| Saturday, 25th May 2024, 5:32 pm

ലഖ്‌നൗവിലെ 50,000ല്‍ 48,000 പേരും ധോണിയുടെ ജേഴ്‌സിയില്‍; ലോകത്തെ പല ക്യാപ്റ്റന്‍മാരും ധോണിയെ പോലെയാകാന്‍ കൊതിക്കുന്നു: ലഖ്‌നൗ കോച്ച്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ഇതിഹാസ താരം എം.എസ്. ധോണിയുടെ ആരാധക പിന്തുണയെ കുറിച്ച് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍. ലോകമെമ്പാടും ധോണി തരംഗമുണ്ടെന്നും പല ക്യാപ്റ്റന്‍മാരും ചെന്നൈ സൂപ്പര്‍ കിങ്‌സ് മുന്‍ നായകനെ പോലെയാകാന്‍ ശ്രമിക്കുകയാണെന്നും ലാംഗര്‍ പറഞ്ഞു.

‘ചെന്നൈ സൂപ്പര്‍ കിങ്‌സ് ലഖ്‌നൗവില്‍ കളിക്കാനെത്തിയപ്പോള്‍ 50,000 ആരാധകരില്‍ 48,000 പേരും ധോണിയുടെ പേരെഴുതിയ ഏഴാം നമ്പര്‍ ജേഴ്‌സിയാണ് ധരിച്ചിരുന്നത്. എനിക്കത് ഒട്ടും വിശ്വസിക്കാന്‍ സാധിച്ചില്ല. ഞങ്ങള്‍ ചെന്നൈയിലെത്തിയപ്പോള്‍ നൂറ് ശതമാനം ആളുകളും ധോണി ജേഴ്‌സിയിലായിരുന്നു.

ഇപ്പോള്‍ ലോകമെമ്പാടും ഒരു ധോണി തരംഗമുണ്ട്. പല ക്യാപ്റ്റന്‍മാരും ധോണിയെ പോലെയാകാനാണ് കൊതിക്കുന്നത്,’ ബി.ബി.സിക്ക് നല്‍കി അഭിമുഖത്തില്‍ ലാംഗര്‍ പറഞ്ഞു.

ധോണിയുടെ ആരാധക പ്രീതിയെ കുറിച്ച് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം വിരേന്ദര്‍ സേവാഗും നേരത്തെ സംസാരിച്ചിരുന്നു. ധോണി ഇനിയൊരു ഐ.പി.എല്‍ കളിക്കാന്‍ സാധ്യതയില്ലെന്നും അങ്ങനെ സംഭവിച്ചാല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ആരാധകരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്നുമാണ് സേവാഗ് പറഞ്ഞത്.

‘കഴിഞ്ഞ മൂന്ന് വര്‍ഷമായി നമ്മള്‍ എം.എസ്. ധോണിയുടെ വിരമിക്കലിനെ കുറിച്ചാണ് സംസാരിക്കുന്നത്. എന്നാല്‍ ഓരോ തവണയും നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം കളത്തിലിറങ്ങുന്നു. എന്നാല്‍ ഇത് അദ്ദേഹത്തിന്റെ അവസാന സീസണ്‍ ആയിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്.

ഇപ്പോള്‍ തന്നെ അദ്ദേഹത്തിന് 42 വയസായി. ഒരു വര്‍ഷം കൂടി കളിക്കുക എന്നത് ബുദ്ധിമുട്ടായിരിക്കും. അടുത്ത വര്‍ഷം അദ്ദേഹത്തിന് 43 വയസാകും. ഈ പ്രായത്തില്‍ വിരലിലെ ചെറിയ വേദന പോലും മുഖത്ത് പ്രതിഫലിച്ച് കാണാന്‍ സാധിക്കും.

ചെന്നൈ സൂപ്പര്‍ കിങ്സിന് നിലവില്‍ മികച്ച ആരാധക പിന്തുണയുണ്ട്. ഇതിന് കാരണം എം.എസ്. ധോണി തന്നെയാണ്. ബെംഗളൂരുവില്‍ പോലും മഞ്ഞ ജേഴ്സിയണിഞ്ഞ നിരവധി ആരാധകരെ കാണാന്‍ നമുക്ക് സാധിച്ചു.

പക്ഷേ ധോണി ഐ.പി.എല്ലില്‍ നിന്നും വിരമിച്ചാല്‍ ഇത് തുടരുമെന്ന് എനിക്ക് തോന്നുന്നില്ല. ആരാധകക്കൂട്ടം പിരിയും. ചെന്നൈ സൂപ്പര്‍ കിങ്സിനെ പിന്തുണയ്ക്കുന്നതിനായി ആരാധകര്‍ രാജ്യത്തിന്റെ വിവധ സ്റ്റേഡിയങ്ങളിലേക്ക് യാത്ര ചെയ്യുന്നത് കാണാന്‍ സാധിക്കില്ല,’ എന്നായിരുന്നു സേവാഗ് പറഞ്ഞത്.

Content Highlight: LSG coach Justin Langer about MS Dhoni

We use cookies to give you the best possible experience. Learn more