ലൗവ് ജിഹാദ് കൊലപാതകം; ലോകത്തെ നടുക്കിയ വീഡിയോ പകര്‍ത്തിയത് 14 കാരന്‍
India
ലൗവ് ജിഹാദ് കൊലപാതകം; ലോകത്തെ നടുക്കിയ വീഡിയോ പകര്‍ത്തിയത് 14 കാരന്‍
എഡിറ്റര്‍
Friday, 8th December 2017, 6:31 pm

 

ജയ്പൂര്‍: രാജസ്ഥാനില്‍ കഴിഞ്ഞ ദിവസം ലൗവ് ജിഹാദ് ആരോപിച്ച് ക്രൂരമായമായി കൊലപ്പെടുത്തുന്ന വീഡിയോ പകര്‍ത്തിയത് 14 കാരനെന്ന് റിപ്പോര്‍ട്ട്. കൊലപാതകത്തില്‍ അറസ്റ്റിലായ ശംബുനാഥ് റായ്ഗറിന്റെ അനന്തരവനായ 14 കാരാണ് വിഡിയോ പകര്‍ത്തിയത്. വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായതിന് പിന്നാലെയാണ് പൈശാചികമായ കൊലപാതക വിവരം പുറം ലോകം അറിയുന്നത്.

പശ്ചിമബംഗാള്‍ സ്വദേശിയായ അഫ്രാസുല്‍ ഖാനാണ് രാജസ്ഥാനില്‍ വെച്ച് ലൗവ് ജിഹാദ് ആരോപിച്ച് പൈശാചികമായി കൊല്ലപ്പെട്ടത്. കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതായി രാജസ്ഥാന്‍ ആഭ്യന്തരമന്ത്രി ഗുലാബ് ചന്ദ് കത്താരി പറഞ്ഞു. കേസില്‍ പുതിയ വിവരങ്ങള്‍ ലഭ്യമായിക്കൊണ്ടിരിക്കുകയാണെന്നും കൂടാതെ സമാനമായ നിരവധി കേസുകള്‍ ഇതിന് ശേഷം ഉയര്‍ന്നു വരുന്നതായും പൊലീസ് പറയുന്നു.


Also Read: പി.വി അന്‍വര്‍ എം.എല്‍.എയുടെ നിയമലംഘനം; ആര്‍.ഡി.ഒ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു


40 വര്‍ഷമായി അഫ്രാസുല്‍ രാജസ്ഥാനില്‍ തൊഴിലാളിയാണ്. ബുധനാഴ്ച രാവിലെ അടക്കം അഫ്റാസുല്‍ എന്നോട് സംസാരിച്ചിരുന്നു. താമസിയാതെ അവന്‍ കൊല്ലപ്പെട്ടു. തന്റെ മകന്റെ കൊലപാതകത്തിന്റെ വീഡിയോ കണ്ടപ്പോള്‍ സഹിക്കാന്‍ കഴിഞ്ഞില്ല. പ്രതികള്‍ക്ക് കഠിനമായ ശിക്ഷ നല്‍കണം. അഫ്രാസുലിന്റെ ഉമ്മ പറഞ്ഞു.

പുറത്ത വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കൊല്ലപ്പെട്ട അഫ്രാസുലിനെ കൊലപ്പെടുത്തിയ റായ്ഗര്‍ സൗഹൃദം നടിച്ച് കൂട്ടിക്കൊണ്ട് വരികയായിരുന്നു. തുടര്‍ന്ന് മഴു കൊണ്ട് വെട്ടിപ്പരിക്കേല്‍പ്പിക്കുകയും ശേഷം പെട്രോള്‍ ഒഴിച്ച് കത്തിക്കുകയുമായിരുന്നു. ഇത് അനന്തരവനായ 14 കാരന്‍ പകര്‍ത്തുകയും ഇന്റര്‍ നെറ്റിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. ഒപ്പം മൂന്ന് പേജൂള്ള കത്തും പുറത്ത് വിട്ടിട്ടുണ്ട്.

അഫ്റാസുലിനെ കൊല്ലുന്നതിനായി റായ്ഗര്‍ ഒരു പുതിയ മഴു തന്നെ വാങ്ങിയിരുന്നു എന്ന് പൊലീസ് സൂപ്രണ്ട് മനോജ് കുമാര്‍ വെളിപ്പെടുത്തുന്നു. കൊലപാതകത്തിന് ശേഷം അമ്പലത്തിലേക്ക് പോകും വഴിയാണ് റായ്ഗര്‍ പിടിയിലായതെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കായി ഏറ്റവും കഠിനമായ ശിക്ഷ നല്‍കണമെന്ന് ഡി.ജി.പി ഒ.പി ഗെല്‍ഹോത്ര ആവശ്യപ്പെട്ടു. പ്രതിയെ തൂക്കിലേറ്റാന്‍ ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സംഭവിത്തില്‍ 24 മണിക്കൂറിനുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്ത രാജസ്ഥാന്‍ പോലീസിനെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.


Dont Miss: എന്നെ പുറത്താക്കുമെന്ന് മണിശങ്കര്‍ അയ്യര്‍ പാകിസ്താനില്‍ പ്രസംഗിച്ചിരുന്നു; അയ്യര്‍ക്കെതിരെ ആഞ്ഞടിച്ച് പ്രധാന മന്ത്രി


വര്‍ഗീയ കലാപത്തിനുള്ള ശ്രമമാണോ കൊലപാതകത്തിന് പിന്നിലെന്ന് അന്വേഷിക്കുന്നുണ്ടെന്നും മറ്റു വിഷയങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ നഗരത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചതായും അദ്ദേഹം അറിയിച്ചു. 14 കാരനാണ് ഇത്രയും ക്രൂരമായ വീഡിയോ പകര്‍ത്തിയതെന്നറിഞ്ഞ് നടുങ്ങിയിരിക്കുകയാണ് ലോകം.