| Thursday, 10th February 2022, 9:05 am

എവിടെയെങ്കിലും ഇരുന്ന് കമന്റ് പറയാന്‍ ആര്‍ക്കും പറ്റും, കരസേന വന്നതുകൊണ്ട് മാത്രമല്ല ഈ രക്ഷാദൗത്യം വിജയിച്ചത്: ലഫ്. കേണല്‍ ഹേമന്ത് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: മലമ്പുഴ ചെറാട് മലയില്‍ അകപ്പെട്ടുപോയ ബാബുവിനെ രക്ഷിക്കാന്‍ സാധിച്ചത് കരസേനയുടെ മാത്രം വിജയമല്ല എന്ന് ലഫ്. കേണല്‍ ഹേമന്ത് രാജ്. ടീമില്‍ പൊലീസുകാരും നാട്ടുകാരും എന്‍.ഡി.ആര്‍.എഫ് അംഗങ്ങളും ഉണ്ടായിരുന്നുവെന്നും കൂട്ടായ പരിശ്രമത്തിലൂടെയാണ് ബാബുവിനെ രക്ഷിക്കാനായതെന്നും ഹേമന്ത് പറഞ്ഞു. 24 ന്യൂസിന്റെ ചര്‍ച്ചയിലായിരുന്നു ഹേമന്ത് രാജിന്റെ പ്രതികരണം.

‘സേനയെ നേരത്തെ അറിയിച്ചിരുന്നെങ്കില്‍ ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാമായിരുന്നു എന്ന അഭിപ്രായങ്ങളുയരുന്നുണ്ട്. സേനയെ അറിയിച്ചപ്പോള്‍ കാര്യങ്ങള്‍ വൈകിപ്പോയി എന്ന് താങ്കള്‍ക്ക് തോന്നിയോ’ എന്നായിരുന്നു അവകാരകന്റെ ചോദ്യം.

എന്നാല്‍ തനിക്ക് അങ്ങനെ തോന്നിയില്ല എന്ന് മറുപടി നല്‍കിയ ഹേമന്ത് കരസേന മാത്രമായിട്ട് നടത്തിയ ഒപ്പറേഷനല്ലെന്നും പൊലീസില്‍ നിന്നും നാട്ടുകാരില്‍ നിന്നും കിട്ടിയ പിന്തുണ വലുതായിരുന്നു എന്നും പറഞ്ഞു.

‘ടീമില്‍ എന്റെ കൂടെ എന്‍.ഡി.ആര്‍.എഫിലെ എട്ട് പേരും ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ നാല് പേരും പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ആറ് പേരും നാട്ടുകാരായ നാല് പേരുണ്ടായിരുന്നു.

അവിടെ എത്തിയപ്പോള്‍ എന്നെ സ്വീകരിച്ചത് പാലക്കാട് ജില്ലാ കലക്ടറും എസ്.പിയുമായിരുന്നു. അവിടെയൊരു ഫുള്‍ സപ്പോര്‍ട്ടുണ്ടായിരുന്നു, എല്ലാ രീതിയിലും, എല്ലാ ഭാഗത്തുനിന്നും.

ഇത് ഒറ്റയ്ക്ക് ചെയ്‌തൊരു ഓപ്പറേഷനല്ല. ഞങ്ങള്‍ ആകെ ഒറ്റക്ക് ചെയ്തത് ആ സ്‌പെസിഫിക് സ്‌കില്‍ഡ് ആക്ഷന്‍സ് മാത്രമായിരിക്കും.

കാരണം ഇത് ഞങ്ങള്‍ക്ക് മാത്രമുള്ളൊരു സ്‌പെഷ്യാലിറ്റിയാണ്. ഞങ്ങളെ സംബന്ധിച്ച് ഇതൊരു നോര്‍മല്‍ ഡെയ്‌ലി ആക്റ്റിവിറ്റിയാണ്. വേറെ ഒരു ഡിപ്പാര്‍ട്ട്‌മെന്റിനും അത് അവരുടെ ചാര്‍ട്ടര്‍ ഓഫ് ഡ്യൂട്ടിയുടെ ഭാഗമായി വരുന്ന കാര്യങ്ങളല്ല.

അതുകൊണ്ട് കരസേന വന്നതുകൊണ്ട് മാത്രം ഈ രക്ഷാദൗത്യം വിജയിച്ചു എന്ന് പറയുന്നത് എനിക്ക് ഒരിക്കലും യോജിക്കാന്‍ കഴിയില്ല. കാരണം എനിക്ക് കിട്ടിയ പിന്തുണ, ഇന്ത്യന്‍ ആര്‍മിക്ക് കിട്ടിയ പിന്തുണ വലുതായിരുന്നു,’ ഹേമന്ത് പറഞ്ഞു.

‘നിങ്ങള്‍ വിഷ്വല്‍സില്‍ കണ്ടുകാണും, ഡ്രോണ്‍ ഉപയോഗിച്ചിട്ടാണ് ഞങ്ങളുടെ ക്ലൈംബേഴ്‌സിനെ ഞങ്ങള്‍ ലെഫ്റ്റ് റൈറ്റ് മൂവ്‌മെന്റ് നടത്തിക്കൊണ്ടിരുന്നത്.

ഞങ്ങളുടെ ഡ്രോണ്‍ ബാറ്ററി തീര്‍ന്ന ശേഷം പറത്തിയ ഡ്രോണുകളെല്ലാം നാട്ടുകാരുടേതായിരുന്നു. അതുകൊണ്ട് ഇതൊരു ജോയിന്റ് റെസ്‌ക്യൂ ഓപ്പറേഷന്‍സ് ആയിരുന്നു. ആ സ്‌പെഷ്യലൈസ്ഡ് സ്‌കില്‍സ്സ് ആദ്യമായിട്ട് കാണുന്നതുകൊണ്ടാണ് ഇത് കരസേനയുടെ മാത്രം വിജയമായിട്ട് നിങ്ങള്‍ പറയുന്നത് എന്നാണ് എനിക്ക് തോന്നുന്നത്.

ആ ഭൂപ്രദേശം ഒരു വലിയ വെല്ലുവിളിയായിരുന്നു. പാറകള്‍ നിറഞ്ഞ പ്രതലമായിരുന്നു. ഞങ്ങള്‍ വരുന്നതിന് മുന്‍പ് അവിടെ എന്താണ് സംഭവിച്ചത് എന്ന് എനിക്കറിയില്ല, അതില്‍ എനിക്ക് കമന്റ് പറയാനും പറ്റില്ല.

അവിടെ നടന്നതിനെ പറ്റി എവിടെയെങ്കിലും ഇരുന്ന് കമന്റ് പറയാന്‍ ആര്‍ക്കും സാധിക്കും. ആ ഓപ്പറേഷനില്‍ പങ്കെടുത്തവര്‍ക്കേ അതിനെ പറ്റി പറയാനാവൂ. വെല്ലുവിളികളില്‍ പെട്ടെന്ന് തീരുമാനമെടുത്ത് മുന്നോട്ട് പോവുക എന്നതാണ് പ്രധാനം. എല്ലാവരും അവരുടെ കഴിവിന്റെ പരമാവധി ചെയ്തു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബാബുവിനെ രക്ഷിച്ചത് ഹേമന്ത് രാജിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു. 2018 ലെ പ്രളയകാലത്തെ രക്ഷാപ്രവര്‍ത്തനത്തിനും ഹേമന്ത് മുന്നിലുണ്ടായിരുന്നു.


Content Highlight: lt col hemanth raj says the rescue of babu was a joint operation

We use cookies to give you the best possible experience. Learn more