ഇപ്പോള്‍ പ്രണയം തോന്നാത്തത് ഭാ­ഗ്യം
Daily News
ഇപ്പോള്‍ പ്രണയം തോന്നാത്തത് ഭാ­ഗ്യം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 7th January 2012, 10:53 am

love-jihad1 അനുഭവം/കെ എ മന്‍ ഓര്‍ക്കുമ്പോള്‍ എത്രമാത്രം ഭാഗ്യവാനായിരുന്നു ഞാനെന്ന് ഇപ്പോള്‍ തോന്നിപ്പോകുന്നു. അല്ലെങ്കില്‍ ഭാഗ്യം എന്ന വാക്ക് ജീവിതത്തില്‍ ഇന്നോളം തുണച്ചിട്ടില്ലാത്ത, നിര്‍ഭാഗ്യങ്ങള്‍ മാത്രം സദാ കൂട്ടുകാരനായിരുന്ന എന്നെക്കുറിച്ച് വര്‍ഷങ്ങള്‍ക്കുശേഷം എനിക്കുതന്നെ ഇങ്ങനെ മാറ്റിപ്പറയേണ്ടിവരുമായിരുന്നില്ല. ഇപ്പോഴും നിര്‍ഭാഗ്യങ്ങള്‍ വിട്ടൊഴിയാതെ പിന്തുടരുമ്പോഴും “ഭാഗ്യവാന്‍” എന്ന വിശേഷണം തന്നെ ഈ ചരിത്രനിമിഷത്തില്‍ ഞാന്‍ എന്റെ പേരില്‍ പതിച്ചെടുക്കുകയാണ്. പത്തു വര്‍ഷം മുമ്പ് കാമ്പസിന്റെ അതിരുകള്‍ക്കകത്ത് പ്രണയത്തിന്റെ കടലേറ്റത്തില്‍ സ്വയം മറന്നു മുങ്ങിയുയരുമ്പോള്‍ പ്രണയത്തിന്റെ നേരേ “ജിഹാദ്” (Jihad) എന്ന ചോദ്യം ചാട്ടുളിപോലെ ആരും എഴുതിവെച്ചിരുന്നില്ല. അല്ലായിരുന്നെങ്കില്‍ ഞാനുമൊരു “ലൗ ജിഹാദി”യായി (Love Jihad) ഏതെങ്കിലും മാഗസിന്റെ വൃത്തിഹീനമായ താളില്‍ വന്നുവീഴില്ലായിരുന്നുവെന്ന് ആരു കണ്ടു….. കാരണം, അത് രണ്ടുപേര്‍ മനസ്സില്‍ ഒളിപ്പിച്ചുവെച്ച് ആരോടും പറയാതെ കൊണ്ടുനടന്ന ഒരു പ്രണയമായിരുന്നില്ല(Love). പ്രായത്തിന്റെ ചാപല്യവുമായിരുന്നില്ല. ബിരുദവും ബിരുദാനന്തര ബിരുദവും ജേര്‍ണലിസവും കഴിഞ്ഞ് ബി.എഡ് പഠിക്കാനിറങ്ങുമ്പോള്‍ പ്രായം ചാപല്യങ്ങള്‍ തീര്‍ത്ത് കാലില്‍ കുരുങ്ങിയിരുന്നില്ല. ഇവര്‍ വിവാഹത്തിലേ അവസാനിക്കൂ എന്ന് കൂട്ടുകാര്‍ വിധിയെഴുതുമ്പോള്‍ ഞാനൊരു മുസ്‌ലിമാണെന്നോ അവള്‍ ഒരു ക്രിസ്ത്യാനിയാണെന്നോ ആരും ചിന്തിച്ച് പ്രായോഗികതയോര്‍ത്ത് തലപുണ്ണാക്കിയിരുന്നില്ല. അധ്യാപകരും സഹാഠികളും ആശീര്‍വാദം ചൊരിയുമ്പോള്‍ ഞാന്‍ അഞ്ചുനേരം നിസ്‌കരിക്കുന്നവനും മുപ്പത് നോമ്പ് മുറതെറ്റാതെ എടുക്കുന്നവനുമാണെന്ന് അവള്‍ ഞായറാഴ്ചകളില്‍ പള്ളിയില്‍ പോകുന്നവളാണെന്നും അള്‍ത്താരയ്ക്ക് മുന്നില്‍ മുട്ടിപ്പായി പ്രാര്‍ഥിക്കുന്നവളാണെന്നും അവരാരും ചിന്തിച്ചതേയില്ല. ഞായറാഴ്ച അവളും കൂട്ടുകാരികളും കുര്‍ബാന കഴിഞ്ഞു പള്ളിയില്‍നിന്ന് പുറത്തുവരുമ്പോള്‍ “ഇയാളെന്താ ഇവിടെ കറങ്ങിനില്‍ക്കുന്നത്” എന്ന് ആരും ചോദിച്ചിരുന്നില്ല. അവളെ നേരേ മുന്നില്‍ കൊണ്ടുനിര്‍ത്തുമ്പോള്‍ ഉമ്മ പറഞ്ഞു: “”നല്ല കുട്ടി””… ഒരുപക്ഷേ, അതിനപ്പുറം ഒന്നുമറിയാനുള്ള