തണ്ണീര്‍ മത്തന്‍ദിനങ്ങള്‍, സൂപ്പര്‍ ശരണ്യ തുടങ്ങിയ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡിയും നിര്‍മിച്ച് വിനീത് വാസുദേവന്‍ സംവിധാനം ചെയ്ത് ജനുവരി 20ന് തിയേറ്ററുകളിലെത്തിയ സിനിമയാണ് പൂവന്‍. നായകനായെത്തുന്നത് ആന്റണി വര്‍ഗീസാണ്. എന്നാല്‍ നായകനില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന ഒരു കഥാ പശ്ചാത്തലമല്ല സിനിമയുടേത്.
പൂവനും നായക കഥാപാത്രമായ ഹരിയും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പ്രധാന കഥയായി പറയുമ്പോഴും ചിത്രത്തില്‍ വരുന്ന ഓരോ കഥാപാത്രങ്ങളും അവരുടെ ജീവിതവുമൊക്കെ വളരെ പ്രാധാന്യത്തോടെ സിനിമയില്‍ പരിഗണിക്കുന്നുണ്ട്. പ്രശ്‌നങ്ങള്‍ക്കും കോഴിക്കുമൊക്കെ അപ്പുറത്തേക്ക് മൂന്ന് പ്രണയ കഥകള്‍ കൂടി പൂവന്‍ പറയുന്നുണ്ട്. പരസ്പരം ഒരു തരത്തിലുള്ള സാമ്യവുമില്ലാത്ത മൂന്ന് വ്യത്യസ്ത പ്രണയങ്ങളാണ് അവ.
നായകന്‍ ഹരിയുടെ പ്രണയമാണ് ഒന്നാമത്തേത്. ഏതാണ്ട് ഈ തലമുറയുടെ പ്രണയവുമായി കൂടുതല്‍ സാമ്യം തോന്നുന്നത് ഈ പ്രണയ കഥക്ക് തന്നെയാണ്. പ്രണയത്തിലായിരിക്കുമ്പോഴും പരസ്പരം മനസിലാക്കാതെ പോകുന്നതിന്റെ പ്രശ്‌നങ്ങളാണ് ഡിജി പോളിന്റേയും ഹരിയുടെയും ബന്ധത്തെ എപ്പോഴും ബാധിക്കുന്നത്. ഡിജിയായെത്തുന്ന റിങ്കുവിന് അധികം സ്‌ക്രീന്‍ സ്‌പേസ് കിട്ടുന്നില്ലെങ്കിലും ലഭിച്ച സമയം മികച്ചതാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ഇരുവരും പ്രണയത്തിലാകുന്ന സമയം വളരെ മനോഹരമായിട്ടാണ് സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ആ സീനുകളൊക്കെ സിനിമയെ സൂപ്പര്‍ ശരണ്യയുടെ മൂഡിലേക്ക് കൊണ്ടുപോകുന്നത് പോലെ തോന്നും. ഇവര്‍ക്കിടയിലുണ്ടാകുന്ന അകല്‍ച്ച പ്രേക്ഷകര്‍ക്ക് കൃത്യമായി അനുഭവപ്പെടുന്നുണ്ട്.
രണ്ടാമത്തേത് സിനിമയുടെ സംവിധായകന്‍ കൂടിയായ വിനീത് വാസുദേവന്റെ കണ്ണന്‍ എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ നായികയായെത്തുന്ന വീണ എന്ന കഥാപാത്രവും തമ്മിലുള്ള പ്രണയമാണ്. ഇരുവരുടെയും കെമിസ്ട്രി നന്നായി വര്‍ക്കൗട്ടായിട്ടുണ്ട്. ‘അനുരാഗ് എഞ്ചിനിയറിങ് വര്‍ക്ക്‌സ്’ എന്ന ഷോര്‍ട്ട് ഫിലിമിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയെന്നോണം ഭംഗിയില്‍ ഈ പ്രണയത്തെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സിനിമക്ക് കഴിയുന്നുണ്ട്.
നാട്ടിലൊക്കെ കാണുന്ന ഒരു തരം ക്ലീഷെ പ്രണയമാണിതെന്ന് തോന്നുമ്പോഴും അവതരണം ഗംഭീരമാണ്. വീണയായെത്തിയത് അഖിലയാണ്. അഖിലയുടെ സ്വാഭാവിക അഭിനയം എടുത്ത് പറയേണ്ടത് തന്നെയാണ്. പ്രണയവും പിന്നീടുണ്ടാകുന്ന വിവാഹവും അതിനെ തുടര്‍ന്ന് വരുന്ന ചെറിയ ചെറിയ പ്രശ്‌നങ്ങളുമൊക്കെയാണ് ഇരുവരുടെയും ജീവിതത്തെ നയിക്കുന്നത്.
മൂന്നാമതായി വരുന്നത് സജിന്‍ ചെറുകയിലിന്റെയും അനിഷ്മ അവതരിപ്പിച്ച സിനിയുടെയും പ്രണയമാണ്. സിനിമയില്‍ അവതരിപ്പിക്കപ്പെടുന്ന മറ്റ് പ്രണയ കഥകളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് ഇവരുടെ കഥ. വര്‍ഷങ്ങളോളം പിന്നാലെ നടന്ന് കഷ്ടപ്പെട്ട് ഇഷ്ടപ്പെടുത്തുന്ന പഴയ സിനിമ സ്റ്റൈലിലേക്കാണ് ഇവരുടെ പ്രണയം യാത്ര ചെയ്യുന്നത്.
ബെന്നി പ്രൊപ്പോസ് ചെയ്യുമ്പോള്‍ തന്നെ ‘ബെന്നി ചേട്ടന്‍ എനിക്ക് അച്ഛനെ പോലെയാണ്’ എന്നാണ് സിനി നല്‍കുന്ന മറുപടി. എന്നാല്‍ സിനിയുടെ ‘നോ’ അംഗീകരിക്കാന്‍ കഴിയാത്ത ബെന്നിയാകട്ടെ വീണ്ടും പിന്നാലെ നടക്കുകയാണ്. സ്റ്റോക്കിങ്ങിനെ ഭയങ്കരമായി ഗ്ലോറിഫൈ ചെയ്യുന്ന ചില സീനുകല്‍ സിനിമയുടെ അവസാന ഭാഗത്ത് കാണാന്‍ കഴിയും. നാട്ടിലെ നല്ലവരായ എല്ലാ ഉണ്ണിമാരെയും പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യാനുള്ള ബാധ്യത നാട്ടിലെ പെണ്‍കുട്ടികള്‍ക്കുണ്ടോ എന്ന ചോദ്യമാണ് സിനിമ ബാക്കി വെക്കുന്നത്.