| Wednesday, 9th December 2020, 4:08 pm

ലവ് ജിഹാദ് നിയമത്തിന് ശേഷം യു.പിയില്‍ സംഭവിക്കുന്നത്‌

ശ്രിന്‍ഷ രാമകൃഷ്ണന്‍

ലൗ ജിഹാദ് എന്ന വാക്ക് രാജ്യത്ത് വീണ്ടും ചര്‍ച്ചകളില്‍ നിറയുകയാണ്. അതേ സമയം രാജ്യത്തെ കോടതികള്‍ക്ക് പോലും ലവ് ജിഹാദ് എന്ന വാക്ക് എന്താണെന്ന് കൃത്യമായി നിര്‍വചിക്കാന്‍ സാധിച്ചിട്ടില്ല. ലവ് ജിഹാദ് ആരോപണങ്ങള്‍ ഉയര്‍ന്ന കേസ്സുകളില്‍ വിധി പറയവെ ഈയിടെ അലഹബാദ് ഹെക്കോടതിയും കര്‍ണാടക ഹൈക്കോടതിയുമെല്ലാം ശ്രദ്ധേയമായ പരാമര്‍ശങ്ങള്‍ നടത്തുകയും ചെയ്തു. ജാതിയ്ക്കും മതത്തിനുമപ്പുറം ഏത് വ്യക്തികള്‍ക്കും പരസ്പരം പ്രണയിക്കാനും ഒരുമിച്ച് ജീവിക്കാനും അവകാശമുണ്ടെന്നും കോടതികള്‍ പറഞ്ഞിരുന്നു.

ഇതേ സമയത്ത് തന്നെയാണ് ലൗ ജിഹാദിനെ നിയമപരമായി നേരിടണമെന്ന ആവശ്യം ഉയര്‍ത്തി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ തുടര്‍ച്ചയായി രംഗത്ത് വരുന്നത്. ഉത്തര്‍ പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ലവ് ജിഹാദിനെതിരെ എന്ന പേരില്‍ നിയമം കൊണ്ടുവരികയും ചെയ്തു. പ്രസ്തുത നിയമത്തിന് ഗവര്‍ണറുടെ അനുമതി ലഭിച്ച് കേവലം മണിക്കൂറുകള്‍ക്കകം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു.

യു. പി സര്‍ക്കാര്‍ രജിസ്റ്റര്‍ ചെയ്ത ഈ ആദ്യ കേസ് ഉദാഹരണമായി എടുത്തുകൊണ്ട് ലവ് ജിഹാദിനെ പ്രതിരോധിക്കാനെന്ന പേരില്‍ നടപ്പില്‍ വന്ന ഈ നിയമം ഇനി എങ്ങിനെയായിരിക്കും രാജ്യത്ത് പ്രയോഗിക്കപ്പെടുക എന്നതിനെ വിശകലനം ചെയ്യാന്‍ ശ്രമിക്കുകയാണിവിടെ.

ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പുതുതായി കൊണ്ടുവന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമ പ്രകാരം ആദ്യ അറസ്റ്റ് നടക്കുന്നത് നവംബര്‍ 29നാണ്. അതായത് യു.പി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍ അംഗീകാരം നല്‍കി മണിക്കൂറുകള്‍ക്കകം ആന്റി കണ്‍വേര്‍ഷന്‍ നിയമപ്രകാരം ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തു.

ഒവൈസ് അഹമ്മദ് എന്ന യുവാവിന് നേരെയാണ് നിയമത്തിലെ 504, 506 വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. മകളെ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യിപ്പിച്ചുവെന്ന ഒവൈസിന്റെ ഭാര്യയുടെ രക്ഷിതാക്കളുടെ പരാതിയിലായിരുന്നു കേസ്.

എന്നാല്‍ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന വിവരങ്ങള്‍ പുതിയ നിയമത്തെ ആദിത്യനാഥ് സര്‍ക്കാര്‍ പ്രയോഗിക്കാന്‍ പോകുന്നതിലെ അപകടങ്ങള്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഒവൈസിനെതിരെ പരാതി നല്‍കാനായി പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് മേല്‍ പൊലീസ് നടത്തിയ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. പൊലീസ് കസ്റ്റഡിയില്‍ വെച്ച് ഒവൈസിന് ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നുവെന്നും ഒവൈസിന്റെ പിതാവ് റഫീഖ് പറയുന്നു.

