ശബരിമല: കഴിഞ്ഞ ദിവസം സന്നിധാനത്ത് അപ്രതീക്ഷിതമായി അരങ്ങേറിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് ആര്‍.എസ്.എസ് നേതാവ് രാജേഷ്. താന്‍ ഒരു ഭക്തനാണെന്നും ഒരു സംഘടനയുടെയും നേതാവല്ലെന്നും പറഞ്ഞ് കൊണ്ടായിരുന്നു പ്രതിഷേധത്തിന് രാജേഷ് നേതൃത്വം നല്‍കിയത്. സമാധാനപരമായി തൊഴുത് ഭക്തര്‍ കടന്നു പോകുന്ന സാഹചര്യത്തിലാണ് നടയടക്കുന്നതിന് തൊട്ട് മുമ്പ് ഉച്ചത്തില്‍ മുദ്രാവാക്യം വിളിയുമായി നീങ്ങിക്കൊണ്ടിരുന്ന സന്നിധാനത്തേക്ക് ചിലരെത്തിയത്.
ആദ്യം അമ്പതോളം പേരായിരുന്നു കുത്തിയിരുന്ന് ശരണവിളിച്ചെത്തിയത്. പിന്നീട് ആളുകള്‍ കൂടിക്കൂടി വരികയായിരുന്നു. സമാധാനപരമായി നാമജപം നടത്തുകയാണെന്ന് പറഞ്ഞ് കൊണ്ടായിരന്നു പ്രതിഷേധക്കാരെത്തിയത്.
ഞങ്ങള്‍ നിഷ്പക്ഷ ഭക്തരാണെന്നും നിഷ്‌ക്കളങ്കരാണെന്നും കൂടെയുള്ളവരും പൊതുവായ ആവശ്യത്തിന് ഒത്തുകൂടിയെന്നായിരുന്നു രാജേഷ് പറഞ്ഞത്. എന്നാല്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ രാജേഷ് ആര്‍.എസ്.എസിന്റെ മുവാറ്റുപുഴ ഇപ്പോഴത്തെ പെരുമ്പാവൂര്‍ കാര്യവാഹകാണ്.
രാജേഷിന്റെ അറസ്റ്റിനെ നാമജപ പ്രതിഷേധം നടത്തിയ ഭക്തനെ പൊലീസ് അറസ്റ്റു ചെയ്തെന്നായിരുന്നു മാധ്യമങ്ങളടക്കം വിശേഷിപ്പിച്ചത്. ഫേസ്ബുക്കിലടക്കം ശബരിമലയിലെ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള കോടതി വിധിക്കെതിരെ നിരന്തരം നുണപ്രചരണവും കലാപാഹ്വാനവും നടത്തിയ ആളാണ് രാജേഷെന്ന വിമര്‍ശനം ശക്തമായിരിക്കുകയാണ്.
ഹരിവരാസനം കഴിഞ്ഞാല്‍ സന്നിധാനത്ത് ബഹളം വെക്കരുതെന്ന ശബരിമലയിലെ ആചാരം ലംഘിച്ചുകൊണ്ടാണ് രാജേഷിന്റെ നതൃത്വത്തില്‍ പ്രതിഷേധം അരങ്ങേറിയത്.
ഹരിവരാസനം പാടി നടയടച്ചശേഷം നേതാക്കളെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും മറ്റുള്ളവര്‍ തടഞ്ഞു. മുഴുവന്‍പേരെയും അറസ്റ്റ്ചെയ്യണമെന്നായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം. തുടര്‍ന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ആലോചിച്ചശേഷം പതിനൊന്നരയോടെ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയവരെ അറസ്റ്റ്ചെയ്യാന്‍ സ്‌പെഷ്യല്‍ ഓഫീസര്‍ തീരുമാനിക്കുകയായിരുന്നു. ബലപ്രയോഗത്തിലൂടെയായിരുന്നു പോലീസ് നടപടി. പിന്നീട് പന്പ പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.
നേരത്തെയും ഭക്തരാണെന്ന വ്യാജേന ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടേയും നേതാക്കള്‍ ശബരിമലയിലെത്തിയിരുന്നു. ആട്ടചിത്തിര വിശേഷ ദിവസം സന്നിധാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളെ ന്യായീകരിക്കുകയും അക്രമം നേരിട്ട സ്ത്രീയെ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും വിലക്കിയ ബി.ജെ.പി തമിഴ്നാട് സെക്രട്ടറി അനുചന്ദ്രയുടെ നടപടി വലിയ വിവാദമായിരുന്നു. അനുചന്ദ്രയും ശബരിമലയിലെത്തിയത് താന്‍ ഭക്തനാണെന്ന് അവകാശപ്പെട്ട് കൊണ്ടായിരുന്നു.
തൃശൂര്‍ സ്വദേശിനിയായ സ്ത്രീ യുവതി എന്നാരോപിച്ച് സന്നിധാനത്ത് വെച്ച് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടയുകയും ആക്രമിക്കുകയും കൊലവിളി നടത്തുകയും ചെയ്തിട്ടും അതിന്റെ വീഡിയോ അടക്കം ചാനലുകള്‍ പുറത്തുവിട്ടിട്ടും അക്രമം നേരിട്ട സ്ത്രീക്കൊപ്പമുണ്ടായിരുന്ന ബി.ജെ.പി നേതാവ് തങ്ങള്‍ അക്രമിക്കപ്പെട്ടിട്ടില്ലാ എന്നായിരുന്നു അന്ന് അനുചന്ദ്ര മാധ്യമങ്ങളോട് പറഞ്ഞത്.
ശബരിമല ദര്‍ശനത്തിനെത്തിയ സ്ത്രീ എന്ന തരത്തിലായിരുന്നു ചാനലുകള്‍ക്ക് മുമ്പില്‍ അനുചന്ദ്ര എന്ന ബി.ജെ.പി നേതാവ് ബൈറ്റ് നല്‍കിയിരുന്നത്. സ്ത്രീയെ മാധ്യമങ്ങളോട് സംസാരിക്കുന്നതില്‍ നിന്നും തടഞ്ഞ് കൊണ്ട് അക്രമം ഒന്നുമുണ്ടായിട്ടില്ല എന്ന തരത്തിലും അക്രമത്തെ ന്യായീകരിച്ചുമുള്ള അനുചന്ദ്രയുടെ ബൈറ്റ് പിന്നീട് സംഘപരിവാര്‍ കേന്ദ്രങ്ങള്‍ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താത്ത നിരവധി ആര്‍.എസ്.എസ് ബി.ജെ.പി നേതാക്കളാണ് പ്രതിഷേധത്തിന് നേതൃത്വം കൊടുക്കാന്‍ ശബരിമലയില്‍ എത്തുന്നത്.
കഴിഞ്ഞ ദിവസം സന്നിധാനത്ത് അപ്രതീക്ഷിതമായി അരങ്ങേറിയ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയതില്‍ അറസ്റ്റിലായത് 65 പേര്‍. ആയിരക്കണക്കിന് അയ്യപ്പ ഭക്തര്‍ സമാധാനപരമായി ദര്‍ശനം നടത്തി മടങ്ങുന്ന സാഹചര്യത്തില്‍ സന്നിധാനത്ത് ബഹളമുണ്ടാക്കി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍് ശ്രമിച്ചവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആയിരക്കണക്കിന് ഭക്തരാണെന്ന് കഴിഞ്ഞ ദിവസം ദര്‍ശനം പൂര്‍ത്തിയാക്കി ശാന്തരായി മടങ്ങിപ്പോയത്.