കോഴിക്കോട്: മകള്‍ക്ക് എല്‍.എസ്.എസ് കിട്ടിയപ്പോള്‍ മുന്‍ എല്‍.എസ്.എസ് ജേതാവായ പിതാവ് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് വൈറലാകുന്നു. വടകര ശിവാനന്ദ വിലാസം ജെ.ബി യില്‍ പഠിക്കുന്ന സഫ നിലോഫര്‍ എന്ന കുട്ടിയുടെ പിതാവ് അബ്ദുല്‍ സക്കീര്‍ എഴുതിയ കുറിപ്പിനാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.
സ്‌കൂളിലെ 25 കുട്ടികള്‍ എഴുതിയതില്‍ 13 പേരാണ് എല്‍.എസ്.എസ് വിജയിച്ചത്. എന്നാല്‍, മകളെ അഭിനന്ദിക്കാന്‍ വിളിച്ച അധ്യാപികയോട് നേരിയ മാര്‍ക്കിന് സ്‌കോളര്‍ഷിപ്പ് നഷ്ടപ്പെട്ട കുട്ടികളെ ആദ്യം വിളിക്കണമെന്നാണ് താന്‍ പറഞ്ഞതെന്ന് സക്കീര്‍ പറയുന്നു.
താല്ക്കാലികമായി 80 ല്‍ 48 മാര്‍ക്ക് കിട്ടിയില്ല എന്നത് കൊണ്ട് ആ കുട്ടികളാരും മോശക്കാരാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
27 വര്‍ഷം മുമ്പ് മേപ്പയില്‍ ഈസ്റ്റ് എസ്.ബി സ്‌കൂളില്‍നിന്ന് എല്‍.എസ്.എസ് നേടിയ തന്റെ ജീവിതം ചൂണ്ടിക്കാണിച്ചാണ് സക്കീര്‍ ഇതുപറയുന്നത്.
‘അന്ന് ഒമ്പതുപേര്‍ എഴുതിയിട്ട് രണ്ടുപേര്‍ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിച്ചത്. എന്നാല്‍, എല്‍.എസ്.എസ് നേടിയ ഞാന്‍ എസ്.എസ്.എല്‍.സി തേഡ് ക്ലാസിലാണ് പാസായത്. ഇന്ന് ജീവിക്കുന്നത് പാചകക്കാരനായിട്ടാണ്. അന്ന് കിട്ടാതെ പോയ 7 പേരില്‍ 4 പേര്‍ ഡിസ്റ്റിംഗ്ഷനോടെയാണ് എസ്.എസ്.എല്‍.സി പാസായത്. എല്ലാവരും അധ്യാപകരായോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായോ ഉയര്‍ന്ന ശമ്പളം പറ്റുന്ന പ്രഫഷണലുകളായോ ജീവിക്കുന്നു.’
അബ്ദുല്‍ സക്കീറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:
മകള്‍ക്ക് (സഫ നിലോഫര്‍ ) LSS കിട്ടി. നിറഞ്ഞ സന്തോഷം … മുന്നോട്ടുള്ള പ്രയാണത്തില്‍ ആത്മവിശ്വാസമേകാനിടയുള്ള ഈ വിജയത്തിന് അവള്‍ക്ക് അഭിനന്ദനങ്ങള്‍…
വടകര ശിവാനന്ദ വിലാസം ജെ ബി യിലാണ് മകള്‍ പഠിച്ചത്. അവളുടെ അധ്യാപകരോടും നന്ദി പറയുന്നു.
25 കുട്ടികള്‍ എഴുതിയതില്‍ 13 പേര്‍ക്കാണ് അവിടെ LSS കിട്ടിയത്. നന്നായി മികവ് പുലര്‍ത്തുന്നവരായത് കൊണ്ടാണ് 25 പേര്‍ ഈ പരീക്ഷ എഴുതാന്‍ തെരഞ്ഞെടുക്കപ്പെട്ടത് എന്ന് കരുതുന്നു. താല്ക്കാലികമായി 80 ല്‍ 48 മാര്‍ക്ക് കിട്ടിയില്ല എന്നത് കൊണ്ട് ആ കുട്ടികളാരും മോശക്കാരാകുന്നില്ല.
മകള്‍ക്ക് അഭിനന്ദനം നേരാന്‍ വിളിച്ച അധ്യാപികയോട് ഞാന്‍ പറഞ്ഞത് ആദ്യം ഒന്നോ രണ്ടോ മാര്‍ക്കില്‍ LSS നഷ്ടപ്പെട്ട ആ മക്കളെ വിളിക്കാനാണ്.
