സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മുദ്രാവാക്യങ്ങള്‍ വേണ്ട; പുതിയ നിയമവുമായി ഓം ബിര്‍ള; നടപടി ഫലസ്തീന്‍ അനുകൂല മുദ്രാവാക്യത്തിന് പിന്നാലെ
national news
സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ മുദ്രാവാക്യങ്ങള്‍ വേണ്ട; പുതിയ നിയമവുമായി ഓം ബിര്‍ള; നടപടി ഫലസ്തീന്‍ അനുകൂല മുദ്രാവാക്യത്തിന് പിന്നാലെ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 4th July 2024, 12:09 pm

 

ന്യൂദല്‍ഹി: സത്യപ്രതിജ്ഞാ വേളയില്‍ എം.പിമാര്‍ മുദ്രാവാക്യം വിളിക്കുന്നത് വിലക്കി സ്പീക്കര്‍. 18ാം ലോക്‌സഭയിലെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ചില എം.പിമാര്‍ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയ പശ്ചാത്തലത്തിലാണ് നടപടി. നിലവിലുള്ള നിയമത്തില്‍ സ്പീക്കര്‍ ഭേദഗതി വരുത്തി.

തെരഞ്ഞെടുക്കപ്പെട്ട എം.പിമാര്‍ സഭയില്‍ അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമ്പോള്‍ അതിനിടെ ഒരു പരാമര്‍ശവും ചേര്‍ക്കാന്‍ പാടില്ലെന്നാണ് പുതിയ ഭേദഗതി.

‘ഡയരക്ഷന്‍ 1′ ലെ ഭേദഗതി അനുസരിച്ചാവണം ഒരു അംഗം പ്രതിജ്ഞ നടത്തേണ്ടതെന്ന് പുതിയ ക്ലോസ് 3 പ്രസ്താവിക്കുന്നു, കൂടാതെ സത്യപ്രതിജ്ഞാ വാചകങ്ങള്‍ അല്ലാതെ അതില്‍ കൂടുതല്‍ ഒരു വാക്കോ പദപ്രയോഗമോ ഉപയോഗിക്കരുത്. മറ്റേതെങ്കിലും രീതിയിലുള്ള ഒരു പരാമര്‍ശങ്ങളും പ്രതിജ്ഞയ്‌ക്കൊപ്പം പറയാന്‍ പാടില്ല,’ പുതിയ ഭേദഗതിയില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്നതിനിടെ നിരവധി അംഗങ്ങള്‍ ‘ജയ് സംവിധാന്‍’, ‘ജയ് ഹിന്ദു രാഷ്ട്ര’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. ഇതില്‍ കൂടുതല്‍ വിവാദമായത് ഹൈദരാബാദ് എം.പിയും എ.ഐ.എം.ഐ.എം അധ്യക്ഷനുമായ അസദുദ്ദീന്‍ ഉവൈസിയുടെ ജയ് ഫലസ്തീന്‍ മുദ്രാവാക്യമായിരുന്നു. ഇതിന് പിന്നാലെ വലിയ വിമര്‍ശനമായിരുന്നു സഭയില്‍ ഉയര്‍ന്നത്.

നിരവധി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുമ്പോഴും സത്യവാങ്മൂലം നല്‍കുമ്പോഴും തങ്ങളുടെ രാഷ്ട്രീയം പ്രകടിപ്പിക്കത്തക്ക രീതിയിലുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്ന് പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജുവും ആരോപിച്ചിരുന്നു.

ജയ് ഫലസ്തീന്‍ മുദ്രാവാക്യം വിളിച്ച അസദുദ്ദീന്‍ ഉവൈസിയെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തുകയും ചെയ്തിരുന്നു. ഉവൈസിയുടെ പരാമര്‍ശം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഭരണഘടനാ ലംഘനമാണെന്നുമാണ് ബി.ജെ.പി ആരോപിച്ചത്.

അഞ്ചാം തവണ ഹൈദരാബാദില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം സത്യപ്രതിജ്ഞയ്ക്ക് ശേഷം ജയ് ഭീം, ജയ് മീം, ‘ജയ് തെലങ്കാന’, ‘ജയ് ഫലസ്തീന്‍’ എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുകയായിരുന്നു.

ലോക്‌സഭയില്‍ ഉവൈസിയെ സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചതോടെ ബി.ജെ.പി എം.പിമാര്‍ ജയ് ശ്രീറാം മുദ്രാവാക്യം മുഴക്കിയിരുന്നു. ഇതിനു പിന്നാലെ ഖുര്‍ആനിലെ സൂക്തങ്ങളോടെയാണ് ഉവൈസി സത്യപ്രതിജ്ഞ ആരംഭിച്ചത്. തുടര്‍ന്നായിരുന്നു ഫലസ്തീന്‍ ഐക്യദാര്‍ഢ്യ മുദ്രാവാക്യമുള്‍പ്പെടെ അദ്ദേഹം ഉയര്‍ത്തിയത്.

Content Highlight: LS Speaker Amends Rules; Bars Members from Raising Slogans During Oath