| Tuesday, 1st December 2020, 10:20 pm

ന്യൂനമര്‍ദ്ദം 'ബുറെവി' ചുഴലികാറ്റായി മാറി, കേരളത്തിന് അടുത്ത്; കനത്ത ജാഗ്രത നിര്‍ദ്ദേശം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂന മര്‍ദ്ദം പ്രതീക്ഷിച്ച പോലെ ചുഴലിക്കാറ്റായി മാറി കേരള തീരത്തിനോട് അടക്കുന്നു. നിലവില്‍ ശ്രീലങ്കയ്ക്ക് തൊട്ട് അടുത്താണ് ചുഴലിക്കാറ്റ് സ്ഥിതി ചെയ്യുന്നത്. മാലി ദ്വീപ് ആണ് ഈ പ്രാവശ്യം ചുഴലികാറ്റിന് പേരിട്ടിരിക്കുന്നത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ചുഴലികാറ്റ് കന്യാകുമാരിയില്‍ തീരം തൊടാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ കനത്ത ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. നിലവില്‍ കന്യാകുമാരിക്ക് 860 കിലോമീറ്റര്‍ ദൂരെയാണു സ്ഥാനം.

നാളെ വൈകിട്ടോടെ ശ്രീലങ്കന്‍ തീരം കടന്ന് തമിഴ്‌നാട് തീരത്തേയ്ക്കുനീങ്ങുകയും വെള്ളിയാഴ്ച പുലര്‍ച്ചെ കന്യാകുമാരിക്കും പാമ്പനും ഇടയില്‍ തീരം തൊടുമെന്നാണ് കാലവസ്ഥ പ്രവചനം.

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം തന്നെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നിരുന്നു.ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി മാറി തെക്കന്‍ തമിഴ്‌നാട് തീരത്ത് കരയില്‍ പ്രവേശിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചത്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശിയേക്കും.

മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. മത്സ്യ ബന്ധനത്തിന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് പ്രഖ്യാപിച്ചു. തെക്കന്‍ കേരളത്തില്‍ കൂടുതല്‍ ശക്തമായ മഴ രേഖപ്പെടുത്തിയേക്കാം. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Low pressure turns into ‘Burevi’ cyclone, close to Kerala; Heavy caution is advised

We use cookies to give you the best possible experience. Learn more