ന്യൂദല്‍ഹി: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിക്ക് തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഹരിയാന മുന്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ സഹായിച്ചത് അവരുടെ കപട ദേശീയവാദമാണെന്നും, എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുക പ്രാദേശികമായ യഥാര്‍ത്ഥ പ്രശ്‌നങ്ങളായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നത് കപട ദേശീതയെ മുന്‍നിര്‍ത്തിയാണ്. എന്നാല്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രാദേശിക വിഷയങ്ങളായിരിക്കും ചര്‍ച്ച ചെയ്യപ്പെടുക. കോണ്‍ഗ്രസ് അതില്‍ വിജയിക്കുകയും ചെയ്യും. ബി.ജെ.പി സര്‍ക്കാറിനെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് സംസ്ഥാനത്തെ ജനങ്ങള്‍’- അദ്ദേഹം പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.
മുന്‍ എം.പിമാരും എം.എല്‍.എമാരും മറ്റ് ഭാരവാഹികളുമായി നടത്തിയ യോഗത്തിന് ശേഷമാണ് ഭൂപീന്ദര്‍ സിംഗ് ഹൂഡയുടെ പ്രതികരണം. 90 അംഗ നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടക്കും.
മോദി ഫാക്ടറും, കപട ദേശീയതയുമാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായതെന്നും അദ്ദേഹം വിലയിരുത്തി. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഐക്യത്തോടെ മത്സരത്തിനിറങ്ങാം എന്ന് ഇന്ന് നടന്ന യോഗത്തില്‍ തീരുമാനമായെന്നും ഹൂഡ പറഞ്ഞു. ഹരിയാനയിലെ കോണ്‍ഗ്രസിലെ ഉള്‍പ്പാര്‍ട്ടി പോര് രൂക്ഷമായിരുന്നു. പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ അശോക് തന്‍വര്‍ മുതിര്‍ന്ന നേതാവ് ജൈതിരാഥ് ദാഹിയക്കെതിരെ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതുന്ന അവസ്ഥയിലേക്ക് പോര് നീണ്ടിരുന്നു.
ഭൂപീന്ദര്‍ സിംഗ് ഹൂഡ ലോക്സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും പരാജയപ്പെട്ടു. സോനപത്ത് സീറ്റിലാണ് മത്സരിച്ചത്. മകന്‍ അരവിന്ദ് ശര്‍മ്മ റോഖ്ടോകിലും പരാജയപ്പെട്ടിരുന്നു.