[share]
[]കൊച്ചി: വിവിധ ആവശ്യങ്ങളുന്നയിച്ച് പെട്രോള്‍ പമ്പ് ഉടമകളും ടാങ്കര്‍ലോറി ഉടമകളും നടത്തുന്ന അനിശ്ചിതകാല സമരം ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിച്ചു. ഇതേത്തുടര്‍ന്ന് സംസ്ഥാനത്ത് ടാങ്കര്‍ലോറികളും പാചകവാതക ട്രക്കുകളും സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.
ടാങ്കര്‍ലോറികള്‍ക്ക് രണ്ട് െ്രെഡവറും ഒരു ഹെല്‍പ്പറും വേണമെന്നുള്ള ഉത്തരവില്‍ പ്രതിഷേധിച്ചും സര്‍വീസ് നടത്തുന്നതിന് സമയനിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെയുമാണ് സമരം.
പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, വിമാന ഇന്ധനം, പാചകവാതകം, രാസപദാര്‍ഥങ്ങള്‍, ഫര്‍ണസ് ഓയില്‍, ടാര്‍, ഭക്ഷ്യ എണ്ണ എന്നിവ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലേക്ക് കൊണ്ടുപോകുന്ന ടാങ്കര്‍ ലോറികളും എല്‍.പി.ജി ട്രക്കുകളുമാണ് സമരത്തിലുള്ളത്.
തൃപ്പൂണിത്തുറ, ഇരുമ്പനം മേഖലയിലെ എച്ച്.പി.സി.എല്‍, ബി.പി.സി.എല്‍, ഐ.ഒ.സി എന്നീ കമ്പനികളില്‍ നിന്നാണ് സംസ്ഥാനത്ത് പെട്രോളിയം ഉത്പന്നങ്ങള്‍ പമ്പുകളില്‍ എത്തിക്കുന്നത്.
സമരം മുന്നില്‍ കണ്ട് ഞായറാഴ്ച ടാങ്കര്‍ലോറികള്‍ക്ക് ഫില്ലിങ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ഡീലര്‍മാരുടെ ഇരുപത് ടാങ്കര്‍ലോറികള്‍ മാത്രമേ പെട്രോളിയം ഉത്പന്നങ്ങള്‍ നിറച്ച് പോയിട്ടുള്ളൂവെന്ന് സംയുക്ത സമര സമിതി ഭാരവാഹികള്‍ പറഞ്ഞു.
അറുനൂറോളം ടാങ്കര്‍ലോറികളാണ് ദിവസവും ഈ കമ്പനികളില്‍ നിന്ന് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോകാറുള്ളത്.
ഉദയംപേരൂരിലെ ഐ.ഒ.സിയുടെ എല്‍.പി.ജി ബോട്ട്‌ലിങ് പ്ലാന്റില്‍ നിന്ന് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിലേക്ക് ഗ്യാസ് സിലിണ്ടര്‍ വിതരണത്തിനായി പോകുന്നുണ്ട്. ഇതോടെ ലോറി സമരം ഗ്യാസ് വിതരണത്തേയും ബാധിക്കുമെന്നാണ് കരുതുന്നത്.