'മധുരമുള്ള മാങ്ങ കഴിക്കൂ, വിരാടിന്റെ പുറത്താവല്‍ ആഘോഷമാക്കൂ'
IPL
'മധുരമുള്ള മാങ്ങ കഴിക്കൂ, വിരാടിന്റെ പുറത്താവല്‍ ആഘോഷമാക്കൂ'
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 9th May 2023, 8:50 pm

ഐ.പി.എല്‍ 2023ലെ 54ാം മത്സരത്തിനാണ് മുംബൈ ഇന്ത്യന്‍സിന്റെ ഹോം സ്‌റ്റേഡിയം സാക്ഷിയാകുന്നത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെയാണ് ഹോം ടീം നേരിടുന്നത്.

ഈ മത്സരത്തില്‍ വിജയിക്കുന്ന ടീമിന് പോയിന്റ് ടേബിളില്‍ വമ്പന്‍ കുതിച്ചുചാട്ടമുണ്ടാക്കാന്‍ സാധിക്കുമെന്നിരിക്കെ വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇരുസംഘവും വാംഖഡെയിലേക്കിറങ്ങിയത്.

നിലവില്‍ പട്ടികയില്‍ ആറാം സ്ഥാനത്തുള്ള ആര്‍.സി.ബിയെയും എട്ടാം സ്ഥാനത്തുള്ള മുംബൈ ഇന്ത്യന്‍സിനെയും ഈ വിജയം കൊണ്ടുചെന്നെത്തിക്കുക മൂന്നാം സ്ഥാനത്തേക്കാണ്.

 

 

മത്സരത്തില്‍ ടോസ് നേടിയ മുംബൈ നായകന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മികച്ച തുടക്കമായിരുന്നില്ല ആര്‍.സി.ബിക്ക് ലഭിച്ചത്. ആദ്യ ഓവറില്‍ തന്നെ മുന്‍ നായകന്‍ വിരാട് കോഹ്‌ലിയെ ടീമിന് നഷ്ടമായിരുന്നു.

ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കിയായിരുന്നു വിരാടിന്റെ മടക്കം. നാല് പന്തില്‍ നിന്നും ഒരു റണ്‍സ് മാത്രം നേടിയാണ് താരം പുറത്തായത്.

വിരാടിന്റെ പുറത്താകലിന് തൊട്ടുപിന്നാലെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ യുവതാരം നവീന്‍ ഉള്‍ ഹഖ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് ചര്‍ച്ചയാകുന്നത്.

നേരത്തെ നടന്ന ആര്‍.സി.ബി – എല്‍.എസ്.ജി മത്സരത്തിലെ ഇരുവരും തമ്മിലുള്ള വാക്കേറ്റം വലിയ തോതില്‍ ചര്‍ച്ചയായിരുന്നു. ഇതിന് ശേഷം നവീന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രവും ഗംഭീര്‍ അതിന് നല്‍കിയ മറുപടിയും ഐ.പി.എല്ലിലെ ചര്‍ച്ചാ വിഷയമായിരുന്നു.

 

ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് താരത്തിന്റെ ഈ സ്‌റ്റോറിയും ചര്‍ച്ചയാകുന്നത്.

അതേസമയം, 13 ഓവര്‍ പിന്നിടുമ്പോള്‍ ആര്‍.സി.ബി 140 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. 33 പന്തില്‍ നിന്നും 68 റണ്‍സ് നേടിയ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ വിക്കറ്റാണ് ബെംഗളൂരുവിന് അവസാനമായി നഷ്ടമായത്.

37 പന്തില്‍ നിന്നും 61 റണ്‍സുമായി ക്യാപ്റ്റന്‍ ഫാഫ് ഡു പ്ലെസിസും ഒരു പന്തില്‍ ഒരു റണ്‍സുമായി മഹിപാല്‍ ലോംറോറുമാണ് ക്രീസില്‍.

 

Content highlight: LSG star Naveen Ul Haq’s Instagram story goes viral after Virat Kohli’s dismissal against Mumbai Indians