വധഭീഷണിയുമായി ബന്ധുക്കള്‍; അര്‍ധരാത്രി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി കമിതാക്കള്‍
Gender Equity
വധഭീഷണിയുമായി ബന്ധുക്കള്‍; അര്‍ധരാത്രി പൊലീസ് സ്റ്റേഷനില്‍ അഭയം തേടി കമിതാക്കള്‍
ആര്യ. പി
Wednesday, 30th May 2018, 5:10 pm

കൊച്ചി: പ്രണയവിവാഹത്തിന് ഒരുങ്ങിയ യുവാവിന് നേരെ വധഭീഷണിയുമായി യുവതിയുടെ ബന്ധുക്കള്‍. തുടര്‍ന്ന് യുവതിയും യുവാവും പൊലീസ് സ്റ്റേഷനില്‍ അഭയം തേടി.

ജീവന് സംരക്ഷണം നല്‍കണമെന്നും വിവാഹം നടത്തിത്തരണമെന്നും ആവശ്യപ്പെട്ട് എറണാകുളം തൃക്കാക്കര പൊലീസ് സ്റ്റേഷനിലാണ് ഇവര്‍ ചൊവ്വാഴ്ച രാത്രി അഭയം തേടിയത്.

കണ്ണൂര്‍ സ്വദേശിനിയായ യുവതിയും പത്തനംതിട്ട എരുമേലി സ്വദേശിയുമായ യുവാവുമാണ് സംരക്ഷണം ആവശ്യപ്പെട്ട് സ്റ്റേഷനിലെത്തിയത്. യുവാവിന്റെ അച്ഛനും അമ്മയും ഇവര്‍ക്കൊപ്പമുണ്ട്. യുവതിയുടെ ബന്ധുക്കളുടെ ഭീഷണിയെ തുടര്‍ന്ന് ഈ മാസം 26 ാം തിയതി മുതല്‍ വിവിധയിടങ്ങളില്‍ ഒളിച്ചുതാമസിക്കുകയായിരുന്നു തങ്ങളെന്ന് ഇവര്‍ പറയുന്നു.

“”യുവതിയുമായുള്ള ബന്ധത്തെ തുടര്‍ന്ന് ഏറെ നാളായി ഭീഷണിയുണ്ട്. ബന്ധം അവസാനിപ്പിച്ചില്ലെങ്കില്‍ കാലും തലയും വെട്ടുമെന്ന് പ്രാദേശിക എസ്.ഡി.പി.ഐ. നേതാവ് കൂടിയായ യുവതിയുടെ ബന്ധു തന്നെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. ഒരേ മതസ്ഥരാണെങ്കിലും തന്റെ സാമ്പത്തിക സ്ഥിതിയാണ് യുവതിയുടെ വീട്ടുകാര്‍ക്ക് പ്രശ്‌നം. വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിച്ചതിനെ തുടര്‍ന്ന് യുവതി വീടുവിട്ട് ഇറങ്ങിപ്പോരുകയായിരുന്നു””- യുവാവ് പറയുന്നു.

അതേസമയം താന്‍ ഒരു മാസമായി വീട്ടുതടങ്കലിലായിരുന്നെന്നും ആശുപത്രിയില്‍ പോകാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയതെന്നും യുവതി പറഞ്ഞു. തിരിച്ചറിയല്‍ രേഖകള്‍ വീട്ടുകാര്‍ തടഞ്ഞുവെച്ചിരിക്കുന്നതിനാല്‍ തങ്ങള്‍ക്ക് വിവാഹം കഴിക്കാനാകുന്നില്ലെന്നും യുവതി പറയുന്നു.

യുവതിയുടെ ബന്ധുക്കള്‍ ഇപ്പോഴും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്നുണ്ട്. ബന്ധുക്കള്‍ തങ്ങളെ പിന്തുടരുന്നതായും ഇവര്‍ സംശയിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് വനിതാ സെല്ലില്‍ പരാതി നല്‍കിയ ശേഷം ഇവര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടുകയായിരുന്നു.

ഇന്നലെ രാത്രി പത്തുമണിയോടെയാണ് ഇവര്‍ സ്റ്റേഷനിലെത്തിയതെന്നും വനിതാ സെല്ലില്‍ പരാതി നല്‍കിപ്പോള്‍ അവരാണ് പൊലീസ് സ്റ്റേഷനില്‍ വരാന്‍ ആവശ്യപ്പെട്ടതെന്നും തൃക്കാക്കര പൊലീസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചു.

