സോളമന്റേയും ശോശാമ്മയുടേയും കഥ പറയുന്ന
Movie Day
സോളമന്റേയും ശോശാമ്മയുടേയും കഥ പറയുന്ന "ആമേന്‍"
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th November 2012, 3:28 pm

പുരാതന ക്രിസ്ത്യന്‍ ദേവാലയത്തിനെ ചുറ്റിപ്പറ്റിയുള്ള കഥയുമായി എത്തുകയാണ് ലിജോ ജോസ് പല്ലശ്ശേരി തന്റെ പുതിയ ചിത്രമായ ആമേനിലൂടെ. കുമാരംഗിരി എന്ന ഗ്രാമവും അവിടെയുള്ള ക്രിസ്ത്യന്‍ ദേവാലയവും ഗ്രാമവാസികളായ സോളമന്റേയും ശോശാമ്മയുടെയുമൊക്കെ കഥയാണ് “ആമേന്‍” പറയുന്നത്.[]

ഫഹദ് ഫാസില്‍, ഇന്ദ്രജിത്ത് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സുബ്രഹ്മണ്യപുരം എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ സ്വാതിയാണ് ചിത്രത്തിലെ നായിക. സിറ്റി ഓഫ് ഗോഡിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന ചിത്രമാണ് “ആമേന്‍”.

ചിത്രത്തില്‍ കപ്യാരായ സോളമനായാണ് ഫഹദ് ഫാസില്‍ എത്തുന്നത്. ശോശാമ്മയായി സ്വാതിയുമെത്തുന്നു. വിന്‍സന്റ് വട്ടോളി എന്ന കഥാപാത്രത്തെയാണ് ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നത്.

സിറ്റി ഓഫ് ഗോഡ് എന്ന ചിത്രത്തില്‍ നിന്നും തികച്ചും വ്യത്യാസം നിറഞ്ഞതായിരിക്കും ആമേനെന്നാണ് സംവിധായകന്‍ പറയുന്നത്. പി.എസ് റഫീഖാണ് ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്. പ്രശസ്ത ഛായാഗ്രഹകനായ അഭിനന്ദ് രാമാനുജമാണ് ചിത്രത്തിന്  വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്.

സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി വരികള്‍ എഴുതിയിരിക്കുന്നത് കാവാലം നാരായണന്‍ പിള്ളയാണ്. സംഗീതം നല്‍കിയിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. വൈറ്റ് സാന്‍സ് മീഡിയയുടെ ബാനറില്‍ ഫരീദ് ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

1930 കളില്‍ മലയാളസിനിമയിലെ സജീവ സാന്നിദ്ധ്യമായ ക്ലാരിനെറ്റ് നോട്ടുകളിലൂടെയാണ് കഥ പറയുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.