| Friday, 30th December 2016, 5:36 pm

രാജ്യത്തെ സ്‌നേഹിക്കാം; എന്നാല്‍ ദയവുചെയ്ത് അന്ധമായ ദേശഭക്തി പാടില്ലെന്ന് രാഷ്ട്രപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്


തിരുവനന്തപുരം: സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്നതും അതിനെ മഹത്വവല്‍ക്കരിക്കുന്നതും സ്വാഭാവികമാണെങ്കിലും ഉന്നയിക്കുന്ന വാദങ്ങളെ ന്യായീകരിക്കാനായി ചരിത്രസത്യങ്ങളുടെ ഒരുവശം മാത്രം കാണുന്നത് ശരിയല്ലെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി.

രാജ്യത്തെ സ്‌നേഹിക്കാം എന്നാല്‍ ദയവുചെയ്ത് അന്ധമായ ദേശഭക്തി പാടില്ലെന്നും പ്രണബ് മുഖര്‍ജി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ കുറവുകളും ബലഹീനതകളും സംഭവിച്ച തെറ്റുകളും തിരിച്ചറിയാനുള്ള മാര്‍ഗമായിക്കൂടി ചരിത്രസത്യങ്ങളെ കണക്കിലെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എതിര്‍പ്പുകള്‍ക്കും വിയോജിപ്പുകള്‍ക്കുമുള്ള സ്വാതന്ത്ര്യം ജനാധിപത്യ വ്യവസ്ഥിതി നല്‍കുന്ന സ്വാതന്ത്ര്യമാണ്. എന്നാല്‍ അത് അതിരുവിടരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തോടും മതത്തോടും മേഖലകളോടും വ്യക്തികള്‍ക്കുള്ള ചായ്‌വുകള്‍ അവര്‍ ചരിത്രത്തെ വിശകലനം ചെയ്യുമ്പോഴും സ്വാധീനിക്കാറുണ്ട്. ഇതില്‍ നിന്നു മുക്തമായതും വസ്തുനിഷ്ഠവുമായ ചരിത്ര അപഗ്രഥനമാണ് ഉണ്ടാകേണ്ടതെന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.


രാജ്യസ്‌നേഹത്തെ നാടിന്റെ ചരിത്രത്തെ വിശകലനം ചെയ്യുന്നതിനും യാഥാര്‍ത്ഥ്യങ്ങള്‍ ഒളിപ്പിക്കുന്നതിനും മറയായി ഉപയോഗിക്കുന്നത് ശരിയല്ല. സംശയം ഉന്നയിക്കാനുള്ള അവകാശം എതിര്‍ക്കാനുള്ള അവകാശം, ബൗദ്ധികമായി തര്‍ക്കിക്കാനുള്ള അധികാരം ഇവയെല്ലാം രാജ്യത്ത് നിലനില്‍ക്കണം. ജനാധിപത്യത്തിന്റെ നെടുംതൂണായ അവകാശങ്ങളുടെ സംരക്ഷണത്തില്‍ ചരിത്രകാരന്‍മാര്‍ക്ക് തങ്ങളുടെ പങ്ക് നിര്‍വഹിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

അഭിഭാഷകനെപ്പോലെ വാദിക്കുന്നവരല്ല, നീതിമാന്‍മാരെപ്പോലെ നിഷ്പക്ഷരായിരിക്കണം ചരിത്രകാരന്‍മാര്‍. ചരിത്രസംഭവങ്ങള്‍ക്കു നേരെ കാലാകാലങ്ങളില്‍ ഉണ്ടായ പല വിമര്‍ശനങ്ങളും ഒട്ടേറെ പ്രശ്‌നങ്ങള്‍ക്കു വഴി തെളിച്ചിട്ടുണ്ട്. ഭാഷയിലെയും സംസ്‌കാരത്തിലെയും വൈവിധ്യങ്ങളെ അതിജീവിച്ച് ഒറ്റക്കെട്ടായി നില്‍ക്കാന്‍ കഴിയുന്നുവെന്നതാണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രത്യേകത.


ചരിത്രകാരന്‍മാര്‍ ചരിത്രത്തോടു നിതീപുലര്‍ത്തിയിട്ടുണ്ടോ എന്നു പരിശോധിക്കാന്‍ കൂടിയുള്ള വേദിയാണ് ചരിത്ര കോണ്‍ഗ്രസ്. കഴിഞ്ഞ ദിവസം കേരള സര്‍വകാശാല ആതിഥ്യം വഹിച്ച ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.

We use cookies to give you the best possible experience. Learn more