| Friday, 28th April 2023, 9:28 pm

അടിയോടടി🔥 പൊരിഞ്ഞ അടി🔥 പഞ്ചാബിന്റെ കണ്ണില്‍ നിന്നും പൊന്നീച്ച പാറുന്ന അടി; ഐ.പി.എല്ലിന്റെ ചരിത്രത്തില്‍ രണ്ടാമത് 😲 😲

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്‍ 2023ലെ 38ാം മത്സരത്തില്‍ പടുകൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സാണ് എല്‍.എസ്.ജി പടുത്തുയര്‍ത്തിയത്.

ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ലഖ്‌നൗവിന്റെ ബാറ്റില്‍ നിന്നും മൊഹാലിയില്‍ പിറന്നത്. ഐ.പി.എല്ലിന്റെ ചരിത്രത്തിലെ രണ്ടാമത് മാത്രം 250+ ടോട്ടല്‍ കൂടിയാണിത്.

പഞ്ചാബ് നിരയില്‍ പന്തെറിഞ്ഞ എല്ലാവരും ഒരു മയവും ഇല്ലാതെ അടി വാങ്ങിക്കൂട്ടിയിരുന്നു. എതിരാളികളുടെ ഗ്രൗണ്ടില്‍ ബൗളര്‍മാരോട് ഒരു ബഹുമാനവുമില്ലാതെയാണ് ലഖ്‌നൗ പഞ്ചാബ് സിംഹങ്ങളെ അടിച്ചുകൂട്ടിയത്.

ആദ്യ ഓവറില്‍ വെറും രണ്ട് റണ്‍സ് മാത്രമാണ് പിറന്നത്. ക്യാപ്റ്റന്‍ കെ.എല്‍. രാഹുലാണ് ഈ മെല്ലെപ്പോക്കിന് കാരണമായത്. എന്നാല്‍ അര്‍ഷ്ദീപ് സിങ്ങെറിഞ്ഞ രണ്ടാം ഓവറില്‍ നാല് ബൗണ്ടറിയടക്കം 17 റണ്‍സാണ് കൈല്‍ മയേഴ്‌സ് അടിച്ചുകൂട്ടിയത്.

രണ്ടാം ഓവറില്‍ തുടങ്ങിയ ലഖ്‌നൗവിന്റെ വെടിക്കെട്ട് അവസാന ഓവര്‍ വരെ തുടര്‍ന്നു. ക്യാപ്റ്റന്‍ കെ.എല്‍. രാഹുല്‍ പുറത്തായതിന് പിന്നാലെയാണ് സൂപ്പര്‍ ജയന്റ്‌സ് ഇന്നിങ്‌സിന് വേഗം കൂടിയത്.

കൈല്‍ മയേഴ്‌സ് തുടങ്ങിവെച്ച വെടിക്കെട്ട് പിന്നാലെയെത്തിയ ആയുഷ് ബദോനിയും മാര്‍ക്‌സ് സ്‌റ്റോയിനിസും നിക്കോളാസ് പൂരനും ഏറ്റെടുത്തു.

മയേഴ്‌സ് 24 പന്തില്‍ നിന്നും ഏഴ് ബൗണ്ടറിയും നാല് സിക്‌സറുമായി 54 റണ്‍സ് നേടിയപ്പോള്‍ ബദോനി 24 പന്തില്‍ നിന്നും 43 റണ്‍സ് നേടി.

ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറുമായി 70 റണ്‍സ് നേടിയ മാര്‍കസ് സ്റ്റോയിനിസും 19 പന്തില്‍ നിന്നും 45 റണ്‍സുമായി പൂരനും തിളങ്ങി.

പഞ്ചാബ് നിരയില്‍ നാല് ഓവര്‍ പന്തെറിഞ്ഞ് 52 റണ്‍സ് വഴങ്ങി റബാദ രണ്ട് വിക്കറ്റ് വീഴ്ത്തി. നാല് ഓവറില്‍ 54 റണ്‍ഡസ് വഴങ്ങിയ അര്‍ഷ്ദീപും മൂന്ന് ഓവറില്‍ 38 റണ്‍സ് വഴങ്ങിയ സാം കറനും ഒരു ഓവറില്‍ 19 റണ്‍സ് വഴങ്ങിയ ലിയാം ലിവിങ്‌സ്റ്റണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content highlight: LSG scored second highest total in history of IPL

We use cookies to give you the best possible experience. Learn more