ന്യൂഡല്‍ഹി: 1.5 മില്യണ്‍ ഹിന്ദുപെണ്‍കുട്ടികളുടെ വിവരങ്ങള്‍ മുസ്‌ലിങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന തരത്തില്‍ രാജ്യവ്യാപകമായി വര്‍ഗീയ വിദ്വേഷ പ്രചരണം നടത്തി തീവ്ര ഹിന്ദുത്വ വാദികള്‍. റിലയന്‍സിന് ഓഹരിയുള്ള സിവാമെ (zivame) എന്ന ഒരു അടിവസ്ത്ര നിര്‍മാണ കമ്പനിയുടെ പേരിലാണ് സംഘി ഗ്രൂപ്പുകള്‍ അപവാദ പ്രചരണം നടത്തുന്നത്.
സിവാമെ എന്ന അടിവസ്ത്ര നിര്‍മാണ കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്ന് വനിതാ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതിന് പിന്നാലെ 1.5 മില്യണ്‍ ഹിന്ദു പെണ്‍കുട്ടികളുടെ വിവരങ്ങള്‍ മുസ്‌ലിങ്ങള്‍ക്ക് ചോര്‍ത്തി വിറ്റ് ദുരുപയോഗം ചെയ്യുന്നുവെന്ന തരത്തിലുള്ള സ്‌ക്രീന്‍ ഷോട്ട് ട്വിറ്ററില്‍ ആദ്യം പ്രചരിച്ചത്.
സൈബര്‍ ഹണ്ട്‌സ് (Cyber_Huntss) എന്ന ട്വിറ്റര്‍ ഹാന്‍ഡിലാണ് ഇക്കഴിഞ്ഞ മെയ് 16ന് ആദ്യം ഇത് ട്വീറ്റ് ചെയ്തത്. പിന്നാലെ കലിംഗ ഫോറം ബി.ജെ.പി നേതാവിനെ ടാഗ് ചെയ്തു പങ്കുവെച്ച റീട്വീറ്റിന് 1.1 മില്യണ്‍ കാഴ്ചക്കാരും 8415 ലൈക്കും 5536 റീട്വീറ്റുകളും ലഭിച്ചിരുന്നു.
ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ കേന്ദ്ര വനിതാ കമ്മീഷന്‍ ഇടപെടുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. ലൗ ജിഹാദ് മുതല്‍ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകലും മനുഷ്യക്കടത്ത് അടക്കമുള്ള വിഷയങ്ങളും ചേര്‍ത്താണ് വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തത്.
റിലയന്‍സ് പരാതി നല്‍കിയതിന് പിന്നാലെ രാജസ്ഥാന്‍ പൊലീസ് സംഭവം അന്വേഷിച്ചപ്പോഴാണ് വാര്‍ത്തയ്ക്ക് പിന്നിലെ യഥാര്‍ത്ഥ ചിത്രം പുറത്തുവന്നത്. മെയ് 30ന് സഞ്ജയ് സോണിയെന്ന (വ്യാജപേര് സൈബര്‍ ഹണ്ട്‌സ്) വ്യക്തി പിടിയിലായതോടെ, പണം തട്ടിയെടുക്കാന്‍ വേണ്ടി ഇയാള്‍ നടത്തിയ കോര്‍പറേറ്റ് ബ്ലാക്ക്‌മെയിലിങ്ങ് പുറത്തായി.
സിവാമെ കമ്പനിയില്‍ നിന്ന് സഞ്ജയ് സോണി 1000 ഡോളര്‍ തട്ടിയെടുത്തിയെന്ന് വ്യക്തമായതായി ഡികോഡ് നടത്തിയ ഫാക്ട് ചെക്ക് അന്വേഷണത്തില്‍ വ്യക്തമായി. സമൂഹത്തില്‍ മതവിദ്വേഷവും വര്‍ഗീയ ചേരിതിരിവും ലക്ഷ്യമിട്ട് വ്യാജവ്യാര്‍ത്ത പ്രചരിപ്പിച്ചതിനും ഐ.പി.സി 295 എ, 153 എ വകുപ്പുകള്‍ ചേര്‍ത്തും, ഡാറ്റ മോഷണത്തിന് ഐ.ടി വകുപ്പിലെ 66ാം വകുപ്പ് പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ലഖ്‌നൗവിലും രാജസ്ഥാനിലും ഇയാള്‍ക്കെതിരെ നാല് ക്രിമിനല്‍ കേസുകളുണ്ട്.
സമാനമായി നേരത്തെയും ഇയാള്‍ ഇത്തരം വിദ്വേഷകരമായ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്.
നേരത്തെ ഇന്ത്യന്‍ റെയില്‍വേയുടെ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ നിന്ന് 40 ലക്ഷം ഹിന്ദു സ്ത്രീകളുടെ വിവരം ചോര്‍ന്നെന്നും അത് ഡാര്‍ക്ക് വെബിലൂടെ മുസ്‌ലിം രാജ്യങ്ങളുടെ കൈകളില്‍ എത്തിയെന്നുമാണ് ഇയാള്‍ പ്രചരിപ്പിച്ചത്.
Content Highlights: love jihad propaganda against zivame company and reliance