സ്‌കൂളുകള്‍ തമ്മിലും അധ്യാപകര്‍ തമ്മിലും രക്ഷിതാക്കള്‍ തമ്മിലും വളര്‍ന്നു വരുന്ന ആരോഗ്യപരമോ / അനാര്യോഗ്യപരമോ ആയ മത്സരങ്ങള്‍ക്കിടയില്‍ LSS/ USS തുടങ്ങിയ പരീക്ഷകള്‍ക്ക് നല്കാന്‍ തുടങ്ങിയ അമിത പ്രാധാന്യത്തെയും .അത് നേടുന്ന കുട്ടികള്‍ക്ക് നല്‍കുന്ന അമിതമായ സാമൂഹിക ലാളനകളെയും ആശങ്കയോടെയാണ് നോക്കിക്കാണുന്നത്.
ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും പ്രവഹിക്കുന്ന ആശംസാപ്രവാഹങ്ങളും … സ്‌കൂള്‍ മതിലിലും സ്‌കൂള്‍ ബസിലും പ്രദര്‍ശിപ്പിക്കാനിടയുള്ള അഭിനന്ദന ഫ്‌ലക്‌സുകളും റസിഡന്‍സ് അസോസിയേഷനുകളിലും വായനശാലകളിലും നടക്കാന്‍ പോകുന്ന അനുമോദന യോഗങ്ങളും രക്ഷിതാക്കള്‍ നല്കാന്‍ പോകുന്ന ഗിഫ്റ്റുകളും പാര്‍ട്ടികളുമെല്ലാം സ്‌കോളര്‍ഷിപ്പ് നേടിയ കുട്ടികളില്‍ അമിത ആത്മവിശ്വാസം ഉണ്ടാക്കാനേ ഉപകരിക്കൂ…..
കൂട്ടത്തില്‍ നിന്ന് മോശക്കാരന്‍ / മോശക്കാരി എന്ന് ചിത്രീകരിച്ച് മാറ്റി നിര്‍ത്തുന്ന നിര്‍ഭാഗ്യവശാല്‍ പിന്തള്ളപ്പെട്ടു പോയ പ്രതിഭകളുടെ ഹൃദയത്തില്‍ ഇത്തരം കാട്ടിക്കൂട്ടലുകളുണ്ടാക്കാനിടയുള്ള ഉണങ്ങാത്ത മുറിവും നിരാശാബോധവും ഒരു പക്ഷേ നാളെ ഏറ്റവും മികച്ചതാകാനിടയുള്ള സമര്‍ത്ഥനായ ഒരു വിദ്യാര്‍ഥിയെ / മനുഷ്യനെ നമുക്ക് നഷ്ടപ്പെടുത്താനേ ഉപകരിക്കൂ…
അതിനാല്‍ അവരെ ചേര്‍ത്ത് പിടിക്കാനും കരുത്ത് പകരാനും അധ്യാപകരും രക്ഷിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ടതുണ്ട്.
വാല്‍ക്കഷണം :
27 വര്‍ഷം മുമ്പ് മേപ്പയില്‍ ഈസ്റ്റ് എസ് ബി സ്‌കൂളില്‍ വച്ച് LSS നേടിയ എന്റെ ഫോട്ടോ കൂടെ വെക്കുന്നു. 9 പേര്‍ എഴുതിയിട്ട് 2 പേര്‍ക്കാണ് ലഭിച്ചത്. അന്ന് LSS നേടിയ ഞാന്‍ SSLC തേഡ് ക്ലാസിലാണ് പാസായത്. ഇന്ന് ജീവിക്കുന്നത് പാചകക്കാരനായിട്ടാണ്. അന്ന് കിട്ടാതെ പോയ 7 പേരില്‍ 4 പേര്‍ ഡിസ്റ്റിംഗ് ഷനോടെയാണ് ട ട Lc പാസായത്. എല്ലാവരും അധ്യാപകരായോ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായോ ഉയര്‍ന്ന ശമ്പളം പറ്റുന്ന പ്രൊഫഷനലുകളയോ ജീവിക്കുന്നു. ഞാനോ അവരോ ആരും തന്നെ ജീവിതത്തില്‍ തോറ്റു പോയിട്ടില്ല.
ഇന്നൊരു ദിവസമെങ്കിലും ഹൃദയ വേദന അനുഭവിക്കുന്ന പിഞ്ചു മക്കള്‍ക്കും അവര്‍ക്ക് കരുത്തു പകരുന്നതിന് പകരം കുത്തി നോവിക്കാന്‍ സാധ്യതയുള്ള ചെറിയ ശതമാനം രക്ഷിതാക്കള്‍ക്കും മുന്‍പില്‍ എന്റെ ജീവിതം ഞാന്‍ തുറന്നു വെക്കുന്നു……..
‘അവരെ തുറന്നു വിടുക….
സ്വതന്ത്രരായി….
അവരുടെ ആകാശം ….
.അവര്‍ കണ്ടെത്തുക തന്നെ ചെയ്യും…..
LSS ഉം USS ഉം എഴുതാന്‍ ഭാഗ്യം ലഭിച്ച എല്ലാ കുഞ്ഞു മക്കള്‍ക്കും അഭിനന്ദനങ്ങള്‍…….