ഒവൈസിന്റെ വീട്ടില്‍ നിന്ന് കേവലം 100 മീറ്റര്‍ അകലെ താമസിക്കുന്ന ഹിന്ദു കുടുംബത്തിലെ പെണ്‍കുട്ടിയെയാണ് ഒവൈസ് വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ കുടുംബവും തങ്ങളും തമ്മില്‍ ഒരു വിധ പ്രശ്‌നങ്ങളുമില്ല എന്നും കേസില്‍ തങ്ങളോടൊപ്പം തന്നെ നില്‍ക്കുമെന്ന് പെണ്‍കുട്ടിയുടെ രക്ഷിതാവ് പറഞ്ഞതായുമുള്ള ഒവൈസിന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍ അത്യന്തം ഗൗരവം നിറഞ്ഞതാണ്.

നിലവില്‍ പൊലീസ് തന്റെ മകനു നേരെ ചുമത്തിയ എഫ്.ഐ.ആറില്‍ മകന്റെ ഭാര്യയുടെ കുടുംബത്തിന് യാതൊരു ബന്ധവുമില്ല എന്നാണ് ഒവൈസിന്റെ അച്ഛന്‍ പറയുന്നത്. ഒവൈസിനെതിരെ നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരം ചുമത്തിയ കേസ് അത്യന്തം വേദനാജനകം മാത്രമല്ല ഭയപ്പെടുത്തുന്നതുമാണെന്നും ഒവൈസിന്റെ കുടുംബം പറയുന്നു.

പൊലീസ് തന്നെയും മര്‍ദ്ദിച്ചുവെന്നും പെണ്‍കുട്ടിയുടെ കുടുംബത്തോടും ഇത് തന്നെ ചെയ്തിരിക്കാമെന്നുമാണ് റഫീഖ് പറയുന്നത്. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടപ്പിലാക്കിയ പുതിയ നിയമം മുസ്ലിങ്ങളെ വേട്ടയാടാനും സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കാനും വ്യാപകമായി ഉപയോഗിക്കപ്പെടുമെന്ന നിരീക്ഷണങ്ങള്‍ പുറത്തുവന്ന അതേ സമയത്ത് തന്നെയാണ് ഈ നിയമത്തിന്റെ ആദ്യ ഇരയുടെ പിതാവ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തുന്നത്.

ഇന്ത്യന്‍ എക്‌സ്പ്രസ് ടീം സ്ഥലത്തെത്തിയപ്പോള്‍ വീടടച്ചു പൂട്ടി വീട്ടുകാര്‍ അകത്തിരുന്നുവെന്നും സംസാരിക്കാന്‍ വിസമ്മതിച്ചുവെന്നുമാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് പെണ്‍കുട്ടിയും ഒവൈസും തമ്മില്‍ ഒളിച്ചോടുന്നതും വിവാഹം കഴിക്കുന്നതും. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിന് ശേഷം യു.പി സര്‍ക്കാര്‍ നിയമം പാസാക്കുന്നതിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ്, എങ്ങിനെ അത്തരത്തിലൊരു പരാതി പരസ്പരം പ്രശ്‌നങ്ങളൊന്നുമില്ലാതെ ജീവിക്കുന്ന കുടുംബങ്ങള്‍ക്കിടയില്‍ ഉയര്‍ന്നുവെന്നതാണ് പലരും ഉന്നയിക്കുന്ന ചോദ്യം.

ഒവൈസ് അഹമ്മദിനെതിരെ പൊലീസ് ചുമത്തിയ കേസില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രമല്ല പരാതിയുള്ളത്. ഗ്രാമ മുഖ്യനായ ദ്രുവ് രാജ്, പ്രദേശവാസിയായ ബി.ജെ.പി ജില്ലാ പ്രസിഡന്റ് പവന്‍ ശര്‍മ്മയുടെ അച്ഛന്‍ നവാല്‍ കിഷോര്‍ ശര്‍മ്മ, നാരായണ്‍ ദാസ് തുടങ്ങി പേര് വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത നിരവധി പേര്‍ ഈ സംഭവത്തില്‍ പൊലീസ് സമ്മര്‍ദ്ദം ചെലുത്തിയാണോ ഒവൈസിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് സംശയിക്കുന്നുണ്ട്.

