രണ്ടു വ്യക്തികളുടെ തീര്‍ത്തും സ്വകാര്യമായ വിവാഹമെന്ന തിരഞ്ഞെടുപ്പിനെ ഒരാവശ്യവുമില്ലാതെ മതത്തിന്റെ നൂലില്‍ കെട്ടി വിവാദങ്ങള്‍ ഉയര്‍ത്തികൊണ്ടിരിക്കുകയാണ് ചിലര്‍. ഡി.വൈ.എഫ്.ഐ കണ്ണോത്ത് മേഖലാ സെക്രട്ടറി ഷെജിന്‍ എം.എസും വിദേശത്തു ജോലി ചെയ്യുന്ന ജോയ്‌സനയും തമ്മിലുള്ള വിവാഹത്തിനെതിരെയാണ് ലവ് ജിഹാദ് വ്യാജ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.
ലവ് ജിഹാദ് പ്രൊപ്പൊഗാണ്ട എങ്ങനെയാണ് മതത്തിന്റെ പേരില്‍ വര്‍ഗീയതയും വെറുപ്പും വളര്‍ത്തിയെടുക്കാനായി ഉപയോഗിക്കുന്നത് എന്നതിനെ പറ്റി ഇതിനോടകം വലിയ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. എന്നാല്‍, ലവ് ജിഹാദ് പെട്ടെന്നാളുകള്‍ക്ക് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കടുത്ത സ്ത്രീ വിരുദ്ധത കൂടിയാണ്. അത് വേരുറപ്പിക്കുന്നത് പുരുഷാധിപത്യത്തിന്റെ തണലില്‍ തന്നെയാണ്.
വസ്ത്രം, വിദ്യാഭാസം, തൊഴില്‍, ജീവിത പങ്കാളി തുടങ്ങി ഒരു വ്യക്തിക്ക് ഇഷ്ടപെട്ട കാര്യങ്ങള്‍ തിരഞ്ഞെടുക്കാനും അതില്‍ തുടരാനുമുള്ള അവകാശമുണ്ട്. തിരഞ്ഞെടുപ്പ് എന്ന ഒരാളുടെ സ്വാതന്ത്ര്യത്തെ അയാളുടെ ജെന്‍ഡര്‍ അനുസരിച്ചു കുറച്ചും കൂട്ടിയുമാണ് ആളുകള്‍ പലപ്പോഴും പരിഗണിക്കുന്നത്. ഈ ലവ് ജിഹാദ് വ്യാജ ആരോപണങ്ങളില്‍ നിന്നുകൊണ്ടു തന്നെ ഇതേ കുറിച്ച് പറയേണ്ടതുണ്ട്.
ഉദാഹരണത്തിന് ഇസ്ലാം മതത്തില്‍പെട്ട പുരുഷ പങ്കാളിയെ മറ്റൊരു മതത്തില്‍ പെട്ട സ്ത്രീ തിരഞ്ഞെടുത്തുവെന്നു കരുതൂ. ഇതിനു ശേഷം നിങ്ങള്‍ നേരിടാന്‍ പോവുന്ന ആദ്യ നടപടി ഈ പ്രേമ ബന്ധത്തെ ലവ് ജിഹാദ് എന്ന് വിളിച്ചുള്ള അധിക്ഷേപം ആയിരിക്കും. മതത്തിന്റെയും കമ്യൂണിറ്റിയുടെയും അതിര്‍വരമ്പ് ലംഘിച്ചുവെന്ന കുറ്റം നിങ്ങള്‍ക്ക് ചാര്‍ത്തിയതിനു പിന്നാലെ അവര്‍ പറയുന്ന കാരണങ്ങളില്‍ കടന്നു വരുന്നത് അങ്ങേയറ്റം സ്ത്രീവിരുദ്ധ അഭിപ്രായങ്ങളുമാവും.
