അങ്കത്തട്ട് ഉണരും മുന്‍പ് വാക്കുകളുടെ വാളുകള്‍ ഉരസി തീപ്പൊരി ചിതറിയ ലോകസഭാ മണ്ഡലം ആണ് കൊല്ലം. ഒരുകാലത്ത് സി.പി.ഐ.എമ്മിന്റെ ഏറ്റവും വിശ്വസ്തനായ ഘടകകക്ഷി നേതാവായിരുന്നു എന്‍.കെ പ്രേമചന്ദ്രന്‍. ആര്‍.എസ്.പിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ടി.ജെ. ചന്ദ്രചൂഢനുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ആയിരുന്ന പിണറായി വിജയന്‍ കൊരുത്ത കാലത്തൊക്കെ പ്രേമചന്ദ്രന്റെ മാനസികമായ പിന്തുണ സി.പി.ഐഎമ്മിന് ഉണ്ടായിരുന്നു. സി.പി.ഐ.എമ്മിന്റെ പ്രബലമായ രണ്ടു ഗ്രൂപ്പുകളുടെയും നല്ല പുസ്തകത്തില്‍ വി.എസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന പ്രേമചന്ദ്രന്‍ കയറി പറ്റിയിരുന്നു .
എഴുപതുകളിലെ കോണ്‍ഗ്രസ് സഖ്യം അവസാനിപ്പിച്ചശേഷം ഇടതുപക്ഷ കക്ഷികളില്‍ ഏറ്റവുമധികം കോണ്‍ഗ്രസ് വിരോധം പ്രകടിപ്പിച്ചത് ആര്‍.എസ്.പി ആയിരുന്നു.ഒന്നാം യു.പി.എ സര്‍ക്കാരിന്റെ കാലത്ത് ദിനംപ്രതി പിന്തുണ തുടരുന്നതിനെതിരെ ആര്‍.എസ്.പിയുടെ ജനറല്‍ സെക്രട്ടറി പ്രസ്താവനകളിറക്കി. അത്തരമൊരു പശ്ചാത്തലത്തില്‍ സി.പി.ഐ.എമ്മിനെ സംബന്ധിച്ച് തികച്ചും അപ്രതീക്ഷിതമായിരുന്നു ആര്‍.എസ്.പിയുടെ യു.ഡി.എഫ് ബാന്ധവം .
എന്നാല്‍ ആര്‍.എസ്.പിക്ക് വ്യക്തമായ ന്യായങ്ങളുണ്ടായിരുന്നു. ഇടതുപക്ഷമുന്നണി എന്നത് കേവലം രാഷ്ട്രീയ ബാന്ധവം മാത്രമല്ല. അത് നയങ്ങള്‍ അടിസ്ഥാനപ്പെടുത്തി ഉണ്ടായ ഒരു രാഷ്ട്രീയ ചേരി ആണെന്നും അതുകൊണ്ടുതന്നെ ചെറുതും വലുതുമായ ഇടതുപക്ഷ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും ചേര്‍ത്തുനിര്‍ത്തുന്ന ബാധ്യത തീര്‍ച്ചയായും വലിയ കക്ഷികളായ സി.പി.ഐ.എമ്മിനും സി.പി.ഐക്കും ഉണ്ട് എന്നുമുള്ള ആര്‍.എസ്.പിയുടെ വാദഗതിക്ക് കാലഘട്ടത്തിന്റെ സത്യവാങ്ങ്മൂലം ഉണ്ടായിരുന്നു. എന്നാല്‍ എട്ടുകാലി കുഞ്ഞുങ്ങളെ തിന്നുന്നതുപോലെ ക്ഷീണിച്ച ഘടകകക്ഷികളുടെ സീറ്റുകള്‍ സി.പി.ഐ.എം കയ്യടക്കിയപ്പോള്‍ സി.പി.ഐ തങ്ങളുടെ തടി രക്ഷിച്ച എടുക്കുന്നതില്‍ മാത്രമാണ് ശ്രദ്ധിച്ചത് എന്നും ആര്‍.എസ്.പി പരിതപിച്ചു.
