ന്യൂദല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ പ്രിയപ്പെട്ട ഏജന്‍സിയില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിക്ക് ഒരു ‘പ്രേമലേഖനം’ ലഭിച്ചതായി ആം ആദ്മി നേതാവ് രാഘവ് ചദ്ദ.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയ്ക്ക് ഇ.ഡി സമന്‍സ് അയച്ചിന് പിന്നാലെയായിരുന്നു രൂക്ഷ പരിഹാസവുമായി രാഘവ് ചദ്ദ രംഗത്തെത്തിയത്.
മോദി സര്‍ക്കാരിന്റെ പ്രിയപ്പെട്ട ഏജന്‍സിയായ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് ആദ്യമായാണ് ആം ആദ്മി പാര്‍ട്ടിക്ക് ഒരു പ്രണയലേഖനം ലഭിച്ചതെന്ന് ചദ്ദ ട്വീറ്റ് ചെയ്തു.
പഞ്ചാബ് എം.എല്‍.എയ്ക്കെതിരായ കള്ളപ്പണം വെളുപ്പിക്കല്‍ അന്വേഷണത്തിലാണ് ആം ആദ്മി പാര്‍ട്ടി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയ്ക്ക് ഇ.ഡി സമന്‍സ് അയച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളില്‍ അന്വേഷണം നേരിടുന്ന പഞ്ചാബ് മുന്‍ നേതാവ് സുഖ്പാല്‍ സിംഗ് ഖൈറയ്ക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് ചില വിശദീകരണങ്ങള്‍ തേടാനാണ് ആം ആദ്മി ദേശീയ സെക്രട്ടറി പങ്കജ് ഗുപ്തയെ വിളിപ്പിച്ചതെന്നാണ് ഇ.ഡിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചത്.
ഈ വര്‍ഷം ആദ്യം രജിസ്റ്റര്‍ ചെയ്ത രണ്ട് കേസുകളിലാണ് സുഖ്പാല്‍ സിങ് ഖൈറ അന്വേഷണം നേരിടുന്നത്. 2015 ല്‍ പഞ്ചാബിലെ ഫസില്‍ക്കയില്‍ പിടികൂടിയ മയക്കുമരുന്ന് കള്ളക്കടത്ത് ശൃംഖലയെ അടിസ്ഥാനമാക്കിയാണ് ഒരു കേസ്. മറ്റൊന്ന് ദല്‍ഹിയിലെ വ്യാജ പാസ്പോര്‍ട്ട് റാക്കറ്റുമായി ബന്ധപ്പെട്ടതാണ്.
ഈ വര്‍ഷം മാര്‍ച്ചില്‍ ഖൈറയെയും മരുമകന്‍ ഇന്ദര്‍വീര്‍ സിംഗ് ജോഹലിനെയും ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ഇവരുടെ ചില സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.
അതേസമയം ഖൈറയ്ക്കെതിരായ അന്വേഷണത്തില്‍ പങ്കജ് ഗുപ്തയുടെ മൊഴി എടുക്കുന്നത് എന്തിനാണെന്നോ സമന്‍സ് അയച്ചതിന് പിന്നിലെ കാരണം എന്താണെന്നോ വ്യക്തമല്ല.
ഇതിന് പിന്നാലെയാണ് ഇ.ഡിയുടെ നോട്ടീസിനെതിരെ രൂക്ഷ പരിഹാസവുമായി ചദ്ദ രംഗത്തെത്തിയത്. വിഷയത്തില്‍ ചില കാര്യങ്ങള്‍ വാര്‍ത്താ സമ്മേളനം നടത്തിയ അറിയിക്കുമെന്നും രാഘവ് ചദ്ദ ട്വീറ്റ് ചെയ്തു.
2017 ല്‍ ആം ആദ്മി ടിക്കറ്റിലാണ് ഖൈറ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് അദ്ദേഹം പാര്‍ട്ടി വിട്ട് പഞ്ചാബ് ഏകതാ പാര്‍ട്ടി രൂപീകരിച്ചു. ജൂണില്‍ അദ്ദേഹം തന്റെ ആദ്യ കക്ഷിയായ കോണ്‍ഗ്രസിനൊപ്പം വീണ്ടും ചേര്‍ന്നു.
2015 ല്‍ മയക്കുമരുന്നും സ്വര്‍ണബിസ്‌ക്കറ്റുകളും ആയുധങ്ങളും വെടിയുണ്ടകളും ജലാലാബാദ് പൊലീസ് പിടികൂടിയ കേസില്‍ 2017 ലാണ് ഖൈറയുടെ പേര് ഉയര്‍ന്നുകേട്ടത്.
പഞ്ചാബ് പൊലീസിന്റെ ചാര്‍ജ് ഷീറ്റില്‍ അദ്ദേഹത്തിന്റെ പേരില്ലെങ്കിലും, 2017 നവംബര്‍ 30 ന് ജലാലാബാദ് കോടതി അദ്ദേഹത്തിന് സമന്‍സ് അയച്ചിരുന്നു. എ.എ.പി എം.എല്‍.എ ആയിരിക്കെയായിരുന്നു സംഭവം. എന്നാല്‍ അദ്ദേഹത്തിനെതിരായ നടപടികള്‍ റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി ഉത്തരവിടുകയായിരുന്നു.