ഏത് മതത്തില്‍ നിന്നുള്ളവരാണെങ്കിലും സ്ത്രീകള്‍ സംരക്ഷിക്കപ്പെടേണ്ടവരാണെന്നും വേറെ മതത്തില്‍ പെട്ട ആണുങ്ങള്‍ വിളിക്കുമ്പോഴേക്കും ഇറങ്ങി പോവാന്‍ തയ്യാറായി നില്‍ക്കുന്നവരാണ് സ്ത്രീകളെന്നുമുള്ള തരത്തിലായിരിക്കും ഈ വൃത്തികേടിന്റെ പ്രചരണം. സ്ത്രീകള്‍ക്ക് പ്രേമിക്കാനോ അവരുടെ പങ്കാളിയെ തിരഞ്ഞെടുക്കാനോ ഉള്ള സാധ്യതയെ പാടെ തള്ളിയാണ് ഇത്തരം വര്‍ത്തമാനങ്ങള്‍ ഉണ്ടാവുന്നത്.
മതം മാറ്റാമെന്ന ചിന്ത വെച്ചു വരുന്ന പുരുഷന്മാരെ മനസ്സിലാകാതെ സ്ത്രീകള്‍ അവര്‍ക്ക് അടിമപ്പെട്ടുപോവുകയാണെന്നും അവരെ സംരക്ഷിക്കാന്‍ ആ സ്ത്രീയുടെ മതത്തില്‍ പെട്ട ആങ്ങളമാര്‍ മുന്നിട്ടിറങ്ങി രക്ഷാപ്രവര്‍ത്തനം നടത്തേണ്ടതുമുണ്ടെന്നാണ് ലവ് ജിഹാദ് ആരോപണങ്ങളുടെ ആകെ തുക. ഈ ദൗത്യം ഏറ്റെടുക്കാനും ഇവിടെ ആളുകളുണ്ട്.
ഈ രക്ഷകരായ ആങ്ങളമാര്‍ അവരുടെ മതത്തില്‍ പെട്ട സ്ത്രീകള്‍ക്ക് വേണ്ടി എന്തോ ഉപകാരം ചെയ്യുന്ന തരത്തിലാണ് ഈ സ്ത്രീവിരുദ്ധ ഇടപെടലിനെ ചിലര്‍ വിലയിരുത്തുന്നത്.
സ്വന്തമായി തീരുമാനങ്ങളുള്ള സ്ത്രീകള്‍ സമൂഹത്തിനു അപകടകാരികാളെന്ന പാട്രിയാര്‍ക്കല്‍ ബോധമാണ് ഇതിനു പിന്നില്‍ വര്‍ക്ക് ചെയ്യുന്നത്. അതായത് സ്ത്രീകള്‍ക്ക് സ്വന്തം വിവാഹത്തില്‍ പോലും അഭിപ്രായം പറയാനുള്ള അവകാശം കുറച്ചുകാലങ്ങള്‍ക്ക് മുന്‍പ് വരെ ഇവിടെയുണ്ടായിരുന്നില്ല. ഇപ്പോഴും അതിനുള്ള അന്തരീക്ഷം വീടുകളില്‍ ഇല്ലാത്തവരുമുണ്ട്.
സ്ത്രീകള്‍ സമാധാനത്തിലും സ്വാതന്ത്ര്യത്തിലും അവര്‍ക്ക് വേണ്ട പങ്കാളിയെ തിരഞ്ഞെടുക്കാനും, അവര്‍ക്കിഷ്ടപെട്ട ബന്ധങ്ങളില്‍ തുടരാനും തുടങ്ങിയിട്ട് വളരെ കുറച്ച് കാലങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ഇതും വളരെ കുറച്ച് സ്ത്രീകള്‍ക്ക് മാത്രമാണ് ഇവിടെ ഇപ്പോഴും സാധ്യമാകുന്നത്.
കാരണം പുരുഷന്മാരുടെ തീരുമാനമായിരുന്നു പല സ്ത്രീകളുടെയും വിവാഹം.
