ദിസ്പൂര്‍: മഹാഭാരതത്തെ ലൗ ജിഹാദുമായി ബന്ധിപ്പിച്ച് നടത്തിയ പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് അസം കോണ്‍ഗ്രസ് അധ്യക്ഷന്‍ ഭൂപന്‍ ബോറ. ഗോലഘട്ടില്‍ നടന്ന കൊലപാതകത്തെ കുറിച്ച് സംസാരിക്കവെയായിരുന്നു ഭൂപന്റെ പ്രസ്താവന.
തിങ്കളാഴ്ച ഗോലഘട്ടില്‍ 25 കാരനായ യുവാവ് തന്റെ ഭാര്യയെയും അവളുടെ രക്ഷിതാക്കളെയും കൊലപ്പെടുത്തിയിരുന്നു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകത്തിന് ശേഷം പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. ഇതിന് പിന്നാലെ കൊലപാതകത്തിന് പിന്നില്‍ ലൗ ജിഹാദ് ആണെന്നും ഭാര്യ ഹിന്ദുവും ഭര്‍ത്താവ് മുസ്‌ലിമുമാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു. ഇതിന് മറുപടി പറയവെയായിരുന്നു ഭൂപന്‍ ബോറയുടെ പരാമര്‍ശം.
‘ പ്രണയത്തിലും യുദ്ധത്തിലും എല്ലാം ന്യായമാണ്. കൃഷ്ണന്‍ രുക്മിണിക്കൊപ്പം ഒളിച്ചൊടിയതുള്‍പ്പെടെ നിരവധി കഥകള്‍ നമ്മുടെ പുരാണങ്ങളില്‍ തന്നെയുണ്ട്. ഇന്നത്തെ കാലത്ത് വ്യത്യസ്ത മതക്കാരും വിഭാഗക്കാരും തമ്മിലുള്ള വിവാഹത്തെ കുറിച്ച് മുഖ്യമന്ത്രി വീമ്പിളക്കരുത്,’ എന്നായിരുന്നു ഭൂപന്റെ പ്രസ്താവന.
എന്നാല്‍ പ്രസ്താവനയില്‍ ഖേദിക്കുന്നതായും മാപ്പ് പറയുന്നതായും ബോറ പറഞ്ഞതായി എന്‍.ടി.ഡി.വി റിപ്പോര്‍ട്ട് ചെയ്തു. മാപ്പ് പറയുന്നത് ബി.ജെ.പിയെ പേടിച്ചിട്ടല്ലെന്നും ജനങ്ങള്‍ വേദനിച്ചുവെന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ പ്രസ്താവന തെറ്റായി പോയെന്നും സംസ്ഥാനത്തെ ജനങ്ങളെ വേദനിപ്പിച്ചെന്നും ഇന്നലെ എന്റെ മുത്തച്ഛന്‍ സ്വപ്‌നത്തില്‍ വന്ന് പറഞ്ഞു. ബി.ജെ.പിയെയും മുഖ്യമന്ത്രിയെയും പേടിച്ചിട്ടല്ല ഞാന്‍ മാപ്പ് പറയുന്നത്, ജനങ്ങള്‍ക്ക് വേദനിച്ചു എന്നുള്ളത് കൊണ്ടാണ്,’ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, ബി.ജെ.പിയുടെ യുവജന സംഘടന ബി.ജെ.വൈ.എം എല്ലാ ജില്ലകളിലും ബോറക്കെതിരെ പരാതി നല്‍കി. ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തയെന്ന് കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.
Content Highlight: love jihad statement; Congress leader appologise