| Tuesday, 27th February 2018, 11:10 pm

'ഹോളി ആഘോഷത്തിനിടെ ശുക്ലം നിറച്ച ബലൂണ്‍ എറിഞ്ഞു'; ലൈംഗികാതിക്രമം വിവരിക്കുന്ന ദല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നിറങ്ങളുടെ ഉത്സവമായ ഹോളി ആഘോഷിക്കുന്നതിനിടെ നേരിട്ട ദുരനുഭവം വിവരിച്ച് ദല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി ഇന്‍സ്റ്റഗ്രാമില്‍ ഇട്ട പോസ്റ്റ് വൈറലായി. ലേഡി ശ്രീറാം കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് തനിക്ക് നേരിടേണ്ടിവന്ന വിചിത്രമായ ലൈംഗികാതിക്രമം സമൂഹമാധ്യമത്തില്‍ പങ്കുവെച്ചത്.

ശുക്ലം നിറച്ച ബലൂണ്‍ ദേഹത്തേക്ക് എറിഞ്ഞു എന്നാണ് വിദ്യാര്‍ത്ഥിനി ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞത്. ഹോളിയുമായി ബന്ധപ്പെട്ട് സാധാരണയായി പറയുന്ന “ബുരാ ന മാനോ ഹോളി ഹൈ” (മോശമെന്ന് കരുതരുത്, ഇന്ന് ഹോളിയാണ്) എന്ന ശൈലിയുള്‍പ്പെടെയാണ് വിദ്യാര്‍ത്ഥിനി പോസ്റ്റ് ഇട്ടത്.

ഇതാദ്യമായില്ല ഇത്തരം തെമ്മാടിത്തങ്ങളും ലൈംഗികാതിക്രമങ്ങളും ഹോളിയ്ക്കിടെ ആഘോഷമെന്ന പേരില്‍ നടക്കുന്നത് എന്ന് വിദ്യാര്‍ത്ഥിനി പോസ്റ്റില്‍ പറയുന്നു. വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ ഇതിനകം വൈറലായിട്ടുണ്ട്.

വിദ്യാര്‍ത്ഥിനിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ലൈംഗികാതിക്രമം നേരിട്ട സംഭവമായതിനാല്‍ പോസ്റ്റിട്ട വിദ്യാര്‍ത്ഥിനിയെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍ മറച്ചുകൊണ്ടാണ് സ്‌ക്രീന്‍ ഷോട്ടുകള്‍ പങ്കുവെയ്ക്കപ്പെടുന്നത്.

വിദ്യാര്‍ത്ഥിനിയുടെ പോസ്റ്റിന്റെ പരിഭാഷ:

എന്റെ വെള്ള കുര്‍ത്ത എന്റെ നേരെ ബലൂണുകള്‍ എറിയാനായി നിങ്ങളെ ക്ഷണിക്കുന്നതല്ല. റോഡിലൂടെ ഒറ്റയ്ക്ക് നടക്കുന്ന പെണ്‍കുട്ടി, അവളുടെ ശരീരത്തില്‍ തൊട്ടുകൊണ്ട് ഹോളി ആശംസകള്‍ നേരാനായി നിങ്ങളെ ക്ഷണിക്കുന്നില്ല. വൈകുന്നേരം 3:58 ന് @t******* യുടെ പോസ്റ്റുകളും വായിച്ച് ഞാന്‍ നടക്കുകയായിരുന്നു. പെട്ടെന്ന് എന്റെ പിന്നില്‍ ഒരു ബലൂണ്‍ വന്ന് മുട്ടി. സെക്കന്റുകള്‍ക്കകം മറ്റൊരു ബലൂണ്‍ എന്റെ കാലിലും കൊണ്ടു. ചലനമറ്റ് ഞാന്‍ നില്‍ക്കവെ ഒരു മിനുറ്റിനകം “ഹാപ്പി ഹോളി” എന്നു കേട്ടു. എന്താണ് സംഭവിച്ചത് എന്ന് എനിക്ക് മനസിലായില്ല. വളരെ നിസഹായ ആയതായി എനിക്ക് തോന്നി. എന്റെ മനസിലൂടെ മോശം ചിന്തകളാണ് കടന്നു പൊയ്‌ക്കോണ്ടിരുന്നത്. “അവര്‍ തിരികെ വന്നാലോ? ഞാന്‍ എന്തു ചെയ്യും? ഞാന്‍ അലറിക്കരയണോ?” ഇതാണ് നമ്മളെല്ലാം ഇതിനെ കുറിച്ച് പറയേണ്ട സമയവും ഇതിനെതിരെ ചുവടു വെയ്‌കേകണ്ട സമയവും. എന്റെ അനുഭവം മറ്റൊരാള്‍ക്കും ഇനി ഉണ്ടാകരുത്. ഞാന്‍ ഇതിനെതിരെ നില്‍ക്കുകയാണ്. നമുക്ക് അവരോട് നല്ല വഴി പറയാം.

ശുക്ലം നിറച്ച ബലൂണ്‍ സ്ത്രീയ്ക്ക് നേരെ എറിയുന്നത് നിങ്ങളുടെ പുരുഷത്വത്തെ തെളിയിക്കില്ല. ഇത്തരം കാര്യങ്ങള്‍ ഹോളി പോലുള്ള ഉത്സവങ്ങളുമായി ബന്ധപ്പെടുത്തുന്നു എന്നത് നാണക്കേടാണ്. സത്യസന്ധമായി പറയട്ടെ, “മോശമെന്ന് കരുതരുത്, ഇന്ന് ഹോളിയാണ്” (ബുരാ ന മാനോ ഹോളി ഹൈ) എന്ന സങ്കല്‍പ്പം നിരോധിക്കപ്പെടേണ്ടതാണ്. കാരണം ഇത് ഞങ്ങള്‍ക്ക് വിഷമമുണ്ടാക്കുന്നു, നിങ്ങളെ പോലുള്ള പുരുഷന്മാര്‍ ഹോളിദിനത്തില്‍ തെരുവിലെത്തുന്നത് അറപ്പുളവാക്കുന്നു.

വീഡിയോ:

We use cookies to give you the best possible experience. Learn more