ഇവിടെയുള്ള മതസൗഹാര്‍ദ്ദ അന്തരീഷം തകര്‍ക്കുന്ന, ഇനിയൊരിക്കലും തിരിച്ചു പിടിക്കാന്‍ പറ്റാത്ത തരത്തില്‍ മതങ്ങള്‍ തമ്മില്‍ അകല്‍ച്ച സൃഷ്ടിക്കുന്ന ലവ് ജിഹാദ് ആരോപണം, അത്രത്തോളം ഭീകരമായി തന്നെ ഇവിടുത്തെ സ്ത്രീ ജീവിതങ്ങളെയും ബാധിക്കും. മതം ഫോളോ ചെയ്യുന്നവരാണെങ്കിലും അല്ലെങ്കിലും ഈ ആരോപണങ്ങള്‍ പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത് ഓരോ സ്ത്രീകളെയുമായിരിക്കും.
ഇസ്ലാം മതത്തില്‍ പെട്ട പുരുഷന്മാരില്‍ നിന്നും അകന്നു നില്‍ക്കാനും അവരോടുള്ള ഇടപഴകലുകള്‍ ഉപേക്ഷിക്കാനുമുള്ള ഉപദേശം കിട്ടാന്‍ പോവുന്നത് ഇവിടുത്തെ സ്ത്രീകള്‍ക്ക് തന്നെയാണ്. സ്ത്രീകളെ അടിച്ചമര്‍ത്താനുള്ള പുതിയൊരു കാരണമായി ആളുകള്‍ ലവ് ജിഹാദ് ആരോപണത്തെ ഏറ്റെടുക്കാനുള്ള സാധ്യതയുണ്ട്. ഇസ്ലാം മതത്തില്‍പെട്ട ആണുങ്ങളില്‍ നിന്നും ഓടിയൊളിക്കാനുള്ള ക്ലാസുകള്‍ വീടുകളില്‍ നിന്നും മതത്തിനകത്തു നിന്നും സ്ത്രീകള്‍ക്ക് ലഭിക്കുകയും അതിന്റെ തുടര്‍ച്ചയായി മെച്ചപ്പെട്ട രീതിയില്‍ സമൂഹത്തില്‍ ഇടപെടാനുള്ള സ്ത്രീകളുടെ അവകാശവുമാണ് നിഷേധിക്കപെടുക.
ഇപ്പോള്‍ പോലും വീട്ടില്‍ നിന്നും ഇറങ്ങുന്നതിനും തിരിച്ചുവരുന്നതിനും തുടങ്ങി എന്തിനും ഏതിനും കടുത്ത നിയന്ത്രണങ്ങളാണ് ഓരോ സ്ത്രീക്ക് മേലും അടിച്ചേല്‍പ്പിക്കപ്പെടുന്നത്. അതില്‍ നിലവിലെ മതങ്ങളും സോ കോള്‍ഡ് സാമൂഹ്യ ചിട്ടവട്ടങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട്. അത്തരം അവകാശ നിഷേധങ്ങള്‍ക്കെതിരെയുള്ള ശബ്ദമുയരുന്ന പശ്ചാത്തലത്തില്‍ ലവ് ജിഹാദ് എന്ന വാദമുയര്‍ത്തി, അര്‍ത്ഥമില്ലാത്ത ആ ഓരോ അടച്ചുപൂട്ടലുകളെയും ലെജിറ്റ്മൈസ് ചെയ്യാന്‍ പാട്രിയാര്‍ക്കിക്ക് ഇനി എളുപ്പത്തില്‍ സാധിക്കും.