ഒന്ന് തോളത്തു തട്ടി ആശ്വസിപ്പിച്ചിരുന്നു എങ്കില്‍ കൂടെ നിര്‍ത്താമായിരുന്ന കക്ഷിയായിരുന്നു ആര്‍.എസ്.പി. എന്നാല്‍ അതിന്റെ കാര്യമുണ്ട്. എന്ന് സി.പി.ഐ.എമ്മിന് തോന്നിയില്ല. എണ്‍പതുകള്‍ക്കുശേഷം ഇടതുമുന്നണി ഉണ്ടായ കാലം തൊട്ട് കൊല്ലം ജില്ല ഏതാണ്ട് ഏറെക്കുറെ സി.പി.ഐക്കും ആര്‍.എസ്.പിക്കും നല്‍കേണ്ടിവന്നത് സി.പി.ഐ.എമ്മിനുള്ളില്‍ കനത്ത സമ്മര്‍ദ്ദം ആയി രൂപം പ്രാപിച്ചു കഴിഞ്ഞിരുന്നു. ഗ്രൂപ്പ് വഴക്കുകളുടെ കാലഘട്ടങ്ങളില്‍ ഇത്തരം ആന്തരിക ഫെഡറലിസം ജനാധിപത്യത്തിന്റെ കേന്ദ്രീകരണം ഉള്ള പാര്‍ട്ടികള്‍ക്ക് പോലും താങ്ങാന്‍ കഴിയുന്നതിനും അപ്പുറമാണ്. കാര്യവും കാരണങ്ങളും എന്തൊക്കെയായാലും 2014 ലോകസഭാ തെരഞ്ഞെടുപ്പിന്റെ പടിക്കല്‍ വെച്ച് ആര്‍.എസ്.പി ഇടതുമുന്നണി ഉപേക്ഷിച്ചു.
ഫലമോ സി.പി.ഐ.എം വിരുദ്ധത ഏറ്റവും നന്നായി പ്രകടിപ്പിക്കുവാന്‍ ഉപയോഗിക്കുവാന്‍ കഴിയുന്ന ഒരു സ്ഥാനാര്‍ഥിയെ യു.ഡി.എഫിന് തങ്ങളുടെ ഏറ്റവും വലിയ ശക്തികേന്ദ്രത്തില്‍ താലത്തില്‍ വെച്ച് നല്‍കുകയായിരുന്നു സി.പി.ഐ.എം. അതേത്തുടര്‍ന്നുണ്ടായ വാക്ക് പോര് സി.പി.ഐ.എമ്മിനും ഇടതുമുന്നണിക്കും ക്ഷീണം ആയി ഭവിക്കുകയും 2014 ല്‍ സി.പി.ഐ.എമ്മിനെ പാര്‍ലമെന്റില്‍ നയിക്കാന്‍ നിയോഗിക്കപ്പെട്ട എം.എ ബേബി കൊല്ലത്ത് മുപ്പതിനായിരത്തില്‍ പരം വോട്ടുകള്‍ക്ക് പരാജയപ്പെടുകയും ചെയ്തു. അക്കാദമിക് പരിവേഷങ്ങള്‍ ഉള്ള ബേബിയെക്കാളും തെരഞ്ഞെടുപ്പ് മാര്‍ക്കറ്റില്‍ ജനകീയ വേഷം നന്നായി ഇണങ്ങുന്ന പ്രേമചന്ദ്രന്‍ ആയിരുന്നു കൂടുതല്‍ വില.
എല്ലാവിധത്തിലും ഒരു ഇടതു കോട്ടയാണ് കൊല്ലം. ആലപ്പുഴ പോലെതന്നെ സംഘടിത തൊഴിലാളി വര്‍ഗ്ഗത്തിന്റെ വീരഗാഥകള്‍ കേട്ട് ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന മണ്ണ്. എം.എന്‍ ഗോവിന്ദന്‍ നായരും ശ്രീകണ്ഠന്‍ നായരും. ആര്‍.എസ് ഉണ്ണിയും എന്‍ ശ്രീധരനും ഒക്കെ ജലത്തിലെ മത്സ്യങ്ങള്‍ എന്ന പോലെ തൊഴിലാളി ജനങ്ങള്‍ക്കിടയില്‍ ജീവിച്ച മണ്ണ്.
