ദോഹ: ഏഷ്യാകപ്പ് ജേതാക്കളായ ഖത്തര്‍ ഫുട്‌ബോള്‍ ടീമിന് തലസ്ഥാനമായ ദോഹയില്‍ വന്‍ സ്വീകരണം. പതിനായിരക്കണക്കിന് ഖത്തറികളും നിരവധി പ്രവാസികളുമാണ് ടീമിന് സ്വീകരണം നല്‍കാനെത്തിയത്.
വെള്ളിയാഴ്ച നടന്ന മത്സരത്തില്‍ ജപ്പാനെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മെറൂണ്‍സ് തകര്‍ത്തത്. ഖത്തറിന്റെ ആദ്യ ഏഷ്യകപ്പ് വിജയം കൂടിയാണത്.
ഇന്നലെ രാത്രി നടന്ന സ്വീകരണ പരിപാടിയില്‍ ദോഹ കോര്‍ണഷില്‍ പതിനായിരങ്ങള്‍ ഒത്തുകൂടി. രാജ്യത്തിന്റെ പതാകയേന്തി തെരുവുകള്‍ അവര്‍ കീഴടക്കി. ഖത്തറികള്‍ക്ക് പുറമെ അഭയം തന്ന നാടിന് ആശംസകളായി നിരവധി അഭയാര്‍ഥികളും എത്തി. ഖത്തറില്‍ ജോലി ചെയ്യുന്ന ആയിരക്കണക്കിന് മലയാളികള്‍ അഭിവാദ്യമര്‍പ്പിക്കാനെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
ALSO READ:മനസ്സിന്റെ വേഗം കാലിലേക്ക്, വൈശാഖ് ജീവിതം പറയുന്നു
ആരാധകര്‍ ടീമിന്‌റെ വരവിനായി തലസ്ഥാനത്ത് നാല് മണിക്കൂറോളമാണ് കാത്തിരുന്നത്. തുറന്ന ബസ്സിലൂടെ കളിക്കാര്‍ ദോഹ നഗരം പ്രദക്ഷിണം വെച്ചപ്പോള്‍ പൂക്കളെറിഞ്ഞ് ടീമിനെ ഖത്തറികള്‍ വരവേറ്റു.
വെള്ളിയാഴ്ച വൈകുന്നേരത്തോടെയാണ് ഒമാന്‍ വഴി ഖത്തര്‍ ഫുട്‌ബോള്‍ ടീം ദോഹയിലെത്തിയത്. ടീമിനെ അഭിനന്ദിക്കാന്‍ ഖത്തര്‍ അമീര്‍ ഷൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയും എത്തിയിരുന്നു.
ഖത്തറിനെതിരെ ഉപരോധം ഏര്‍പ്പെടുത്തിയ സൗദി അറേബ്യയേയും യു.എ.ഇയേയും കീഴടക്കിയാണ് മെറൂണ്‍സ് ഫൈനലിലേക്ക് മാര്‍ച്ച് നടത്തിയത്.
ഇന്നലെ രാത്രിയില്‍ ആരംഭിച്ച ആഘോഷപരിപാടികള്‍ പുലരുവോളം നീണ്ടു. ഖത്തര്‍ ജനതയുടെ ഭൂരിഭാഗവും ഇന്നലെ രാത്രി തെരുവില്‍ ആയിരുന്നുവെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഈ വിജയം ഖത്തറിന്റേത് മാത്രമല്ലെന്നും ഞങ്ങളുടേത് കൂടിയാണെന്നും സിറിയന്‍ അഭയാര്‍ത്ഥിയായ മുഹമ്മദ് അക്രം പറഞ്ഞു. രാജ്യത്തിന്റെ ഹീറോകളെ സ്വീകരിക്കാനെത്തിയ ഖത്തറികളല്ലാത്തവരോട് പ്രത്യേകം നന്ദി പറയാനും ഖത്തര്‍ അമീര്‍ മറന്നില്ല.
ചിത്രം കടപ്പാട്: അല് ജസീറ