| Monday, 3rd June 2019, 8:58 pm

ലോക്‌സഭാ തെരഞ്ഞെടുപ്പ് സൈക്കിളും ഫെറാരിയും തമ്മിലുള്ള മത്സരമായിരുന്നു; ബി.ജെ.പി ജയിച്ചത് പണക്കൊഴുപ്പ് കൊണ്ടാണെന്ന് അഖിലേഷ് യാദവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വിജയിച്ചത് വികസനപ്രവര്‍ത്തനങ്ങള്‍ കാരണമല്ല, മറിച്ച് പണക്കൊഴുപ്പ് കൊണ്ടാണെന്ന് എസ്.പി നേതാവ് അഖിലേഷ് യാദവ്. 17ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പിനെ സൈക്കിളും ഫെറാരിയും തമ്മിലുള്ള മത്സരം എന്നാണ് അഖിലേഷ് വിശേഷിപ്പിച്ചത്. എസ്.പിയുടെ തെരഞ്ഞെടുപ്പ് ചിഹ്നം കൂടിയാണ് സെെക്കിള്‍.

‘ഞങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. എന്നാല്‍ സമാജ് വാദി പാര്‍ട്ടി നടത്തിയ വികസനപ്രവര്‍ത്തനങ്ങളുമായി ബി.ജെ.പിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ താരത്മ്യം ചെയ്യാന്‍ ഞാന്‍ ഇന്നും അവരെ ക്ഷണിക്കുകയാണ്. അവര്‍ക്ക് വാദിച്ചു നില്‍ക്കാന്‍ പോലും കഴിയില്ല. അവര്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തിയതു കൊണ്ടല്ല തെരഞ്ഞെടുപ്പില്‍ ജയിച്ചത്’- ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.

‘ഇത് സൈക്കിളും ഫെറാരി കാറും തമ്മിലുള്ള മത്സരമായിരുന്നു. എല്ലാ ദിവസവും ടി.വിയിലുണ്ടായിരുന്നതാരാണ്? ടി.വി ചാനലുകള്‍ ആരുടെ അധീനതയിലായിരുന്നു?’-അഖിലേഷ് ചോദിക്കുന്നു.

സഖ്യം ചേര്‍ന്ന് മത്സരിച്ചിട്ടും എസ്.പിക്കും ബി.എസ്.പിക്കും ആര്‍.എല്‍.ഡിക്കും യു.പിയില്‍ പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

‘ഇത് വ്യത്യസ്തമായ ഒരു പോരാട്ടമായിരുന്നു. അവര്‍ എസ്.പി-ബി.എസ്.പി സഖ്യത്തെ മുസ് ലിംങ്ങളുടേയും, യാദവരുടേയും, ദളിതുകളുടേയും സഖ്യമായാണ് ഉയര്‍ത്തിക്കാണിച്ചത്. ഞങ്ങള്‍ എന്തിനു വേണ്ടിയാണ് പോരാടുന്നതെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ സാധിച്ചില്ല. ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള കഴിവ് ബി.ജെ.പിക്ക് മാത്രമായിരുന്നു’- അഖിലേഷ് പറയുന്നു.

ലോക്‌സഭാ സീറ്റില്‍ എസ്.പിക്ക് അഞ്ചു സീറ്റ് മാത്രമാണ് ലഭിച്ചത്. ബി.എസ്.പിക്ക് പത്ത് സീറ്റ് ലഭിച്ചപ്പോള്‍ ആര്‍.എല്‍.ഡിക്ക് ഒരിടത്തും ജയിക്കാന്‍ കഴിഞ്ഞില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ വരുന്ന ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പിക്ക് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മഹാസഖ്യം പ്രതീക്ഷിച്ചത്ര ഫലം കണ്ടില്ലെന്നും യാദവ വോട്ടുകള്‍ ബി.എസ്.പിയ്ക്ക് നേടിക്കൊടുക്കാന്‍ എസ്.പിക്കു സാധിച്ചില്ലെന്നും മായാവതി പാര്‍ട്ടി നേതാക്കളെ അറിയിച്ചിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 11 മണ്ഡലങ്ങളിലേക്ക് സ്ഥാനാര്‍ത്ഥികളുടെ പട്ടിക തയ്യാറാക്കാനും മായാവതി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി.

അതേസമയം, തെരഞ്ഞെടുപ്പ് പരാജയത്തില്‍ ബി.എസ്.പിയെ കുറ്റപ്പെടുത്തി എസ്.പിയും രംഗത്തുവന്നിരുന്നു. ഡിമ്പിള്‍ യാദവ് ഉള്‍പ്പെടെയുള്ള എസ്.പിയുടെ പ്രമുഖ നേതാക്കളുടെ പരാജയത്തിന് കാരണം ബി.എസ്.പി വോട്ടുകള്‍ കിട്ടാത്തതാണെന്ന വിമര്‍ശനവും എസ്.പി ഉന്നയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more