| Sunday, 10th March 2019, 11:17 am

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം വെെകിട്ട് അഞ്ചു മണിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വെെകുന്നേരം അഞ്ച് മണിക്ക് ഇത് സംബന്ധിച്ച് വാര്‍ത്താ സമ്മേളനം വിളിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷണർ സുനിൽ അറോറ അറിയിച്ചു.

രാഷ്ട്രപതി ഭരണത്തിലിരിക്കുന്ന ജമ്മു കശ്മീരിലെ നിയമസഭാ തെരഞ്ഞെടുപ്പും ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നടത്തണമെന്ന് സംസ്ഥാനത്തെ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നത്തെ വാര്‍ത്താ സമ്മേളനത്തില്‍ ഇതിനെക്കുറിച്ചും അന്തിമ തീരുമാനമുണ്ടായേക്കും.

സിക്കിം, ഒഡീഷ, ആന്ധ്രപ്രദേശ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചേക്കും

ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം വൈകുന്നത് കേന്ദ്ര സര്‍ക്കാറിനെ സഹായിക്കാനാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

Also Read സര്‍ക്കാര്‍ പരസ്യങ്ങള്‍ നിഷേധിക്കുന്നതില്‍ പ്രതിഷേധം; ഒന്നാം പേജ് കാലിയാക്കി കശ്മീര്‍ പത്രങ്ങള്‍

തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കുന്നതിന് മുമ്പ് ഒരു മാസത്തിനിടെ മോദി സര്‍ക്കാര്‍ 157 പദ്ധതികളാണ് പ്രഖ്യാപിച്ചത്. ഈ ആഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍ മാത്രം കേന്ദ്രം എടുത്തത് മുപ്പതോളം തീരുമാനങ്ങളാണ്.

ഊര്‍ജ പദ്ധതികള്‍ക്ക് 31, 000 കോടി രൂപ മുതല്‍ 50 പുതിയ കേന്ദ്രീയ വിദ്യാലയങ്ങള്‍ തുടങ്ങുന്നത് വരെ ഇതില്‍ പെടുന്നു. തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ ചട്ടലംഘനം ആകുമെന്നിരിക്കെയായിരുന്നു പദ്ധതികളുടെ തിരക്കിട്ട പ്രഖ്യാപനവും ഉദ്ഘാടന മാമാങ്കവും മോദി നടത്തിയത്.

പുതിയ ദേശീയപാതകള്‍, പുതിയ റെയില്‍വെ ലൈനുകള്‍, മെഡിക്കല്‍ കോളജുകള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, വാതകപൈപ്പ് ലൈനുകള്‍, വിമാനത്താവളങ്ങള്‍, കുടിവെള്ള പദ്ധതികള്‍, ഊര്‍ജ പദ്ധതികള്‍ തുടങ്ങി ജനപ്രീതി ലക്ഷ്യം വെച്ച് ചെറുതും വലുതുമായ നിരവധി പദ്ധതികളാണ് കേന്ദ്ര സര്‍ക്കാര്‍ തിരക്കിട്ട് പ്രഖ്യാപിച്ചത്

2014ല്‍ മാര്‍ച്ച് അഞ്ചിന് ആയിരുന്നു തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപനം നടത്തിയത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക യാത്രാ പദ്ധതികള്‍ തീരാനായി കാത്തു നില്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന് കോണ്‍ഗ്രസ് നേതാവ് അഹ്മദ് പട്ടേല്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more