ഒരു വിലവര്‍ധനയും ഇല്ല, ഇതിനേക്കാള്‍ കൂടുതലല്ലേ ശ്രീലങ്കയിലും പാക്കിസ്ഥാനിലും; പാചകവാതക വിലവര്‍ധനയില്‍ വിചിത്ര ന്യായീകരണവുമായി കേന്ദ്രമന്ത്രി
India
ഒരു വിലവര്‍ധനയും ഇല്ല, ഇതിനേക്കാള്‍ കൂടുതലല്ലേ ശ്രീലങ്കയിലും പാക്കിസ്ഥാനിലും; പാചകവാതക വിലവര്‍ധനയില്‍ വിചിത്ര ന്യായീകരണവുമായി കേന്ദ്രമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th July 2022, 4:32 pm

ന്യൂദല്‍ഹി:ചൊവ്വാഴ്ച നടന്ന ലോക്സഭയുടെ മണ്‍സൂണ്‍ സമ്മേളനത്തില്‍ രാജ്യത്തെ എല്‍.പി.ജി (ദ്രവീകൃത പെട്രോളിയം ഗാസ് )വിലവര്‍ധനയെ ന്യായീകരിച്ച് കേന്ദ്ര പെട്രോളിയവും പ്രകൃതിവാതക മന്ത്രിയുമായ ഹര്‍ദീപ് സിങ് പുരി.

എല്‍.പി.ജി പോലെയുള്ള അവശ്യവസ്തുക്കളുടെ വിലവര്‍ധനയിലുള്ള പ്രതിഷേധം പ്രതിപക്ഷം ഉന്നയിക്കുന്നതിനിടെയാണ് വിലവര്‍ധനയെ ന്യായീകരിച്ച് ഹര്‍ദീപ് സിങ് പുരി പ്രതികരിച്ചത്.

മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ എല്‍.പി.ജി വില വളരെ കുറവാണെന്നും ശ്രീലങ്കയേയും പാക്കിസ്ഥാനേയും യു.എസിനേയും വെച്ച് നോക്കുമ്പോള്‍ ഇന്ത്യയില്‍ ഇപ്പോഴത്തെ വിലയായ 1053 രൂപ കുറവാണെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

ആഗോളതലത്തിലെ എല്‍.പി.ജി വില വിശകലനം ചെയ്യുമ്പോള്‍ ഇന്ത്യയിലെ എല്‍.പി.ജി വിലവര്‍ധനയുടെ തോത് കുറവാണെന്നും, നരേന്ദ്രമോദി സര്‍ക്കാരിന്റെ പൗരത്വ നയങ്ങളുടെ ഭാഗമായാണ് ഈ കുറവെന്നുമാണ് അദ്ദേഹം പറയുന്നത്. ലോകത്തെമ്പാടുമുള്ള നിക്ഷേപത്തുകയിലെ വര്‍ധനവാണ് ലോകത്ത് പാചകവാതകവില ഉയരുന്നതിന് കാരണമെന്നാണ് അദ്ദേഹത്തിന്റെ വാദം.

പ്രാദേശിക നികുതികളുടേയും ഗതാഗത ചെലവുകളുടേയും അടിസ്ഥാനത്തില്‍ രാജ്യത്തുടനീളം വിലകളില്‍ വ്യത്യാസമുണ്ട്. 14.2 കിലോഗ്രാം സിലിണ്ടറിന് കൊല്‍ക്കത്തയില്‍ 1079 രൂപയും, മുംബെയില്‍ 1052.5 രൂപയും, ചെന്നൈയില്‍ 1068..5 രൂപയുമാണ്. തുടര്‍ച്ചയായ വര്‍ധനവിന് പിന്നാലെ കഴിഞ്ഞ ദിവസം വാണിജ്യ ആവശ്യത്തിനുള്ള എല്‍.പി.ജി 19 കിലോഗ്രാം സിലിണ്ടറിന് 200 രൂപ കുറച്ചിട്ടുണ്ട്.

അതേസമയം വിലവര്‍ധവിനെതിരെ വലിയ പ്രതിഷേധമാണ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷം നടത്തുന്നത്. ലോക്‌സഭ സമ്മേളനത്തില്‍ വിഷയം പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിച്ചിട്ടുണ്ട്. വിലവര്‍ധവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ബി.ജെ.പിക്കുള്ളില്‍ തന്നെ ഭിന്നതകള്‍ ഉടലെടുത്തിട്ടുണ്ട്. ഗാര്‍ഹിക ഉപഭോക്താള്‍ക്കുള്ള സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിച്ചതിനെതിരെ ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി കടുത്ത വിമര്‍ശനമായിരുന്നു ഉന്നയിച്ചത്.

രാജ്യത്താകെയുള്ള വിലവര്‍ധനയിലും ഗുജറാത്ത് ഹൂച്ച് ദുരന്തത്തില്‍ 20 പേര്‍ മരണപ്പെട്ട സംഭവത്തിലും പ്രതിപക്ഷം പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് സഭാ നടപടികളെല്ലാം ഇന്ന് ഉച്ചവരെ നിര്‍ത്തിവെച്ചിരുന്നു.

Content Highlight: LPG prices in India continue to be among the lowest in the world