ഇസ്ലാം മതത്തില്‍ പെട്ട പുരുഷനെ കാണരുത് മിണ്ടരുത് എന്നു പറഞ്ഞു തുടങ്ങുന്ന നിയന്ത്രണങ്ങള്‍ അനന്തമായി പടര്‍ന്നു പിടിക്കാനാണ് സാധ്യത. ആരെ കാണുന്നു, സംസാരിക്കുന്നു, എന്ത് ചെയ്യുന്നു എന്നു തുടങ്ങി ഒരു സ്ത്രീയുടെ ഓരോ ചുവടും കടുത്ത സര്‍വൈലന്‍സിന്റെ കീഴിലാക്കപ്പെടുന്നതിലേക്കും ഇതെല്ലാം വഴിവെക്കും
രാത്രി പുറത്തിറങ്ങിയാല്‍ ആക്രമിക്കപ്പെടാം, ഈ വസ്ത്രം ധരിച്ചാല്‍ പീഡിപ്പിക്കപ്പെടാം, ഒറ്റയ്ക്ക് പോയാല്‍ ആരെങ്കിലും അപകടപ്പെടുത്താം എന്നിങ്ങനെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ഏത് ഹീനമായ അതിക്രമത്തിനും, സ്ത്രീവിരുദ്ധമായ ന്യായീകരണങ്ങള്‍ കണ്ടുപിടിക്കുന്നവരുടെ കയ്യിലാണ് ലവ് ജിഹാദ് ചെന്നെത്തുന്നത് . എന്നെങ്കിലും മുസ് ലിം മതത്തില്‍ പെട്ടയൊരാളെ വിവാഹം ചെയ്താക്കമെന്ന ആധിയില്‍ ഒരു സ്ത്രീയുടെ മുഴുവന്‍ ജീവിതത്തെയുമാണ് ഇവിടുത്തെ പാട്രിയാര്‍ക്കലായ കുടുംബവ്യവസ്ഥകളും മതങ്ങളും സമൂഹവും വരച്ച വരയില്‍ നിറുത്താന്‍ പോകുന്നത്.
ഇതു കൂടാതെ സ്ത്രീകള്‍ പുരുഷനൊപ്പം ഇറങ്ങി പോവുകയെന്ന പ്രയോഗത്തിലെ പ്രശ്‌നങ്ങളും ഇതിന്റെ കൂടെ നമ്മള്‍ ചേര്‍ത്തു വായിക്കേണ്ടതുണ്ട്. പ്രായപൂര്‍ത്തിയായ രണ്ട് മനുഷ്യര്‍ ഒന്നിച്ചു ജീവിക്കാന്‍ എടുക്കുന്ന തീരുമാനത്തെ ഒളിച്ചോട്ടം എന്ന വാക്കുപയോഗിച്ചല്ല അടയാളപ്പെടുത്തേണ്ടത്. അവര്‍ ഒളിഞ്ഞിരുന്നല്ല പ്രേമിക്കുന്നതും വിവാഹം ചെയ്യുന്നതും.
ഗള്‍ഫില്‍ നിന്നും വന്ന സ്ത്രീ പതിനഞ്ച് ദിവസംകൊണ്ട് പ്രണയിച്ചു എന്നൊക്കെ സി.പി.ഐ.എം സെക്രട്ടറിയേറ്റംഗം അപഹസിച്ചുകൊണ്ട് പറയുന്നുണ്ട്. രണ്ട് വ്യക്തികള്‍ പ്രേമത്തിലാണെന്ന് പറഞ്ഞാല്‍ അതിന്റെ കാലയളവും കണ്ടുമുട്ടലുമൊന്നും ആരും അന്വേഷിക്കേണ്ടതില്ല. ഇതൊക്കെ ഒരാളുടെ സ്വകാര്യതയില്‍ വരുന്ന കാര്യങ്ങള്‍ ആണ്.
ലവ് ജിഹാദ് പുരുഷാധിപത്യത്തിന്റെ കുത്തകയാണ്. ലവ് ജിഹാദിനെ ശരിവെക്കുന്നവര്‍ എല്ലാം ഈ സ്ത്രീ വിരുദ്ധത തന്നെയാണ് പിന്തുടരുന്നത്. സ്ത്രീകള്‍ക്ക് അവരുടെ താത്പര്യമനുസരിച്ച് തിരഞ്ഞെടുപ്പ് നടത്താനുള്ള അവകാശമുണ്ട്. അതിനെ എല്ലാരും ബഹുമാനിക്കേണ്ടതുമുണ്ട്.
Content Highlight: Love Jihad Propaganda is anti women and misogynistic