ഐ.പി.എല്‍ 2023ലെ എലിമിനേറ്റര്‍ മത്സരം ചെപ്പോക്കില്‍ വെച്ച് നടക്കുകയാണ്. നോക്ക് ഔട്ട് മത്സരത്തില്‍ പോയിന്റ് പട്ടികയിലെ മൂന്നാം സ്ഥാനക്കാരായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സും നാലാം സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സുമാണ് ഏറ്റമുട്ടുന്നത്.
മത്സരത്തില്‍ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാറ്റിങ് തെരഞ്ഞെടുത്തു. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് മുംബൈ നേടിയത്.
മുംബൈ ഇന്നിങ്‌സിനിടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ച ഒരു ട്വീറ്റാണ് ചര്‍ച്ചയാകുന്നത്. ഒരു കാടിന്റെ ചിത്രമാണ് ലഖ്‌നൗ ആരാധകരുമായി പങ്കുവെച്ചത്.
ഐ.പി.എല്‍ പ്ലേ ഓഫില്‍ എറിയുന്ന ഓരോ ഡോട്ട് ബോളിനും 500 മരം വീതം നടുമെന്ന് ബി.സി.സി.ഐ പ്രഖ്യാപിച്ചിരുന്നു. ആദ്യ ഓവറുകളില്‍ മുംബൈ സ്‌കോര്‍ കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നതിനിടെയായിരുന്നു ലഖ്‌നൗവിന്റെ പോസ്റ്റ്.
ആദ്യ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് നാല് പന്തില്‍ റണ്‍സെടുക്കാന്‍ സാധിക്കാതെ വന്നതോടെ ട്രോളുകളും ഉയര്‍ന്നിരുന്നു. ഈ കാടുണ്ടാക്കാന്‍ രോഹിത് ശര്‍മ ഒറ്റയ്ക്ക് മതിയെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.
ഒടുവില്‍ പത്ത് പന്ത് നേരിട്ട് 11 റണ്‍സുമായി രോഹിത് മടങ്ങിയപ്പോള്‍ 3500 മരങ്ങളാണ് താരം ഭൂമിക്ക് സമ്മാനിച്ചത്. ഇതിന് പിന്നാലെ അഞ്ച് കപ്പ് നേടിയ ക്യാപ്റ്റനെ കളിയാക്കരുതെന്നും കമന്റുകളുയര്‍ന്നിരുന്നു.
മുംബൈയുടെ ബാറ്റിങ് കഴിഞ്ഞ് ലഖ്‌നൗവിന്റെ ഇന്നിങ്‌സ് ആരംഭിച്ചിട്ടും ഈ പോസ്റ്റിന് കീഴെ ചര്‍ച്ചകള്‍ തകൃതിയായി തുടരുകയാണ്. കൊണ്ടും കൊടുത്തും ഇരുടീമിന്റെയും ആരാധകര്‍ സജീവമാവുകയാണ്.
അതേസമയം, മുംബൈ ഉയര്‍ത്തിയ 183 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ലഖ്‌നൗവിന് രണ്ടാം വിക്കറ്റും നഷ്ടമായി. നിലവില്‍ എട്ട് ഓവര്‍ പിന്നിടുമ്പോള്‍ 68 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയിലാണ് ലഖ്‌നൗ.
13 പന്തില്‍ നിന്നും 18 റണ്‍സ് നേടിയ കൈല്‍ മയേഴ്‌സിന്റെയും ആറ് പന്തില്‍ നിന്നും മൂന്ന് റണ്ണെടുത്ത പ്രേരക് മന്‍കാദിന്റെയും വിക്കറ്റാണ് ലഖ്‌നൗവിന് നഷ്ടമായത്.