണ്ടിയും സ്പാനിഷ് വമ്പന്‍മാരായ അത്ലറ്റികോ മാഡ്രിഡിന് വേണ്ടിയും ഇതിനുമുമ്പ് ബൂട്ട് കെട്ടിയിട്ടുണ്ട്.
Content Highlight: Lucas hernandez reveals who is the toughest opponent he faced in football.