വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
Kerala News
വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നു; മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th September 2018, 8:02 pm

കോഴിക്കോട്: വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ഒക്ടോബര്‍ ഏഴ്, എട്ട് തീയതികളില്‍ ന്യുനമര്‍ദ്ദം ശക്തിപ്പെട്ട് അറബിക്കടലിന്റെ വടക്ക് പടിഞ്ഞാറന്‍ ഭാഗത്തേക്ക് നീങ്ങുവാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു.

ന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കടല്‍ അതീവ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുള്ളതിനാല്‍ കേരളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികള്‍ ഒക്ടോബര്‍ ആറുമുതല്‍ അറബിക്കടലില്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.


Read Also : കേസ് കൊടുത്തത് മുസ്‌ലിം അഭിഭാഷകന്‍, പിന്നില്‍ ഐ.എസ്; വീണ്ടും വ്യാജ പ്രചാരണവുമായി സംഘപരിവാര്‍


 

ഈ സാഹചര്യത്തില്‍ ദീര്‍ഘനാളത്തെക്ക് അറബികടലില്‍ മത്സ്യ ബന്ധനത്തിന് പോയവര്‍ ഒക്ടോബര്‍ അഞ്ചിന് മുന്‍പ് സുരക്ഷിതമായി തീരം അണയണമെന്നും ഞായറാഴ്ച മുതല്‍ കടലില്‍ പോകുന്നവര്‍ ഈ മുന്നറിയിപ്പ് പരിഗണിച്ച് ഒക്ടോബര്‍ അഞ്ചിന് മുന്‍പ് സുരക്ഷിതമായി തീരത്ത് എത്തണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

തീരദേശ ഗ്രാമങ്ങളിലും തുറമുഖങ്ങളിലും മത്സ്യബന്ധന മേഖലയിലെ ആരാധനാലയങ്ങളിലും തീരപ്രദേശത്തെ ജനപ്രതിനിധികള്‍ക്കും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന മറ്റു സര്‍ക്കാര്‍ സ്ഥപനങ്ങള്‍ക്കും ഫിഷറീസ് വകുപ്പ് ന്യൂനമര്‍ദ്ദവുമായി ബന്ധപ്പെട്ട മുന്നറിയിപ്പ് കൈമാറണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

കടല്‍ ആംബുലന്‍സുകള്‍ സുസജ്ജമാണ് എന്ന് ഉറപ്പുവരുത്തണമെന്നും അടിയന്തിര രക്ഷാപ്രവര്‍ത്തന ബോട്ടുകള്‍ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പ് വരുത്തണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.