കാക്കനാടന്‍ കുറിച്ചിട്ട ജീവിതത്തിന്റെ ഉഷ്ണമേഖലകള്‍. സി.എം സ്റ്റീഫനെ പോലെ കോണ്‍ഗ്രസിന്റെ അഖിലേന്ത്യ നേതൃത്വത്തില്‍ രണ്ടാം സ്ഥാനക്കാരന്‍ പദവി ലഭിച്ച മഹാന്മാര്‍ കൊല്ലത്ത് ഉണ്ടായിരുന്നു എങ്കിലും കൊല്ലം അടിസ്ഥാനപരമായി ചുവന്ന ഒരു മണ്ണാണ്. പക്ഷേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളില്‍ ഈ മണ്ഡലം പലകുറി വലത്തോട്ട് ചാഞ്ഞു നിന്നിട്ടുണ്ട്. അടിസ്ഥാന രാഷ്ട്രീയ സ്വഭാവങ്ങള്‍ക്ക് അതീതമായി സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം പശ്ചാത്തലം എന്നിവ ഇവിടെ ചെലവായിട്ടുണ്ട്. വളരെ ദുര്‍ബലമായ ഒരു രാഷ്ട്രീയം ഉണ്ടായിരുന്ന എസ് കൃഷ്ണകുമാറിനെ പോലെയുള്ള ബ്യൂറോക്രാറ്റുകളെ പുണരാനും കൊല്ലം മടികാണിച്ചിട്ടില്ല.
സമ്പൂര്‍ണമായ ആധിപത്യമാണ് ഈ പാര്‍ലമെന്റ് മണ്ഡലത്തിലെ അസംബ്ലി സീറ്റുകളില്‍ ഇടതുപക്ഷത്തിന്. പുനലൂര്‍ ചടയമംഗലം ചാത്തന്നൂര്‍ എന്നീ മണ്ഡലങ്ങളില്‍ സി.പി.ഐയും കൊല്ലം ഇരവിപുരം കുണ്ടറ, ചവറ എന്നീ മണ്ഡലങ്ങളില്‍ സി.പി.ഐ.എമ്മും ആണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സഞ്ചിത ഭൂരിപക്ഷം രണ്ട് ലക്ഷത്തിനടുത്ത് വരും. . കടുത്ത മത്സരം നടന്ന ചവറയില്‍ ഒഴികെ ബാക്കി ഇടങ്ങളില്‍ ഭൂരിപക്ഷം പതിനയ്യായിരത്തില്‍ കൂടുതലാണ്. മിക്കയിടങ്ങളിലും 25000വും അതിനു മുകളിലും.
ഇതൊക്കെയാണ് സ്ഥിതിവിവരം എങ്കിലും പ്രേമചന്ദ്രന്‍ എന്ന ഇരുത്തംവന്ന പോരാളി കളത്തിലിറങ്ങുമ്പോള്‍ സി.പി.ഐ.എമ്മിനും ഇടതുമുന്നണിക്കും ധാരാളമായ മുന്‍കരുതലുകള്‍ ആവശ്യമാണ്. കക്ഷിരാഷ്ട്രീയം അപ്രസക്തമാക്കുന്ന ചില ബന്ധങ്ങള്‍ പ്രേമചന്ദ്രന്‍ കൊല്ലത്ത് നേടികഴിഞ്ഞു. ശക്തനായ ഒരു സ്ഥാനാര്‍ത്ഥി ഉണ്ടായിരുന്നെങ്കില്‍ പോലും ബി.ജെ.പിയുടെ വോട്ട് ശേഖരത്തില്‍ നിന്നും നല്ലൊരു പങ്ക് അടിച്ചുമാറ്റാന്‍ പ്രേമചന്ദ്രന് കഴിയുമായിരുന്നു.
ഭാര്യവീട് വഴിയുള്ള ചില ബന്ധങ്ങള്‍ എന്ന് അസൂയാലുക്കള്‍ അടക്കം പറയും.
