ന്യൂദല്‍ഹി: നല്ലദിനങ്ങള്‍ വരുമെന്ന് വാഗ്ദാനം നല്‍കി കേന്ദ്രത്തില്‍ അധികാരത്തിലേറിയ നരേന്ദ്ര മോദി സര്‍ക്കാര്‍ കഴിഞ്ഞ 16 മാസത്തിനിടെ പാചകവാതകത്തിന് വിലകൂട്ടിയത് 19 തവണ. ഏറ്റവുമൊടുവിലായി പാചകവാതകത്തിന് വിലകൂട്ടിയതോടെ സബ്സിഡിയുള്ള പാചകവാതകത്തിന് 4.50 രൂപയാണ് വര്‍ധിച്ചത്.
Also Read: വിലക്കയറ്റം തടയാന്‍ കഴിയില്ലെങ്കില്‍ മോദി രാജിവെച്ച് പോകണമെന്ന് രാഹുല്‍ഗാന്ധി
കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ ഇതുവരെ 19 തവണയാണ് പാചകവാതകത്തിന് വിലകൂട്ടിയതെന്ന് ദേശീയ മാധ്യമമായ ടൈംസ് നൗ ചാനലായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. സബ്സിഡി ഒഴിവാക്കാനുള്ള നയതീരുമാനത്തിന്റെ ഭാഗമായാണ് എല്ലാ മാസവും പാചകവാതകത്തിനു വില കൂട്ടിക്കൊണ്ടിരിക്കുന്നത്.
പാചകവാതകത്തിന്റെ സബ്സിഡി പൂര്‍ണമായി ഒഴിവാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. കഴിഞ്ഞ ബുധനാഴ്ച നിലവില്‍ വന്ന പുതുക്കിയ വില പ്രകാരം സബ്സിഡി ഇല്ലാത്തവര്‍ സിലിണ്ടര്‍ ഒന്നിന് 93 രൂപയാണ് അധികമായി നല്‍കേണ്ടി വരുന്നത്. സബ്സിഡിയുള്ളതിന് 4.56 രൂപ വര്‍ധിച്ചപ്പോള്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതകത്തിന് 143 രൂപ വര്‍ധിച്ച് 1268 രൂപയുമായി.
വിമാന ഇന്ധനത്തിനും കഴിഞ്ഞ ദിവസം രണ്ട് ശതമാനം വിലകൂട്ടിയിരുന്നു. ആഗസ്റ്റിന് ശേഷം മാത്രം നാല് തവണയാണ് വിമാന ഇന്ധനത്തിന്റെ വില കൂട്ടിയിരിക്കുന്നത്.
പുതുക്കിയ വിലപ്രകാരം 14 കിലോഗ്രാമുള്ള സബ്സിഡിയുള്ള പാചകവാതക സിലണ്ടറിന് 491.13 രൂപയില്‍ നിന്ന് 495.69 രൂപയായി മാറി. സബ്സിഡിയില്ലാത്ത പാചക വാതകത്തിന് 743 രൂപയാണ് പുതിയ വില.
പാചക വാതകത്തിന്റെ സബ്സിഡി വരുന്ന മാര്‍ച്ച് മാസത്തോടെ എടുത്ത് കളയുന്നതിന്റെ ഭാഗമായി എല്ലാ മാസവും പാചക വാതക വില വര്‍ധിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന്‍ ലോക്സഭയില്‍ പറഞ്ഞിരുന്നു. ഇതിന്റെ ഭാഗമായാണ് അടിക്കടിയുണ്ടാകുന്ന വില വര്‍ധനവ്.
ദിനംപ്രതിയുള്ള ഇന്ധനവില പരിഷ്‌കരണത്തിനുശേഷം രാജ്യത്ത് പെട്രോള്‍-ഡീസല്‍ വിലയും കുത്തനെ ഉയരുകയാണ്. 2017 ജൂണ്‍ മുതലായിരുന്നു മാസത്തില്‍ രണ്ട് തവണ വില പരിഷ്‌കരിക്കുന്ന രീതിയില്‍ മാറ്റം വരുത്തി അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങള്‍ക്കനുസൃതമായി പ്രതിദിനം വില പരിഷ്‌കരിക്കാന്‍ ആരംഭിച്ചത്.
പരിഷ്‌കരണം ആരംഭിച്ച് ആദ്യ മാസത്തില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ നേരിയ കുറവ് വന്നിരുന്നെങ്കിലും പിന്നീട് വില ഉയരുന്ന പ്രവണതയാണ് പ്രകടമായത്.
നേരത്തെ െൈടസ് നൗവിന്റെ റിപ്പോര്‍ട്ട് പുറത്തു വന്നതിനു പിന്നാലെ വാര്‍ത്ത ഷെയര്‍ ചെയ്ത കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉന്നയിച്ചിരുന്നു. വിലക്കയറ്റം തടയാനും ആളുകള്‍ക്ക് തൊഴില്‍ നല്‍കാനും പറ്റുന്നില്ലെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെച്ച് പോകണമെന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്.