[]ന്യൂദല്‍ഹി: പാചക വാതക സബ്‌സിഡി നല്‍കുന്നത് ബാങ്ക് അക്കൗണ്ട് വഴിയാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം ജൂണ്‍ ഒന്ന് മുതല്‍ പ്രാവര്‍ത്തികമാകും.
രാജ്യത്തെ 18 ജില്ലകളിലാണ് പദ്ധതി ആദ്യ ഘട്ടത്തില്‍ ആരംഭിക്കുന്നത്.[]
കേരളത്തില്‍ വയനാട്, പത്തനംത്തിട്ട ജില്ലകളിലും ജൂണ്‍ ഒന്നോടെ പദ്ധതി നടപ്പില്‍ വരും. 20 ജില്ലകളിലായിരുന്നു പദ്ധതി നടപ്പാക്കാന്‍ നേരത്തെ ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ കര്‍ണ്ണാടകയിലെ മൈസൂര്‍, ഹിമാചല്‍ പ്രദേശിലെ മാണ്ഡി എന്നീ ജില്ലകളെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ആദ്യഘട്ടത്തില്‍നിന്ന് ഒഴിവാക്കി.
പദ്ധതിയുടെ ദേശീയതല ഉദ്ഘാടനം ശനിയാഴ്ച പെട്രോളിയം മന്ത്രി വീരപ്പമൊയ്‌ലി കര്‍ണാടകത്തിലെ തുംകൂരിലും സഹമന്ത്രി പനബക ലക്ഷ്മി ഹൈദരാബാദില്‍ വെച്ചും നിര്‍വ്വഹിക്കും. പദ്ധതി നിലവില്‍ വരുന്നതോടെ ഉപഭോക്താക്കള്‍ വിപണി വിലയനുസരിച്ച് പാചകവാതകം വാങ്ങേണ്ടിവരും.
സബ്‌സിഡി തുക കേന്ദ്രസര്‍ക്കാര്‍ അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കും. ഇതനുസരിച്ച് വയനാട്ടില്‍ സിലിണ്ടര്‍ വാങ്ങുന്ന ഉപഭോക്താവ് 940 രൂപ ആദ്യം നല്‍കണം. സബ്‌സിഡി തുകയായ 500 രൂപ പിന്നീട് അക്കൗണ്ടില്‍ വരും. പത്തനംതിട്ടയില്‍ ഇത് 889 രൂപ, 450 രൂപ എന്നിങ്ങനെയാണ്.
ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെടുത്തിയാണ് സബ്‌സിഡി തുക അക്കൗണ്ടില്‍ നിക്ഷേപിക്കുന്നത്. എന്നാല്‍ ആധാര്‍ കാര്‍ഡില്ലാത്തവര്‍ മൂന്നുമാസത്തിനുള്ളില്‍ കാര്‍ഡെടുത്ത് തുക കൈപറ്റണമെന്നാണ് വ്യവസ്ഥ.
രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ജില്ലകളിലും ഈ വര്‍ഷം അവസാനത്തോടെ പദ്ധതി നടപ്പില്‍ വരുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ ആദ്യഘട്ടം നടപ്പാക്കിയ ജില്ലകളിലെ അവസ്ഥ നോക്കിയാവും മറ്റിടങ്ങളിലേക്കും വ്യാഭിപ്പിക്കുക.