പക്ഷേ നിലവില്‍ പ്രഖ്യാപിക്കപ്പെട്ട സ്ഥാനാര്‍ത്ഥി കെ.വി സാബു കൊല്ലത്തെ സംബന്ധിച്ച് ഒട്ടും പരിചിതനല്ല എന്നത് കൊല്ലത്ത് എന്തോ ചീഞ്ഞുനാറുന്നു എന്ന് പ്രചരിപ്പിക്കുവാന്‍ മാത്രമല്ല വിശ്വസിക്കാന്‍ കൂടി സി.പി.ഐ.എമ്മിനെ പ്രേരിപ്പിക്കുന്നുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ന്യൂനപക്ഷ വോട്ടുകള്‍ നിലനിര്‍ത്തിക്കൊണ്ട് കുറച്ചു ബി.ജെ.പി വോട്ടുകള്‍ നേടുവാന്‍ കഴിയുന്ന സ്ഥാനാര്‍ത്ഥിയാണ് തങ്ങളുടെ പഴയ സഖാവ് എന്നത് ഇടതുമുന്നണിക്ക് ചെറുതല്ലാത്ത ആശങ്ക നല്‍കുന്നുണ്ട്.
സി.പി.ഐ.എമ്മിന് കൊല്ലത്ത് ആലോചിക്കാന്‍ കഴിയുന്നതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥിയാണ് കെ.എന്‍ ബാലഗോപാല്‍. ഒരേ വിധത്തില്‍ ജനകീയന്‍ അതുപോലെതന്നെ നല്ല സംഘാടകന്‍. വിദ്യാര്‍ഥി-യുവജന നേതാവ് എന്ന നിലയില്‍ തന്നെ ദേശീയ ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞ വ്യക്തിത്വത്തിന് ഉടമയാണ് ബാലഗോപാല്‍. ഏറ്റവും മികച്ച രീതിയില്‍ കൊല്ലത്ത് ശക്തമായ വേരുകളുള്ള സി.പി.ഐയുമായി ഉള്ള ബന്ധം നിലനിര്‍ത്തുന്ന നേതാവ് എന്ന വളരെ പ്രസക്തമായ ഒരു ഘടകവും ബാലഗോപാലിന് അനുകൂലമാണ്. സമീപകാലങ്ങളില്‍ ടിവി ചര്‍ച്ചകളിലെ നല്ല പ്രകടനവും ബാലഗോപാലിനെ ശ്രദ്ധേയനാക്കുന്നുണ്ട്.
മികച്ച പാര്‍ലമെന്ററി പ്രവര്‍ത്തകന്‍ എന്ന പ്രതിച്ഛായ ഉള്ള രണ്ടു പേരാണ് പ്രേമചന്ദ്രനും സി.പി.ഐ.എമ്മിന്റെ സ്ഥാനാര്‍ത്ഥി ബാലഗോപാലും. ബാലഗോപാല്‍ രാജ്യസഭയില്‍ വളരെ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തി സഭാ അധ്യക്ഷന്‍ അടക്കമുള്ളവരുടെ പ്രശംസക്ക് പാത്രമായ വ്യക്തിയാണ്. ഇടതുപക്ഷ കളരിയില്‍ പാര്‍ലമെന്ററി പ്രവര്‍ത്തനം ശീലിച്ച പ്രേമചന്ദ്രന്‍ തനിക്ക് കിട്ടിയ അവസരങ്ങള്‍ പാഴാക്കാതെ മികച്ച പ്രകടനങ്ങള്‍ തന്നെ പുറത്തെടുത്തിട്ടുണ്ട്. ഇത്തരത്തില്‍ ഒരു തുലനം കൊല്ലത്തുകാരെ ബുദ്ധിമുട്ടിക്കുകയേയുള്ളൂ.
ശബരിമലയുടെ ഡൗണ്‍ സ്ട്രീമില്‍ പെടുന്ന മേഖലകള്‍ ധാരാളമുള്ള മണ്ഡലമാണ് കൊല്ലം. ശബരിമല വിഷയം ഏതെങ്കിലും ഘട്ടത്തില്‍ തെരഞ്ഞെടുപ്പിനെ ബാധിക്കുകയാണെങ്കില്‍ കൊല്ലത്ത് അതിന്റെ ഗുണഭോക്താവ് തീര്‍ച്ചയായും പ്രേമചന്ദ്രന്‍ ആയിരിക്കും. നിലവില്‍ അഷ്ടമുടിയുടെ പരപ്പുകളില്‍ ശബരിമല വിഷയം പ്രത്യക്ഷമല്ല. എന്നാല്‍ ആഴങ്ങളിലെ ചുഴിയും
മലരിയും ആര്‍ക്കറിയാം?