എല്‍.പി.ജി പോര്‍ട്ടബിലിറ്റി സംവിധാനം വ്യാഴാഴ്ച മുതല്‍ നടപ്പിലാകും
India
എല്‍.പി.ജി പോര്‍ട്ടബിലിറ്റി സംവിധാനം വ്യാഴാഴ്ച മുതല്‍ നടപ്പിലാകും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd January 2014, 10:38 pm

[]ന്യൂദല്‍ഹി: എല്‍.പി.ജി പോര്‍ട്ടബിലിറ്റി സംവിധാനം വ്യാഴാഴ്ച മുതല്‍ രാജ്യത്തുടനീളം ലഭ്യമാകും. പാചകവാതക വിതരണ കമ്പനികളെ മാറ്റാന്‍ ഉപഭോക്താവിന് സ്വാതന്ത്ര്യം നല്‍കുന്നതാണ് പുതിയ സംവിധാനം.

മൊബൈല്‍ ഫോണ്‍ കണക്ഷന്‍ ഇഷ്ടാനുസരണം മാറ്റാന്‍ സൗകര്യമുള്ളതുപോലെയുള്ള പുതിയ സംവിധാനം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സൗകര്യം നല്‍കും.

രാജ്യത്താകമാനം 480 ജില്ലകളില്‍ ഈ സംവിധാനം ലഭ്യമാക്കാനുള്ള പദ്ധതിക്ക് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഡോ. എം. വീരപ്പ മൊയ്‌ലി അനുമതി നല്‍കി. പദ്ധതി രാജ്യവ്യാപകമാക്കിയതോടെ 8.2 കോടി ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും.

പോര്‍ട്ടബിലിറ്റി സൗകര്യം ഒരുക്കാനായി എണ്ണവിപണന കമ്പനികള്‍ വിതരണക്കാരുടെ 1400ല്‍ അധികം ക്‌ളസ്റ്ററുകള്‍ക്ക് രൂപം നല്‍കിയിട്ടുണ്ട്. ഓരോ ക്‌ളസ്റ്ററിലും നാലു വിതരണക്കാരെങ്കിലും ഉണ്ടായിരിക്കുമെന്നതിനാല്‍ ഉപഭോക്താവിന് തിരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം ലഭിക്കും. ക്‌ളസ്റ്ററുകളുടെ വിവരങ്ങള്‍ എണ്ണ വിപണന കമ്പനികളുടെ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്.

വിതരണക്കാരെ മാറ്റുന്നതിന് ഉപഭോക്താക്കള്‍ക്ക് www.indane.co.in, www.hpgas.com, www.ebharatgas.com എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാം.

എല്‍.പി.ജി കണക്ഷന്‍ പോര്‍ട്ടബിലിറ്റി സംവിധാനം 2013 ഒക്ടോബറില്‍ 13 സംസ്ഥാനങ്ങളിലെ 24 ജില്ലകളില്‍ പരീക്ഷണാര്‍ഥം നടപ്പാക്കിയിരുന്നു.