ലൂക്ക; പ്രണയം, കല, മരണം, നിഗൂഢത
D Review
ലൂക്ക; പ്രണയം, കല, മരണം, നിഗൂഢത
അശ്വിന്‍ രാജ്
Friday, 28th June 2019, 8:20 pm

ലൂക്ക, കേള്‍ക്കുമ്പോള്‍ തന്നെ കൗതുകം തോന്നുന്ന ഒരു പേര്. ഫസ്റ്റ് ലുക്കിറങ്ങിയതിന് ശേഷം പ്രണയം പറയുന്ന ഒരു ചിത്രമായിരിക്കുമെന്ന സൂചനയും ചിത്രം തന്നു. പക്ഷേ പ്രണയം മാത്രമല്ല ലൂക്ക പറയുന്നത്. ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ കൂടിയാണ് ചിത്രം.

പ്രേക്ഷകനെ ആദ്യ രംഗത്തില്‍ തന്നെ ഞെട്ടിച്ചുകൊണ്ടാണ് ചിത്രം ആരംഭിക്കുന്നത്. തുടക്കത്തില്‍ പ്രേക്ഷകനുണ്ടാകുന്ന സംശയത്തില്‍ നിന്നാണ് സിനിമയാരംഭിക്കുന്നത്. പതിയെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍. എല്ലാം ലഭിച്ച് കഴിയുമ്പോള്‍ ലൂക്കയെന്ന പ്രണയവും ത്രില്ലറും ഇഴചേര്‍ത്ത സിനിമ പൂര്‍ണമാവും.

വളരെ പെട്ടന്ന് ദേഷ്യം വരുന്ന, മരണത്തോടും മരണ സംബന്ധമായ എന്തിനോടും പേടിയുള്ള അസാധ്യ കലാകാരനാണ് ലൂക്ക. വിരലില്‍ എണ്ണാവുന്ന കുറച്ചുപേരാണ് ലൂക്കയുമായി ആത്മബന്ധമുള്ളവര്‍. അവിടേക്ക്, ലൂക്കയുടെ ജീവിതത്തിലേക്ക് വളരെ അവിചാരിതമായി നിഹാരിക ബാനര്‍ജി എന്ന മലയാളി പെണ്‍കുട്ടി എത്തുന്നു.

എന്നാല്‍ ലൂക്കയുടെയും നിഹാരികയുടെയും കഥ മാത്രമല്ല സിനിമ. അക്ബറിന്റെയും ഫാത്തിമയുടെയും കൂടിയാണ്. സ്ഥലത്തെ പൊലീസ് സി.ഐ ആയ അക്ബറും ഫാത്തിമയും വിവാഹമോചനത്തിന് അപേക്ഷ കൊടുത്തവരാണ്. അവര്‍ തമ്മില്‍ സാധാരണ കുടുംബത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ല. ഇരുവരും നല്ല സുഹൃത്തുക്കള്‍ ആയിരിക്കുമ്പോള്‍ തന്നെയാണ് വിവാഹമോചനത്തിനും അപേക്ഷ നല്‍കിയിരിക്കുന്നത്.

ടൊവിനോ തോമസും അഹാന കൃഷ്ണകുമാറുമാണ് യഥാക്രമം ലൂക്കയും നിഹാരികയും ആവുന്നത്. നിതിന്‍ ജോര്‍ജും സംസ്ഥാന പുരസ്‌കാര ജേതാവായ വിനീത കോശിയുമാണ് അക്ബറും ഫാത്തിമയും ആവുന്നത്.

സ്ഥിരം മരം ചുറ്റി പ്രണയത്തിനും അപ്പുറത്ത് ചില പ്രണയങ്ങളുണ്ട്. ചില ചേര്‍ത്ത് നിര്‍ത്തലുകള്‍ വ്യത്യസ്ഥ താല്‍പ്പര്യങ്ങള്‍ക്കിടയിലും ഉള്ള മാനസിക ഐക്യം തുടങ്ങിയവ. ലൂക്കയിലേതും അത്തരം ചില പ്രണയങ്ങളാണ്. ചിത്രത്തില്‍ ലൂക്കയുടെയും അന്‍വറിന്റെയും ജീവിതത്തില്‍ നടന്ന സംഭവങ്ങള്‍ വ്യത്യസ്ഥങ്ങളാണെങ്കിലും എവിടെയൊക്കയോ അത് കണക്ടാവുന്നുണ്ട്. അത് എറ്റവും നന്നായി മനസിലാവുന്ന വ്യക്തി അക്ബര്‍ തന്നെയാണ്.