ലോകപരിചയം ഉമ്മക്കുണ്ടായിരുന്നില്ല…. “ജോലി കിട്ടിയാല്‍ ഉടന്‍ കല്യാണം കഴിക്കുമോടാ?” എന്ന കൂട്ടുകാരന്റെ ചോദ്യത്തില്‍ സംശയങ്ങളല്ല താമസം വരുത്തരുതെന്ന താക്കീത് മാത്രമായിരുന്നു. എന്നിട്ടും, എല്ലാം പറഞ്ഞുറപ്പിച്ച് കാമ്പസ് പിരിഞ്ഞു. വീര്‍പ്പുമുട്ടലും അനിശ്ചിതത്വങ്ങളും ബാക്കിയായിരുന്നു. മഴ തെറ്റിത്തെറിച്ചു വീഴുന്ന ഒരു വെളുപ്പാന്‍കാലത്ത് ഒരിക്കലും കൂട്ടിമുട്ടാത്ത പാളത്തിലൂടെ ഒരു തീവണ്ടിപ്പാച്ചിലായി അവള്‍ പോയി; ആള്‍ത്തിരക്കിനു മുകളിലൂടെ ആടിക്കളിക്കുന്ന ഒരു വെളുത്ത കൈയായി അവള്‍ അകന്നുപോയി. പോകുമ്പോള്‍ അച്ഛനോട് ചോദിച്ചിട്ടുവന്ന് പറയാം എന്നു മാത്രം അവള്‍ പറഞ്ഞു. ആ വഴിയില്‍ ഒരു ശിലാപ്രതിമപോലെ എത്രനാള്‍ കാത്തുനിന്നു?. പിന്നീടൊരിക്കല്‍ ട്രെയിനില്‍ കടന്നുപോകുമ്പോള്‍ ആരോ വായിച്ചെറിഞ്ഞ ഒരു ഞായറാഴ്ച പത്രത്തിന്റെ താളില്‍ അവള്‍ എന്നെ നോക്കി ചിരിച്ചു. ഒപ്പം അവളുടെ കൈപിടിച്ച് ജീവിതത്തിലേക്ക് കടന്ന അയാളുടെ ചിത്രവും. കാമ്പസില്‍ ഞാനൊരാള്‍ മാത്രമായിരുന്നില്ല പ്രണയത്തിന് മതത്തിന്റെയും ജാതിയുടെയും മതില്‍ക്കെട്ടുകള്‍ തകര്‍ത്തത്. അതില്‍ ജീവിതത്തിലും തുടര്‍ച്ച പ്രാപിച്ചവരും ഉണ്ടായിരുന്നു. പാതിവഴിയില്‍ ഉടഞ്ഞുപോയ ഞങ്ങള്‍ ചിലരും. പ്രണയത്തിന്റെ ഇടനാഴിയില്‍ ഒരിക്കല്‍ അവള്‍ ചോദിച്ചിരുന്നു “തനിക്ക് ക്രിസ്ത്യാനിയാകാമോ?” എന്ന്. കൂട്ടുകാരിയെക്കൊണ്ട് അവള്‍ ചോദിപ്പിക്കുകയായിരുന്നു. ഇന്നായിരുന്നെങ്കില്‍ അവളെ ഏത് “ജിഹാദി”(Jihad) ആയി വിശേഷിപ്പിക്കുമായിരുന്നു?. മതവും ജാതിയും പ്രണയത്തിന്റെ മാനദണ്ഡങ്ങളല്ല എന്ന് പ്രണയിച്ചവര്‍ക്കേ അറിയു. പരകോടിയില്‍ പ്രായോഗികമാക്കാന്‍ വഴിതേടുമ്പോള്‍ തടസ്സവാദങ്ങളുമായിട്ടാണ് മതവും ജാതിയും പുറപ്പെട്ടിറങ്ങുക. അപ്പോള്‍ മാത്രമേ അവനവന്റെ മതത്തെക്കുറിച്ചും ജാതിയെക്കുറിച്ചും ചിന്തിക്കുകയുള്ളു. ഓര്‍ക്കുമ്പോള്‍ അത് ആദ്യത്തെ പ്രണയമായിരുന്നില്ല. സത്യത്തില്‍ പ്രണയം ബസ്സ് കാത്തുള്ള ഒരു നില്‍പ്പാണ്. ഒന്നു കിട്ടിയില്ലെങ്കിലോ നിര്‍ത്തിയില്ലെങ്കിലോ യാത്ര ആരും വേണ്ടെന്ന് വെക്കില്ലല്ലോ… കഴിഞ്ഞുപോയതും കൊഴിഞ്ഞുപോയതുമായ എല്ലാ പ്രണയങ്ങളിലെയും നായികമാരുടെ ജാതിയും മതവും ഇപ്പോഴാണ് സത്യത്തില്‍ ഓര്‍ക്കാന്‍ തോന്നുന്നത്. അതും ഈ ജിഹാദ് എന്ന പേരു കേട്ടപ്പോള്‍… അവരെല്ലാം മറുമതക്കാര്‍ ആയിരുന്നുവെന്ന് ഇപ്പോള്‍ ഒരു ഞെട്ടലോടെ ഓര്‍ക്കുന്നു. അല്ലെങ്കില്‍, ക്രിസ്ത്യാനിയും ഹിന്ദുവുമൊക്കെയായ പെണ്‍കുട്ടികളെ പ്രണയിച്ച ഞാനും ക്രിസ്ത്യാനിയാകാമോ എന്നു ചോദിച്ച അവളും തീവ്രവാദിയും “ലൗ ജിഹാദി”യും (Love Jihad) ഒക്കെയായി പത്രവാര്‍ത്തകളില്‍ പിടികിട്ടാപ്പുള്ളികളായി മലര്‍ന്നു കിടക്കുമായിരുന്നില്ലേ? കാരണം, ഓര്‍ക്കുട്ടില്‍ 18,103 അംഗങ്ങളുള്ള Beware of Roman Catholic fanaticism എന്ന കമ്മ്യുണിറ്റി മുന്നറിയിപ്പ് കൊടുത്തിരിക്കുന്നതു കണ്ടപ്പോള്‍ ഭയം ഇരട്ടിക്കുകയാണ്…. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ക്രിസ്ത്യാനികള്‍ അംഗങ്ങളായ കമ്മ്യൂണിറ്റി നിലവിളിക്കുന്നത് നമ്മുടെ പെണ്‍പിള്ളേരെ പ്രണയിച്ച് മതംമാറ്റാന്‍ (Religious Conversion) മറ്റു മതക്കാര്‍ വരുന്നു എന്നല്ല. ക്രിസ്ത്യാനികളിലെ പ്രബല വിഭാഗങ്ങളില്‍ ഒന്നായ റോമന്‍ കത്തോലിക്കര്‍ വലവീശി വിളിക്കുന്നുവെന്നാണ്. ക്രിസ്ത്യാനിയാകാമോ? എന്ന അവളുടെ ചോദ്യത്തെ ഈ നിമിഷംവരെ ഞാന്‍ സംശയിച്ചിട്ടില്ല. വീട്ടില്‍പോയി അവള്‍ പറഞ്ഞു വിജയിക്കാന്‍ കഴിയാതെ പരാജയപ്പെടുകയായിരുന്നുവെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം, ഇപ്പോഴും ഞാന്‍ അവളെ പ്രണയിക്കുന്നുണ്ട്. പാബ്ലോ നെരൂദ പറഞ്ഞപോലെ അവള്‍ സഹിപ്പിച്ച ദുഃഖശതങ്ങളില്‍ ഒടുവിലത്തെ സഹനമായിരുന്നുവെങ്കിലും ഇപ്പോഴും ഞാനവളെ പ്രണയിക്കുന്നു…. ഇങ്ങനെയൊക്കെ പണ്ടായിരുന്നെങ്കില്‍ അവളെ ഞാനും ഞാന്‍ അവളെയും സംശയിച്ചുപോകുമായിരുന്നുവല്ലോ എന്നാലോചിക്കുമ്പോള്‍ ഇന്ന് ആരെയും പ്രണയിക്കാന്‍ കഴിയാത്തതില്‍ ഭാര്യയും മക്കളുമുള്ള ഞാന്‍ ചില്ലറയൊന്നുമല്ല ആശ്വസിക്കുന്നത്. ഒന്നുകൂടി പറഞ്ഞോട്ടെ…. പ്രണയം മറയാക്കി മതത്തിലേക്ക് ആളെ റിക്രൂട്ടു ചെയ്യാന്‍ വരുന്നുവെന്ന് അലറി കരയുന്നവര്‍ക്കും അത് വലിയ വായില്‍ വാര്‍ത്തയാക്കി അന്തം വിട്ടുനില്‍ക്കുന്ന ക്ണാപ്പന്‍മാര്‍ക്കൊന്നും പ്രണയം എന്താണ് എന്നറിയില്ല. അല്ലെങ്കില്‍ ആരെയും പ്രേമിക്കാന്‍ കഴിയാതെയും ആരാലും പ്രേമിക്കപ്പെടാതെ പോവുകയും ചെയ്തതിന്റെ frustration അവരെ കീഴടക്കുന്നതുകൊണ്ടാണ്… ഇവരെ ആരെങ്കിലും ഒന്ന് കേറി പ്രേമിച്ചിരുന്നെങ്കില്‍………..

ലൗ ജി­ഹാ­ദ്, ന­ക്‌­സല്‍ വേട്ട, ഓഹ­രി ക­മ്പോ­ളം…

(2009 ഒക്ടോബര്‍ 16 ന് ഡൂള്‍ന്യൂസ്  പ്രസിദ്ധീകരിച്ചത്) Key Words: Love Jihad, Love Bomb, Love Marriage, Malayala Manorama, Malayalamanorama, Kerala Kaumudi, Kerala Kaumudi, Keralakoumudi, Kerala Catholic Bishop Council, KCBC, Kerala Police, Justice K T Sankaran