| Friday, 20th November 2020, 2:59 pm

'പ്രണയത്തില്‍ ജിഹാദിന് സ്ഥാനമില്ല'; ലൗ ജിഹാദ് ബി.ജെ.പി സൃഷ്ടി, രാജ്യത്തെ ഭിന്നിപ്പിച്ച് സാമുദായിക ഐക്യം തകര്‍ക്കാനുള്ള ശ്രമമെന്ന് ഗെലോട്ട്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ജയ്പൂര്‍: രാജ്യത്തെ ഭിന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബി.ജെ.പി സൃഷ്ടിച്ചെടുത്ത വാക്കാണ് ലൗ ജിഹാദ് എന്ന് രാജസ്ഥാന്‍ മുഖ്യന്ത്രി അശോക് ഗെലോട്ട്. ലൗജിഹാദ് എന്നൊന്നില്ലെന്ന് വ്യക്തമായിട്ടും രാഷ്ട്രത്തെ ഭിന്നിപ്പിക്കാനും സാമുദായിക ഐക്യം തകര്‍ക്കാനുമായി ബി.ജെ.പി ഇത് ഉപയോഗിക്കുകയാണെന്നും ഗെലോട്ട് പറഞ്ഞു.

‘ലൗ ജിഹാദ് എന്ന വാക്ക് രാജ്യത്തെ വിഭജിക്കാനും സാമുദായിക സൗഹാര്‍ദം തകര്‍ക്കാനുമായി ബി.ജെ.പി നിര്‍മിച്ചതാണ്. വിവാഹമെന്നത് ഒരാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അതിനെതിരെ നിയമം കൊണ്ടുവരുന്നത് ഭരണഘടന വിരുദ്ധമാണ്. ഒരു കോടതി നിയമത്തിലും അത് നിലനില്‍ക്കില്ല. പ്രണയത്തില്‍ ജിഹാദിന് സ്ഥാനമില്ല. ഭരണകൂടത്തിന്റേയും അധികാരികളുടേയും അനുമതിക്കായി യുവാക്കള്‍ കാത്തുനില്‍ക്കേണ്ട ഒരു സാഹചര്യമാണ് അവര്‍ സൃഷ്ടിക്കുന്നത്. വിവാഹം ഒരാളുടെ വ്യക്തിപരമായ തീരുമാനമാണ്, ഇവര്‍ അതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നു, ഇത് വ്യക്തിസ്വാതന്ത്ര്യം കവര്‍ന്നെടുക്കുന്നതിന് തുല്യമാണ്.

ലൗ ജിഹാദ് വിളികള്‍ സാമുദായിക ഐക്യം തകര്‍ക്കാനും സാമൂഹിക സംഘട്ടനത്തിന് വഴിയൊരുക്കാനും അതുവഴി ഭരണഘടനാ വ്യവസ്ഥകള്‍ അവഗണിക്കാനുമുള്ള നീക്കം മാത്രമാണെന്നും ഗെലോട്ട് പറഞ്ഞു.

എന്നാല്‍ ഇതിന് പിന്നാലെ ഗെലോട്ടിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി. ‘ലൗ ജിഹാദ്’ കാരണം ‘ആയിരക്കണക്കിന് യുവതികള്‍’ കുടുങ്ങിയിട്ടുണ്ടെന്നായിരുന്നു കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് പറഞ്ഞത്

വ്യക്തിസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമാണ് ഇതെങ്കില്‍ സ്ത്രീകള്‍ക്ക് അവരുടെ മതത്തില്‍ തന്നെ തുടരാനുള്ള സ്വാതന്ത്ര്യം ഉണ്ടാവണമായിരുന്നെന്നും ഷെഖാവത്ത് പറഞ്ഞത്.

‘പ്രിയ അശോക്ജി, വിവാഹം ഒരു വ്യക്തിപരമായ കാര്യമാണെന്ന് വിശ്വസിക്കുന്ന ആയിരക്കണക്കിന് യുവതികള്‍ക്കായുള്ള ഒരു കെണിയാണ് ലവ് ജിഹാദ്, പിന്നീട് അത് അങ്ങനെയല്ലാതായി മാറുന്നു. കൂടാതെ, ഇത് വ്യക്തിസ്വാതന്ത്ര്യത്തിന്റെ കാര്യമാണെങ്കില്‍, സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് ഇങ്ങനെയുള്ള വിവാഹത്തിന് ശേഷം അവരുടെ ആദ്യത്തെ പേരോ മതമോ നിലനിര്‍ത്താനുള്ള സ്വാതന്ത്ര്യം ലഭിക്കാത്തത്’, എന്നായിരുന്നു ഗജേന്ദ്ര സിങ് ഷെഖാവത്ത് ചോദിച്ചത്.

വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ പേര് പറഞ്ഞ് ഗെലോട്ട് ഈ വഞ്ചനയെ ന്യായീകരിക്കുന്നത് ചില അജണ്ടകളുടെ ഭാഗമാണെന്നും ഷെഖാവത്ത് പറഞ്ഞു.

വിവാഹത്തിനു വേണ്ടിയുള്ള മതപരിവര്‍ത്തനം ക്രിമിനല്‍ കുറ്റമാക്കി ഉത്തര്‍ പ്രദേശ്, മധ്യപ്രദേശ്, കര്‍ണാടക അടക്കമുള്ള ബി.ജെ.പി സര്‍ക്കാറുകള്‍ നിയമനിര്‍മണാം നടത്തുന്നതിനിടെയാണ് രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇതിനെ രംഗത്ത് വരുന്നത്

അതേസമയം ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ പാര്‍ലമെന്റില്‍ അറിയിച്ചത് ലൗ ജിഹാദ് എന്നൊന്ന് നിയമത്തില്‍ നിര്‍വചിച്ചിട്ടില്ലെന്നും ഇത്തരത്തിലുള്ള കേസുകളൊന്നും കേന്ദ്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: “Love Jihad Word Manufactured By BJP To Divide Nation”says Ashok Gehlot

We use cookies to give you the best possible experience. Learn more