ടൊവിനോയുടെ വ്യത്യസ്ഥമായ കഥാപാത്രം തന്നെയാണ് ലൂക്ക. നെക്രോഫോബിക് ആയ ലൂക്കയെ ബന്ധങ്ങളും ചിലപ്പോഴെങ്കിലും തളര്‍ത്തുന്നുണ്ട്. അതിമനോഹരമായി വൃത്തികേടാവാതെ ടൊവിനോ ആ രംഗങ്ങള്‍ മനോഹരമാക്കി. അഹാനയെ സംബന്ധിച്ചിടത്തോളം തന്റെ കരിയറില്‍ ബ്രേക്ക് ആകാവുന്ന കഥാപാത്രമാണ് നിഹാരിക. ചില സിനിമകളിലെ പോലെ ഒന്നും ചെയ്യാനില്ലാത്ത നായിക കഥാപാത്രമായിരുന്നില്ല നിഹാരികയുടെത്. ഒരുപാട് മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു കഥാപാത്രം. അഹാനയ്ക്ക് അപ്പുറത്തേക്ക് ആരെയും നിഹാരികയായി പ്രതീക്ഷിക്കാന്‍ കഴിയാത്ത രീതിയില്‍ ആ കഥാപാത്രത്തിനെ അവര്‍ മനോഹരമാക്കിയിട്ടുണ്ട്.

തന്റെ കുട്ടികാലത്തെ അനുഭവങ്ങള്‍ ലൂക്കയോട് പറയുന്ന ഒരു രംഗം മാത്രം മതി, അവര്‍ ഈ സിനിമയ്ക്ക് എത്രത്തോളം അനുയോജ്യയായിരുന്നെന്ന് മനസിലാവാന്‍. അക്ബര്‍ ആയി എത്തിയ നിതിന്‍ ജോര്‍ജിന്റെ ആദ്യ സിനിമയാണെന്നാണ് വാര്‍ത്തകളില്‍ നിന്ന് മനസിലായത്. അന്‍വര്‍ ശരിക്കും രണ്ട് മാനസികാവസ്ഥയിലൂടെ കടന്നുപോകുന്നുണ്ട്. അയാളുടെ സംഭാഷണങ്ങളുടെ ശൈലിയില്‍ പോലും മാറ്റം നമുക്ക് മനസിലാവും. പ്രൊഫഷണല്‍ ലൈഫില്‍ അയാള്‍ പൊലീസുകാരനാവുമ്പോള്‍ പേര്‍സണല്‍ ലൈഫില്‍ നഷ്ടബോധത്തോടെ ജീവിക്കുന്ന ഒരു സാധാരണക്കാരനും.

മലയാള സിനിമയ്ക്കുള്ള ഒരു വലിയ അന്തവിശ്വസമാണ് സിനിമ രണ്ടര മണിക്കൂര്‍ വേണമെന്നത്. അത് ലൂക്കയെയും ബാധിച്ചിട്ടുണ്ട്. ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത് സംവിധായകന്‍ അരുണ്‍ ബോസും മൃഥുല്‍ ജോര്‍ജും ചേര്‍ന്നാണ്. പ്രണയം ഭാഗമാകുന്നത് കൊണ്ടാണോ എന്നറിയില്ല. ചിലയിടങ്ങളില്‍ എങ്കിലും സംഭാഷണങ്ങളിലെ നാടകീയതയും സിനിമയിലെ ക്ലിഷേകളും കല്ലുകടിയായി തോന്നി.

ചിത്രത്തില്‍ എടുത്ത് പറയേണ്ടത് അനീസ് നാടോടിയുടെ കലാസംവിധാനമാണ്. ലൂക്കയുടെ ജീവിതം മുഴുവന്‍ കടന്നുവരുന്നത് അനീസിന്റെ കലാസംവിധാനത്തിലൂടെയാണ്. ചിത്രത്തില്‍ കലാസംവിധായകന്‍ ചത്ത് പണിയെടുക്കേണ്ടി വന്നിട്ടുണ്ടെന്ന് പടം കാണുമ്പോള്‍ മനസിലാകും. സിനിമയിലെ നിര്‍ണായകമായ പുസ്തം പോലും അതി മനോഹരമാണ്.

സംഗീതവും മഴയും സിനിമയിലെ നിര്‍ണായകമായ രണ്ട് ഘടകങ്ങളാണ്. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഒരു പ്രധാനകഥാപാത്രമായും സൂരജ് എത്തുന്നുണ്ട്. മഴയെയും ലൂക്കയുടെ പ്രണയത്തിനെയുമെല്ലാം ക്യാമറയില്‍ പകര്‍ത്തിയത് നിമിഷ് രവി കൈയ്യടി അര്‍ഹിക്കുന്നുണ്ട്.

എന്‍.ബി: അങ്ങിനെ ടൊവിനോയുടെ ഈ മാസത്തെ അവസാനത്തെ പടവും കണ്ടു.

 

അശ്വിന്‍ രാജ്
ഡൂള്‍ന്യൂസ് സീനിയര്‍ സബ് എഡിറ്റര്‍, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.