“”രാത്രിയെത്തിയ ഇവരെ “സ്നേഹിത” എന്ന് പറയുന്ന ഷെല്‍ട്ടര്‍ ഹോമില്‍ താമസിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കണ്ണൂര്‍ കേളകം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. അതുപ്രകാരം ഇവരെ കോടതിയില്‍ ഹാജരാക്കും. ഇവരുവരുടേയും വിവാഹം കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ പെണ്‍കുട്ടിയെ കോടതി വീട്ടുകാര്‍ക്കൊപ്പം വിട്ടേക്കും””- പൊലീസ് പറഞ്ഞു.

സ്റ്റേഷനില്‍ എത്തിയ യുവാവിനും യുവതിക്കും രാത്രിയില്‍ സുരക്ഷിതമായ താമസ സ്ഥലം ഒരുക്കിയതായി തൃക്കാക്കര എസ്‌ഐ പ്രേംകുമാറും അറിയിച്ചു. ബാക്കി നടപടികള്‍ കോടതി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ പൊലീസ് സ്റ്റേഷനില്‍ ഇവര്‍ എത്തിയിട്ടില്ലെന്നാണ് കണ്ണൂര്‍ കേളകം പൊലീസ് ഡൂള്‍ന്യൂസിനോട് പ്രതികരിച്ചത്. പെണ്‍കുട്ടിയെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് അവരുടെ വീട്ടുകാരുടെ പരാതി ലഭിച്ചിരുന്നു. അവര്‍ ഇവിടെ എത്തിയാല്‍ കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു.

പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയത്ത് നടന്ന ദുരഭിമാന കൊല കേരള രാഷ്ട്രീയത്തില്‍ തന്നെ വലിയ ചര്‍ച്ചാ വിഷയമായിരിക്കുന്ന പശ്ചാത്തലത്തിലാണ് ഇത്തരമൊരു സംഭവം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

പ്രണയവിവാഹത്തിന്റെ പേരില്‍ യുവതിയുടെ ബന്ധുക്കള്‍ തട്ടികൊണ്ട് പോയ കെവിന്‍ പി. ജോസഫിന്റെ മൃതദേഹം രണ്ട് ദിവസം മുന്‍പാണ് ചാലിയേക്കര തോട്ടില്‍ നിന്നും കണ്ടെത്തിയത്.

ബിരുദപഠനത്തിനായി കോട്ടയത്തെത്തിയപ്പോഴാണ് നീനു കെവിന്‍ പി ജോസഫിനെ പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും ഒന്നിച്ചുജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതോടെയാണ് നീനു വീടുവിട്ടിറങ്ങുന്നത്. പരീക്ഷയുടെ ആവശ്യത്തിനെന്ന് പറഞ്ഞാണ് നീനു വീട്ടില്‍ നിന്നും ഇറങ്ങിയത്. തുടര്‍ന്ന് വീട്ടുകാരുടെ ഇടപെടല്‍ ഭയന്ന് കെവിന്‍ നീനുവിനെ ഹോസ്റ്റലില്‍ ആക്കുകയും ചെയ്തു.

ഇതിനിടെയാണ് നീനുവിന്റെ സഹോദരനും ബന്ധുക്കളും ചേര്‍ന്ന് കെവിനെ വീട്ടിലെത്തി ആക്രമിക്കുകയും വാഹനത്തില്‍ കടത്തിക്കൊണ്ടുപോകുകയും ചെയ്തത്.

കെവിനെ കാണാനില്ലെന്ന് പറഞ്ഞ് പിറ്റേദിവസം തന്നെ നീനുവും കെവിന്റെ ബന്ധുക്കളും പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസെടുക്കാനോ അന്വേഷണം നടത്താനോ പൊലീസ് തയ്യാറായിരുന്നില്ല. ഇതിന് പിന്നാലെയാണ് കെവിനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്.

ആര്യ. പി
അസോസിയേറ്റ് എഡിറ്റര്‍, ഡൂള്‍ന്യൂസ്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദം, ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമ. 2011 മുതല്‍ ഡൂള്‍ന്യൂസില്‍ പ്രവര്‍ത്തിക്കുന്നു.