ഗ്രാമ മുഖ്യന്‍ ദ്രുവ് രാജിന്റെ നേതൃത്വത്തിലാണ് മുന്‍പ് ഇവരുടെ വിവാഹ പ്രശ്‌നങ്ങള്‍ പരിഹരിച്ചത്്. ഒവൈസിന്റെയും പെണ്‍കുട്ടിയുടെയും വിവാഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിച്ചതുകൊണ്ട് തന്നെ വീണ്ടും ഇത്തരത്തിലൊരു പരാതി വന്നതില്‍ പൊലീസിന്റെ ഇടപെടല്‍ പരിശോധിക്കണമെന്ന് ദ്രുവ് രാജ് പറയുന്നു.

പെണ്‍കുട്ടിയുടെ അച്ഛനെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പൊലീസ് വിളിച്ചുകൊണ്ടു പോയെന്നാണ് നവാല്‍ കിഷോര്‍ പറയുന്നത്. കഴിഞ്ഞയാഴ്ച പെണ്‍കുട്ടിയുടെ സഹോദരന്‍ തന്നെ വന്ന് കണ്ട് ഒരു സംഘം പൊലീസുകാര്‍ അച്ഛനെ പിടിച്ചുകൊണ്ടുപോയെന്ന് പരാതിപ്പെട്ടതായാണ് നവാല്‍ കിഷോര്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞത്. പിന്നീട് താന്‍ കേള്‍ക്കുന്നത് ലൗ ജിഹാദുമായി ബന്ധപ്പെട്ട വാര്‍ത്തയാണെന്നും അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ ഇപ്പോള്‍ ഇത്തരത്തിലൊരു എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത് എന്നാണ് ഗ്രാമത്തിലെ പലരും ഉയര്‍ത്തുന്ന നിര്‍ണായക ചോദ്യം.

ഒവൈസും പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയം സ്‌കൂള്‍ കാലഘട്ടത്തില്‍ തന്നെ ആരംഭിച്ചതാണെന്നാണ് സ്ഥലത്തെ ഒരു സ്വകാര്യ സ്‌കൂള്‍ അധ്യാപകന്‍ പറയുന്നത്. ഒവൈസ് അഹമ്മദിന് പിന്നാലെ മുസഫര്‍പൂര്‍ ജില്ലയില്‍ നദീം, സുലൈമാന്‍ എന്നീ യുവാക്കള്‍ക്ക് നേരെകൂടി നിര്‍ബന്ധിത മതപരിവര്‍ത്തന നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. ഇത് വ്യക്തമാക്കുന്നത് നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത് പോലെ തന്നെ മുസ്ലിങ്ങളെ വേട്ടയാടാന്‍ മാത്രമായി ഈ നിയമം പ്രയോഗിക്കപ്പെട്ടേക്കാം എന്ന് തന്നെയാണ്.

യു.പി സര്‍ക്കാരിന്റെ പുതിയ നിയമപ്രകാരം ഒരു സ്ത്രീ വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തിയാല്‍ ആ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹശേഷം മതം മാറാന്‍ ആഗ്രഹിക്കുന്നവര്‍ കളക്ടര്‍ക്ക് അപേക്ഷ നല്‍കണം. ആരെങ്കിലും അവരുടെ മുന്‍ മതത്തിലേക്ക് മടങ്ങുകയാണെങ്കില്‍, അതു മതപരിവര്‍ത്തനമായി കണക്കാക്കില്ല.

ഈ നിയമത്തിന്റെ ഏറ്റവും അപകടരകമായ വശം, മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിക്കാണെന്നുള്ളതാണ്. നിയമലംഘനമുണ്ടായാല്‍, മതപരിവര്‍ത്തനത്തിന് ഇരയായയാള്‍ക്ക് പ്രതികള്‍ നഷ്ടപരിഹാരമായി അഞ്ചുലക്ഷം രൂപ വരെ നല്‍കേണ്ടിവരും. പിഴയ്ക്കു പുറമേയാണിത്.

യു.പി സര്‍ക്കാരിന്റെ ഈ നിയമം മതേതര ഇന്ത്യയുടെ അന്തസത്തയെ തന്നെ ചോദ്യം ചെയ്യുമെന്നും വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടാം എന്നുമുള്ള വിമര്‍ശകരുടെ വാദങ്ങള്‍ക്ക് ബലം നല്‍കുകയാണ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടിരിക്കുന്ന ഈ റിപ്പോര്‍ട്ട്.

ശ്രിന്‍ഷ രാമകൃഷ്ണന്‍