തിരുവനന്തപുരം: ജോസ് കെ മാണിയുടെ ലൗ ജിഹാദ് പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. സമൂഹത്തെ ഭിന്നിപ്പിക്കുന്നതാണ് ലൗ ജിഹാദ് പ്രസ്താവനയെന്നും ജോസ് കെ മാണിയില്‍ നിന്ന് ഇത് പ്രതീക്ഷിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
നേരത്തെയും ലൗ ജിഹാദ് ഉണ്ടെന്ന പ്രചാരണങ്ങള്‍ക്കെതിരെ ശശി തരൂര്‍ രംഗത്ത് എത്തിയിരുന്നു. ബി.ജെ.പിയുടെ ‘ലവ് ജിഹാദ്’ ഭയപ്പെടുത്തല്‍ ബഹുസ്വര കേരളത്തില്‍ വിജയിക്കില്ലെന്നും വര്‍ഗീയത, ലൗ ജിഹാദിനെക്കുറിച്ച് അകാരണഭയമുണ്ടാക്കല്‍, വിദ്വേഷം നിറഞ്ഞ രാഷ്ട്രീയവിഭജനം എന്നിവയില്‍ കവിഞ്ഞൊന്നും അവര്‍ക്ക് പറയാനില്ലെന്നും ശശി തരൂര്‍ പി.ടി.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ ദിവസമാണ് ലൗ ജിഹാദിനെ കുറിച്ച് ജോസ് കെ മാണി വിവാദ പരാമര്‍ശം നടത്തിയത്. ലവ് ജിഹാദുമായി ബന്ധപ്പെട്ട സംശയം ദുരീകരിക്കപ്പെടണമെന്നും ഇതില്‍ യാഥാര്‍ഥ്യമുണ്ടോ എന്നതില്‍ വ്യക്തത വേണമെന്നുമായിരുന്നു ജോസ് കെ മാണി പറഞ്ഞത്.
പൊതുസമൂഹത്തില്‍ വിഷയം ചര്‍ച്ചയാകുന്നുണ്ടെന്നും ജോസ് കെ.മാണി മനോരമ ന്യൂസിന്റെ ‘പൊരിഞ്ഞ പോര്’ പരിപാടിയില്‍ പറഞ്ഞിരുന്നു.ഹൈക്കോടതിയടക്കം തള്ളിക്കളഞ്ഞ വിഷയമല്ലേയെന്ന ചോദ്യത്തിനു വിഷയം വീണ്ടും ചര്‍ച്ചയാകുന്ന സാഹചര്യത്തില്‍ പരിശോധിക്കപ്പെടേണ്ടതുണ്ട് എന്നായിരുന്നു ജോസിന്റെ മറുപടി.
ഇതിന് പിന്നാലെ വിമര്‍ശനം ഉയര്‍ന്നതോടെ മുന്നണിയുടെ അഭിപ്രായം തന്നെയാണ് തന്റെ അഭിപ്രായമെന്ന് ജോസ് കെ. മാണി പറഞ്ഞിരുന്നു.
വികസനത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് വിവാദം കൊണ്ട് ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ജോസിനെ തള്ളി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും രംഗത്തെത്തിയിരുന്നു. മതമൗലികവാദികളുടെ പ്രചാരണമാണ് ലൗ ജിഹാദെന്ന് കാനം പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ലൗ ജിഹാദ് ചര്‍ച്ചയാക്കി ബി.ജെ.പി രംഗത്ത് എത്തിയിരുന്നു. ലൗ ജിഹാദ് നിയമം കൊണ്ട് വരുമെന്ന് ബി.ജെ.പി പ്രചരണ പത്രികയില്‍ പറഞ്ഞിരുന്നു.
കേരളത്തിലും കര്‍ണ്ണാടകയിലും അമുസ്ലീം യുവതികളെ പ്രണയം നടിച്ച് ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് ഉയര്‍ന്നു വന്ന വിവാദത്തിന്റെ പേരാണ് ലൗ ജിഹാദ്.
മലയാളത്തിലെ ഒരു ദിനപത്രത്തിലാണ് ഇതിനെക്കുറിച്ചുള്ള വാര്‍ത്ത ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട് കര്‍ണ്ണാടകയിലെയും കേരളത്തിലെയും ഹിന്ദു ജനജാഗ്രതി സമിതി, ക്ഷേത്രസംരക്ഷണസമിതി തുടങ്ങിയ സംഘടനകള്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി രംഗത്തെത്തിയതോടെ ചര്‍ച്ചകള്‍ ചൂടുപിടിക്കാന്‍ തുടങ്ങി.
വിവാദങ്ങള്‍ വ്യാപകമായതോടെ കേരളത്തില്‍ ലൗ ജിഹാദ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കാനായി അന്നത്തെ സംസ്ഥാന ഡി.ജി.പിയോടും ആഭ്യന്തരമന്ത്രാലയത്തോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഡി.ജി.പിയായിരുന്ന ജേക്കബ് പുന്നൂസ് കേസ് സംബന്ധിച്ച് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേരളത്തിലൊരിടത്തും ലൗ ജിഹാദ് പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക