ഒരു ഓവറില്‍ എത്ര പന്തെറിയാം, ദേ ഇവന്‍ പത്തെണ്ണം എറിഞ്ഞിട്ടുണ്ട്; ദുസ്വപ്‌നത്തില്‍ പോലും കാണാനാഗ്രഹിക്കാത്ത അരങ്ങേറ്റം
IPL
ഒരു ഓവറില്‍ എത്ര പന്തെറിയാം, ദേ ഇവന്‍ പത്തെണ്ണം എറിഞ്ഞിട്ടുണ്ട്; ദുസ്വപ്‌നത്തില്‍ പോലും കാണാനാഗ്രഹിക്കാത്ത അരങ്ങേറ്റം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 14th April 2024, 8:12 pm

ഐ.പി.എല്‍ 2024ല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സീസണിലെ നാലാം വിജയവും ആഘോഷിച്ചിരിക്കുകയാണ്. കൊല്‍ക്കത്തയുടെ സ്വന്തം തട്ടകമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം.

ലഖ്‌നൗ ഉയര്‍ത്തിയ 162 റണ്‍സിന്റെ വിജയലക്ഷ്യം 26 പന്ത് ബാക്കി നില്‍ക്കവെയായിരുന്നു കൊല്‍ക്കത്ത മറികടന്നത്.

സൂപ്പര്‍ ജയന്റ്‌സിനായി വിന്‍ഡീസ് യുവതാരം ഷമര്‍ ജോസഫ് അരങ്ങേറ്റം കുറിച്ചിരുന്നു. വിന്‍ഡീസിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയില്‍ ഷമര്‍ ജോസഫിന്റെ കരുത്തിലാണ് വിന്‍ഡീസ് കങ്കാരുക്കളെ കീഴടക്കിയത്.

 

രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലെ രണ്ടാം മത്സരത്തില്‍ കളിയുടെ താരമായതും പരമ്പരയുടെ താരമായതും ഷമര്‍ ജോസഫായിരുന്നു. ഇക്കാരണത്താല്‍ തന്നെ ആരാധകരും ക്യാപ്റ്റന്‍ കെ.എല്‍. രാഹുലും താരത്തിന് മേല്‍ ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ ആ പ്രതീക്ഷ പൂര്‍ണമായും കാക്കാന്‍ താരത്തിനായില്ല.

ലഖ്‌നൗവിനായി അരങ്ങേറ്റം കുറിച്ച മത്സരത്തിലെ ആദ്യ ഓവര്‍ എറിയാനായി ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ ഏല്‍പിച്ചത് ഷമര്‍ ജോസഫിനെയായിരുന്നു.

ഓവറിലെ ആദ്യ അഞ്ച് പന്തുകളും മികച്ച രീതിയില്‍ ജോസഫ് എറിഞ്ഞുതീര്‍ത്തിരുന്നു. ഓവറിലെ അവസാന പന്ത് നേരിടാനെത്തിയത് ഫില്‍ സോള്‍ട്ടായിരുന്നു. ഗുഡ് ലെങ്ത്തില്‍ പിച്ച് ചെയ്ത പന്ത് താരം ഷോട്ട് കളിക്കാന്‍ ശ്രമിച്ച സോള്‍ട്ടിന് പിഴയ്ക്കുകയും ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ യാഷ് താക്കൂറിന് ക്യാച്ചെന്ന രീതിയില്‍ പോവുകയുമായിരുന്നു.

പക്ഷേ യാഷ് ആ ക്യാച്ച് പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ താഴെയിടുകയായിരുന്നു. എന്നാല്‍ ആ പന്ത് ഓവര്‍ സ്‌റ്റെപ്പിങ്ങിന്റെ പേരില്‍ നോ ബോളായി വിധിയെഴുതുകയും ചെയ്യപ്പെട്ടു.

ഇതിന് പിന്നാലെ രണ്ട് വൈഡും മറ്റൊരു നോ ബോളുമാണ് ഷമര്‍ ജോസഫ് എറിഞ്ഞത്. ഒടുവില്‍ ആദ്യ ഓവര്‍ അവസാനിക്കാന്‍ 10 ഡെലിവെറികളാണ് ആവശ്യമായി വന്നത്.

0, 1LB, 4, 2, 1B, 1NB, 1WD, 5WD, 1NB, 6 എന്നിങ്ങനെയാണ് താരം പന്തെറിഞ്ഞത്.

ഇതോടെ ഐ.പി.എല്ലില്‍ ആദ്യ ഓവര്‍ പൂര്‍ത്തിയാക്കാന്‍ ഏറ്റവുമധികം പന്തുകള്‍ എറിഞ്ഞ താരം എന്ന മോശം നേട്ടമാണ് ഷമര്‍ ജോസഫിന്റെ പേരില്‍ കുറിക്കപ്പെട്ടത്.

മത്സരത്തില്‍ നാല് ഓവര്‍ പന്തെറിഞ്ഞ ഷമര്‍ ജോസഫ് വിക്കറ്റൊന്നും നേടാതെ 47 റണ്‍സാണ് വഴങ്ങിയത്. 11.75 ആണ് താരത്തിന്റെ എക്കോണമി.

ഏപ്രില്‍ 19നാണ് ലഖ്‌നൗവിന്റെ അടുത്ത മത്സരം. സൂപ്പര്‍ ജയന്റ്‌സിന്റെ ഹോം സ്‌റ്റേഡിയമായ എകാന സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടക്കുന്ന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എതിരാളികള്‍.

 

Content Highlight: LSG vs KKR: Shamar Joseph creates a poor record on debut